പണലഭ്യത ഉറപ്പാക്കാൻ ആർ.ബി.ഐ നടപടി 

Update:2018-09-27 15:57 IST

പണലഭ്യത സംബന്ധിച്ച ആശങ്കകൾ വിപണിയിൽ പിടിമുറുക്കുന്നതിനിടെ ബാങ്കുകൾക്ക് ആവശ്യത്തിന് ലിക്വിഡിറ്റി ഉറപ്പാക്കാൻ റിസർവ് ബാങ്ക് രംഗത്ത്.

ആർ.ബി.ഐ വ്യാഴാഴ്ച പുറത്തിറക്കിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ബാങ്കുകൾക്ക് 'ഹൈ-ക്വാളിറ്റി ലിക്വിഡ് അസ്സെറ്റ്സ്' (HQLAs) ആയി കണക്കാക്കാവുന്ന ഗവണ്മെന്റ് സെക്യൂരിറ്റികളിലുള്ള നിക്ഷേപത്തിന്റെ അളവ് ഉയർത്തി.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഹൈ ക്വാളിറ്റി ലിക്വിഡ് അസ്സെറ്റ്സ് ആയി കണക്കാക്കാവുന്ന എസ്.എൽ.ആർ (SLR) സെക്യൂരിറ്റികളുടെ വിഹിതം 13 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി. ഇതോടെ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ അധികം ലിക്വിഡിറ്റി ഉടൻ വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ ഒന്നുമുതൽ എഫ്.എ.എൽ.എൽ. സി.ആർ 11 ശതമാനത്തിൽ നിന്ന് 13 ശതമാനമാക്കി ഉയർത്തുകയും ചെയ്യും.

ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (ഓപ്പൺ മാർക്കറ്റിൽ ഗവണ്മെന്റ് സെക്യൂരിറ്റികൾ വില്പനയും വാങ്ങലും നടത്തുന്ന പ്രക്രിയ) വരുന്ന ആഴ്ചകളിലും ഉണ്ടാകും എന്ന് ആർ.ബി.ഐ അറിയിച്ചു.

ഇതുകൂടാതെ 1.88 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റി ടേം റിപ്പോ വഴി ബാങ്കുകൾക്ക് നൽകിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് അറിയിച്ചു. ലിക്വിഡിറ്റി അഡ്ജസ്റ്മെന്റ് ഫെസിലിറ്റിക്ക് (LAF) കീഴിൽ നൽകിയത് കൂടാതെയാണിത്.

ഐ.എല്‍ & എഫ്.എസിലെ പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ വലിയ സമ്മര്‍ദം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Similar News