രാജ്യത്ത് ഏറ്റവുമധികം ശമ്പള വർധന നേടുന്നത്  സാമാജികരും, ഉന്നത ഉദ്യോഗസ്ഥരും: ഐ.എൽ.ഒ

Update:2018-09-21 16:05 IST

1993 മുതൽ 2012 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഏറ്റവുമധികം ശമ്പള വർധന നേടിയത് സാമാജികരും ഉന്നത ഉദ്യോഗസ്ഥരും മാനേജർ പദവി വഹിക്കുന്നവരുമാണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ).

ഇക്കാലയളവിൽ ഇവരുടെ ഒരു ദിവസത്തെ ശരാശരി വേതനത്തിൽ ഉണ്ടായ വർദ്ധനവ് 98 ശതമാനമാണ്. 1993-94 ൽ 530 രൂപയായിരുന്നത് 2011–12 ൽ 1,052 രൂപയായി ഉയർന്നെന്നാണ് നാഷണൽ സാമ്പിൾ സർവെ ഓർഗനൈസേഷന്റെ (NSSO) കണക്കുദ്ധരിച്ച് ഐഎൽഒ റിപ്പോർട്ട് ചെയ്യുന്നത്.

പ്രൊഫെഷണലുകളുടെ വേതനം കൂടിയത് 90 ശതമാനമാണ്. എന്നാൽ ഈ രണ്ട് ദശകക്കാലം ഏറ്റവും കുറവ് വേതന വർധന ഉണ്ടായിരിക്കുന്നത് പ്ലാന്റ് ആൻഡ് മെഷിനറി ഓപ്പറേറ്റർമാർക്കാണ്. എല്ലാ വിഭാഗങ്ങളിലും കൂടി രാജ്യത്തെ ആകെ ശമ്പള വർധന 93 ശതമാനമാണ്.

സംസ്ഥാനങ്ങളുടെ നില പരിശോധിച്ചാൽ, കേരളം, ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാണ എന്നിവയാണ് ഏറ്റവുമധികം തൊഴിൽ പ്രതിഫലം നൽകുന്ന സംസ്ഥാനങ്ങൾ. ഏറ്റവും കുറവ്: ഉത്തർപ്രദേശ്, ആസാം,മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തിസ്‌ഗഡ് (നഗരപ്രദേശങ്ങളിൽ); ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്‌ഗഡ് (ഗ്രാമപ്രദേശങ്ങളിൽ).

വേതനം കൃത്യമായി വിതരണം ചെയ്യുന്നതിന് കേരളം ഒരു ഇലക്ട്രോണിക് മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സംവിധാനം രാജ്യത്ത് എല്ലായിടത്തും നടപ്പാക്കാവുന്നതാണെന്നും ഐഎൽഒ വിലയിരുത്തി.

Similar News