ഇന്ത്യയിലെ എണ്ണ ഡിമാന്റ് എട്ട് ശതമാനം ഉയരുമെന്ന് റിപ്പോര്‍ട്ട്

ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവായ ഇന്ത്യയുടെ എണ്ണ ആവശ്യകതയില്‍ പ്രതിദിനം 0.39 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയ്‌ലിന്റെ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Update: 2022-03-18 06:17 GMT

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നുള്ള തിരിച്ചുവരവിന്റെ ഫലമായി 2022 ല്‍ ഇന്ത്യയുടെ എണ്ണ ആവശ്യകത 8.2 ശതമാനം ഉയര്‍ന്ന് പ്രതിദിനം 5.15 ദശലക്ഷം ബാരലാകുമെന്ന് റിപ്പോര്‍ട്ട്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് അതിന്റെ ഏറ്റവും പുതിയ പ്രതിമാസ എണ്ണ വിപണി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവായ ഇന്ത്യയുടെ എണ്ണ ആവശ്യകതയില്‍ പ്രതിദിനം 0.39 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയ്‌ലിന്റെ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ എണ്ണ ആവശ്യകത 2020 ലെ പ്രതിദിനം 4.51 ദശലക്ഷം ബാരല്‍ എന്നതില്‍നിന്ന് 2021-ല്‍ 4.76 ദശലക്ഷം ബിപിഡി (ബാരല്‍ പെര്‍ ഡേ) ഉയര്‍ന്നു. അതായത് 2021 ല്‍ എണ്ണ ആവശ്യകതയിലുണ്ടായത് 5.61 ശതമാനത്തിന്റെ വര്‍ധന. എന്നാല്‍, ഈ വര്‍ധനവ് കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ കുറവായിരുന്നു. 2018-ലെ എണ്ണ ആവശ്യം 4.98 ദശലക്ഷം ബിപിഡി ആയിരുന്നു. 2019 ല്‍ ഇത് 4.99 ദശലക്ഷം ബിപിഡി ആയി വര്‍ധിച്ചു.

സര്‍ക്കാരിന്റെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ഒപെക്കിന്റെ വിലയിരുത്തല്‍. എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്കനുസരിച്ച്, ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇന്ധന ആവശ്യകത 5.5 ശതമാനം വളരാന്‍ സാധ്യതയുണ്ട്. 2022-23 ലെ ഇന്ധന ഉപഭോഗം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന 203.2 ദശലക്ഷം ടണ്ണില്‍ നിന്ന് 214.5 ദശലക്ഷം ടണ്ണായി (4.3 ദശലക്ഷം ബിപിഡി) ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.


Tags:    

Similar News