Economy

ഇനി നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ മുഴുവന്‍ തുകയും കിട്ടിയേക്കില്ല, ആർബിഐ നയത്തിൽ മാറ്റം

Dhanam News Desk

കേടുവന്നതോ കീറിയതോ ആയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള നിയമത്തില്‍ ഭേതഗതിവരുത്തി റിസര്‍വ് ബാങ്ക്. ഇനി 2000, 200 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ നോട്ടുകളുടെ കേടുപാടുകളുടെ വ്യാപ്തി അനുസരിച്ചാണ് മൂല്യം കണക്കാകുക.

200, 2000 രൂപയുടെ നോട്ടുകളും മഹാത്മാഗാന്ധി സീരീസിലുള്ള 10, 20, 50, 100 രൂപ നോട്ടുകളും മാറ്റിയെടുക്കുമ്പോള്‍ ഈ നിയമം ബാധകമാകും.

നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള 2009ലെ നിയമത്തിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. നിലവിലുണ്ടായിരുന്ന നോട്ടുകളേക്കാള്‍ വലിപ്പം കുറവായതിനാല്‍ 200, 2000 രൂപയുടെ നോട്ടുകള്‍ക്കും മഹാത്മാഗാന്ധി സീരീസിലുള്ള മറ്റ് നോട്ടുകള്‍ക്കും പഴയ നോട്ട് മാറ്റിയെടുക്കല്‍ നിയമം ബാധകമായിരുന്നില്ല.

നിയമത്തിലെ അപര്യാപ്തത മൂലം വളരെ ചെറിയ കേടുപാടുകള്‍ ഉള്ള നോട്ടുകള്‍ പോലും സ്വീകരിക്കാന്‍ ആളുകള്‍ തയാറാകാത്ത സാഹചര്യമുണ്ടാവകയും ഇത്തരം നോട്ടുകള്‍ കുമിഞ്ഞു കൂടുകയും ചെയ്തിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാനാണ് ആര്‍ബിഐ നോട്ട് നിരോധനത്തിനു ശേഷം ഇറങ്ങിയ നോട്ടുകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നത്.

പുതിയ നിയമം അനുസരിച്ച് 88 ശതമാനത്തില്‍ കൂടുതല്‍ കേടുവരാത്ത ഭാഗം ഉള്ള 2000 രൂപ നോട്ടുകള്‍ക്ക് മുഴുവന്‍ മൂല്യവും ലഭിക്കും. പകുതി മൂല്യം ലഭിക്കണമെങ്കില്‍ നോട്ടിന്റെ 44 ശതമാനം കേടുപറ്റാത്തതായി ഉണ്ടാവണം.

200 രൂപാ നോട്ടുകളുടെ കാര്യത്തിലാണെങ്കില്‍ കേടുസംഭവിക്കാത്ത 78 ശതമാനം ഭാഗമുണ്ടെങ്കില്‍ മാത്രമേ മുഴുവന്‍ മൂല്യം നല്‍കൂ. പകുതി മൂല്യം ലഭിക്കണമെന്നുണ്ടെങ്കില്‍ 39 ശതമാനം കേടില്ലാത്ത ഭാഗമുണ്ടായിരിക്കണം.

കേടുപറ്റിയ മഹാത്മാഗാന്ധി സീരീസിലുള്ള 100 രൂപ നോട്ടുകള്‍ മാറ്റിയെടക്കുമ്പോള്‍ 75 ശതമാനം കേടു സംഭവിക്കാത്ത നോട്ടുകള്‍ക്കാണ് പൂര്‍ണ തുക വിതിച്ചു കിട്ടുക. 38 ശതമാനം കേടുവരാത്ത ഭാഗമുണ്ടെങ്കില്‍ പകുതി മൂല്യം ലഭിക്കും. 50 രൂപ നോട്ടുകള്‍ക്ക് ഇത് യഥാക്രമം 72 ശതമാനവും 36 ശതമാനവുമാണ്.

ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ളതില്‍ കൂടുതല്‍ കേടുപാടുകള്‍ ഉള്ള നോട്ടുകള്‍ക്ക് മൂല്യമൊന്നും ലഭിക്കുകയുമില്ല.

പുതിയ ഭേതഗതി പ്രകാരം ബാങ്കുകള്‍ മാറ്റിനല്‍കാന്‍ തയ്യാറാകാത്ത നോട്ടുകള്‍ ആര്‍ബിഐ ഓഫീസുകളിലോ നിര്‍ദ്ദിഷ്ട ശാഖകളിലോ മാറ്റിയെടുക്കാനാകും.

നിയമം ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT