ഒടുവില്‍ എസ്ബിഐയും; റഷ്യയുമായി രൂപയില്‍ ഇടപാട് നടത്തും

യൂറോപ്യന്‍ ഉപരോധം ഭയന്ന് റഷ്യയുമായുള്ള ഇടപാടിന് എസ്ബിഐ അടക്കമുള്ള വലിയ ബാങ്കുകള്‍ നേരത്തെ തയ്യാറായിരുന്നില്ല

Update:2022-12-22 12:30 IST

റഷ്യയുമായി രൂപയില്‍ വ്യാപാരം നടത്താന്‍ എസ്ബിഐ ഇടനിലക്കാരാവും. എസ്ബിഐയെക്കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്കും റഷ്യയുമായുള്ള ഇടപാടുകള്‍ക്ക് അവസരമൊരുക്കും എന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഉപരോധം ഭയന്ന് റഷ്യയുമായുള്ള ഇടപാടിന് എസ്ബിഐ അടക്കമുള്ള വലിയ ബാങ്കുകള്‍ നേരത്തെ തയ്യാറായിരുന്നില്ല. കേന്ദ്രത്തിന്റെയും ആര്‍ബിഐയുടെയും ഇടപെടലിനെ തുടര്‍ന്നാണ് നിലപാടില്‍ മാറ്റമെന്നാണ് വിവരം.

റഷ്യന്‍ ബാങ്കായ സെനിറ്റ് പിജെഎസിന് എസ്ബിഐയില്‍ രൂപി വോസ്‌ട്രോ അക്കൗണ്ട് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒമ്പത് ബാങ്കുകളിലായി റഷ്യന്‍ വ്യാപാരത്തിനായി ഇത്തരം 17 അക്കൗണ്ടുകള്‍ക്കാണ് ഇതുവരെ ആര്‍ബിഐ അനുമതി ലഭിച്ചത്. ഉപരോധം നേരിടാത്ത റഷ്യന്‍ ബാങ്കുകളുമായി ഇടപാട് നടത്താനാണ് ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. റഷ്യന്‍ ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി എസ്ബിഐ രൂപയില്‍ വ്യപാരം ആരംഭിക്കും. എസ്ബിഐ മൗറീഷ്യസ്, പീപ്പിള്‍സ് ബാങ്ക് ഓഫ് ശ്രീലങ്ക എന്നിവര്‍ എസ്ബിഐയില്‍ വോസ്ട്രോ അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്.

30-35 രാജ്യങ്ങള്‍ രൂപയില്‍ ഇടപാട് നടത്താന്‍ താല്‍പ്പര്യം അറിയിച്ചതായി ഈ മാസം ആദ്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോളര്‍ ക്ഷാമം നേരിടുന്ന ചെറിയ രാജ്യങ്ങളാണ് പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്താന്‍ താല്‍പ്പര്യപ്പെടുന്നത്. രൂപയിലെ ഇടപാട് നടത്തുന്നത് വിശദീകരിച്ച് ക്യാംപെയിനുകള്‍ നടത്താന്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനോട് (IBA) ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് രൂപയില്‍ വ്യപാരം നടത്തുന്ന കാര്യം കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ ഇടാപാടുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തിന് സാധിച്ചിട്ടില്ല.

Tags:    

Similar News