നെടുമ്പാശേരി എയര്‍പോര്‍ട്ട് 29ന് തുറക്കും

Update:2018-08-22 14:54 IST

കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഈ മാസം 26ന് തുറക്കുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 29ലേക്ക് മാറ്റി. സിയാലില്‍ ഇന്നുചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. പ്രളയം വിമാനത്താവളത്തിലെ 90 ശതമാനത്തോളം ജീവനക്കാരെ ബാധിച്ചതും മറ്റു സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ ബുദ്ധിമുട്ടും കാരണമാണ് മൂന്ന് ദിവസം കൂടി വൈകിപ്പിക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളം ഇതേവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. എന്നാല്‍ അതില്‍ തോല്‍ക്കാതെ ദുരന്തമുഖത്ത് അസാമാന്യമായ ഉള്‍ക്കരുത്തോടെ തിരിച്ചുവരവിന് തയാറെടുക്കുകയാണ് സിയാല്‍. വിമാനത്താവളത്തിലെ ടെര്‍മിനലുകളുടെ ഉള്ളിലെ വൃത്തിയാക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. റണ്‍വേ, ടാക്സിവേ, പാര്‍ക്കിംഗ് ബേ എന്നിവയില്‍ കയറിയ വെള്ളം പൂര്‍ണ്ണമായും ഇറങ്ങി.

റണ്‍വേയില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ രണ്ടുദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതത്വം ഉറപ്പുവരുത്താനായി റണ്‍വേയിലുള്ള മുഴുവന്‍ ലൈറ്റുകളും (ഏകദേശം 800ഓളം) അഴിച്ചെടുത്ത് പരിശോധിച്ചശേഷം പുനസ്ഥാപിക്കും. പ്രളയത്തില്‍ തകര്‍ന്ന 2600 മീറ്ററോളം ചുറ്റുമതില്‍ തകര്‍ന്നിരുന്നു. അത് പുനസ്ഥാപിക്കുകയെന്നത് വിമാനത്താവളത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. ചുറ്റുമതിലിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

റണ്‍വേയിലും മറ്റും വെള്ളം കയറിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 15നാണ് വിമാനത്താവളം അടച്ചത്. നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങ ള്‍ തീര്‍ത്ത് വിമാനത്താവളം തുറക്കാനുള്ള അക്ഷീണപ്രയത്നത്തിലാണ് ജീവനക്കാരും ഉദ്യോഗസ്ഥരും. നിസാരമായ നഷ്ടമല്ല പ്രളയത്തില്‍ വിമാനത്താവളത്തിന് ഉണ്ടായിരിക്കുന്നത്. 200-250 കോടി നഷ്ടമാണ് കണക്കാക്കുന്നത്. എയര്‍പോര്‍ട്ടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ തുക ഇന്‍ഷുറന്‍സ് കമ്പനി ലഭ്യമാക്കും.

പൂര്‍ണ്ണമായും സോളാര്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം കൂടിയാണ് സിയാല്‍. എന്നാല്‍ 20 ശതമാനത്തോളം സോളാര്‍ പാനലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ഏകദേശം 10 കോടിരൂപയാണ് ആവശ്യം. ഇപ്പോള്‍ 50 ശതമാനം കപ്പാസിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു മാസത്തോടെ കേടുപാടുകള്‍ തീര്‍ത്ത് എല്ലാം സാധാരണഗതിയിലാകും എന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പി.എസ് ജയന്‍ പറയുന്നു.

Similar News