വില്‍പ്പന വളര്‍ച്ചയില്‍ തിളങ്ങി നോക്കിയ

ആഗോള വിപണിയില്‍ വില്‍പ്പന 11% ഉയര്‍ന്നു; ഇന്ത്യയില്‍ 129% വര്‍ധന

Update:2023-01-27 10:48 IST

image: @twitter.com/nokia

നോക്കിയ 2021-2022 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വാര്‍ഷിക വില്‍പ്പനയില്‍ 129 ശതമാനം വര്‍ധനവോടെ 56.8 കോടി യൂറോ (ഏകദേശം 5043 കോടി രൂപ) രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 24.8 കോടി യൂറോയായിരുന്നു (ഏകദേശം 2203 കോടി രൂപ). വില്‍പ്പനയിലെ ശക്തമായ വളര്‍ച്ചയോടെ അവലോകന പാദത്തില്‍ ഇന്ത്യ ഉള്‍പ്പടെ വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന, ഏഷ്യാ-പസഫിക് എന്നിങ്ങനെ മറ്റെല്ലാ വിപണികളിലും കമ്പനി ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു.

ആഗോള വിപണിയില്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നോക്കിയ ഉപകരണങ്ങളുടെ വില്‍പ്പന 11 ശതമാനം വര്‍ധിച്ച് 745 കോടി യൂറോ (ഏകദേശം 66,224 കോടി രൂപ) ആയി. ഈ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 27 ശതമാനം ഉയര്‍ന്ന് 115.4 കോടി യൂറോയയായി (ഏകദേശം 10,245 കോടി രൂപ). നോക്കിയയുടെ ആഗോള തലത്തിലുള്ള വാര്‍ഷിക വരുമാനത്തില്‍ ഇന്ത്യ 5 ശതമാനം സംഭാവന ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് നെറ്റ്‌വർക്ക് വിതരണത്തിന് സഹായിക്കുന്ന പ്രധാന പങ്കാളിയാണ് നോക്കിയ. 5ജി വിന്യാസം വ്യാപിച്ചതോടെയാണ് നോക്കിയ ഈ വളര്‍ച്ച നേടിയത്. രാജ്യത്ത് 5ജി വിന്യാസത്തിനായി ബേസ് സ്റ്റേഷനുകള്‍, ഉയര്‍ന്ന ശേഷിയുള്ള 5ജി ആന്റിനകള്‍, നെറ്റ്‌വർക്ക് സോഫ്റ്റ്‌വെയർ, റിമോട്ട് റേഡിയോ ഹെഡ്സ് എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ജിയോയില്‍ നിന്നും എയര്‍ടെല്ലില്‍ നിന്നും നോക്കിയ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Tags:    

Similar News