ക്രൂഡ് ഓയിൽ പ്രവചനങ്ങൾ ഫലിക്കാറുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്?

2008 ൽ ക്രൂഡ് ഓയിൽ വീപ്പക്ക് 200 ഡോളറിലേക്ക് ഉയരുമെന്ന് പ്രവചിച്ചത് ഇതുവരെ എത്തിയില്ല , $ 380 പുതിയ പ്രവചനം

Update: 2022-07-06 03:30 GMT

ക്രൂഡ് ഓയിൽ വില 380 ഡോളർ വരെ ഉയരുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ വിദഗ്ദ്ധർ പ്രവചിക്കുന്നു. റഷ്യ-യുക്രയ്ൻ യുദ്ധം തുടരുന്നതും റഷ്യക്ക് ക്രൂഡ് ഉൽപ്പാദനം ഒരു ദിവസം 5 ദശലക്ഷം വീപ്പകൾ വരെ കുറക്കാനുള്ള സാമ്പത്തിക സ്ഥിതി ഉള്ളതുകൊണ്ടും ക്രൂഡ് ഓയിൽ വില കുതിച്ച് ഉയരുമെന്നാണ് ജെ പി മോർഗനിലെ ഗവേഷകരുടെ നിഗമനം.

ക്രൂഡ് ഓയിൽ ഉയുരുമ്പോൾ അത്തരം പ്രവചങ്ങൾ ആദ്യമായിട്ടല്ല വരുന്നത്. 2008 മെയ് യിൽ ക്രൂഡ് ഓയിൽ വില 200 ഡോളറിലേക്ക് ഉടൻ കുത്തിക്കുമെന്ന് പ്രവചനം വന്നു. ഗോൾഡ് മാൻ സാക്‌സ് എന്ന ധനകാര്യ സ്ഥാപനത്തിലെ അനലിസ്റ്റായ അർജുൻ മൂർത്തിയാണ് ഇത് പ്രവചിച്ചത്. അതിനും ഏതാനും വർഷങ്ങൾക്ക് മുൻപ് ഓയിൽ വില 100 ഡോളർ എത്തുമെന്ന് പ്രവചിച്ചതോടെ താര പരിവേഷം ലഭിച്ച വ്യക്തിയായിരുന്നു അർജുൻ മൂർത്തി. 2008 ലെ അദ്ദേഹത്തിൻറെ പ്രവചനം പാളി. ഇതെ സ്ഥാപനം 2008 ഡിസംബറിൽ ഓയിൽ വില അടുത്ത വർഷം ആദ്യം 45 ഡോളറിലേക്ക് താഴുമെന്ന് പുതിയ പ്രവചനം നൽകേണ്ടി വന്നു. ഓയിൽ ഡിമാൻറ്റ് ഉയരാൻ സാധ്യത ഇല്ലെന്നതാണ് കാരണമായി പറഞ്ഞത്. എന്നാൽ അവരുടെ ആദ്യ പ്രവചനം നടത്തിയപ്പോൾ നൽകിയ കാരണം ആഗോള ഡിമാൻറ്റ് ഉയരുന്നതും ഒപേക്ക് (OPEC) സംഘടനയിൽ പെടാത്ത എണ്ണ ഉൽപ്പാദന രാജ്യങ്ങൾ ഉൽപ്പാദനം കുറക്കുന്നതുമാണ്.
പല കാരണങ്ങൾ കൊണ്ടും ക്രൂഡ് ഓയിൽ വില മറ്റ് പല ഉൽപ്പന്നങ്ങളെ അപേക്ഷിച്ചു പ്രവചിക്കുക അത്ര എളുപ്പമല്ല. ക്രൂഡ് ഓയിൽ വിലകൾ നിശ്ചയിക്കപ്പെടുന്നത് വെറും ഡിമാൻറ്റ് വിതരണം (supply) അനുസരിച്ചു മാത്രമല്ല. ക്രൂഡ് ഓയിൽ നിക്ഷേപക ഡിമാൻറ്റ്, അവധി വ്യാപാരത്തിലെ ഊഹക്കച്ചവടക്കാരുടെ നീക്കങ്ങൾ തുടങ്ങിയവയും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും. ഇത് കൂടാതെയാണ് ഡോളർ മൂല്യത്തിൽ വരുന്ന വ്യതിയാനങ്ങൾ.
ക്രൂഡ് ഓയിലിൻറ്റെ രണ്ട് അന്താരാഷ്ട്ര ബെഞ്ച്മാർക്ക് വിലകളാണ് - ഐ സി ഇ (ICE) ബ്രെൻറ്റ് ക്രൂഡും, ഡബ്ല്യൂ ടി ഐ (WTI-Western Texas Intermediate). ആദ്യത്തേത് യൂറോപ്യൻ വിപണിയും, രണ്ടാമത്തെത് അമേരിക്കൻ വിപണി യുമാണ്. ലോകത്ത് അവധി വ്യാപാരത്തിൽ ഏറ്റവും അധികം ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത് ഐ സി ഇ ബ്രെൻറ്റ് ക്രൂഡിലാണ്. അമേരിക്കൻ വില യൂറോപ്പിനെ ക്കാൾ പൊതുവെ താഴ്ന്നിരിക്കും

ഏതൊരു ഉൽപ്പന്നത്തിൻറ്റെയും വില വർധിക്കുമ്പോൾ ഉൽപ്പാദനം കൂട്ടാൻ ഉൽപ്പാദകർ മത്സരിക്കും, തുടർന്ന് വിലയിൽ ഇടിവുണ്ടാകും. ഇത് തന്നെയാണ് മുൻപും സംഭവിച്ചിട്ടുള്ളത്. ക്രൂഡ് ഓയിൽ വില 2008 ൽ കുറിച്ച റെക്കോർഡ് വില മറികടക്കാൻ സാധിക്കാത്തതും അത് കൊണ്ടാണ് .
റഷ്യയുടെ എണ്ണക്ക് എതിരെ ജി -7 രാഷ്ട്രങ്ങൾ ഉപരോധം ഏർപെടുത്തിയെങ്കിലും ആഗോള മാന്ദ്യ ഭയം നേരിടുന്ന സാഹചര്യത്തിൽ എണ്ണ ഡിമാൻറ്റ് ഉയരാൻ സാധ്യത ഇല്ലെന്നും വിദഗ്ദ്ധർ കരുതുന്നു.
വിപണിയുടെ ദിശ മനസിലാക്കാൻ സഹായിക്കുന്നത് ക്രൂഡ് ഓയിൽ അവധി വ്യാപാരത്തിൽ നിക്ഷേപകരുടെ നീക്കങ്ങളാണ്. നിലവിൽ കച്ചവടക്കാർ ബുള്ളിഷ് ലോങ്ങ് പൊസിഷനുകളിൽ നിന്ന് പിൻവാങ്ങുകയാണ്. 9 ദശലക്ഷം ഡോളർ മൂല്യമുള്ള ലോങ്ങ് അവധി വ്യാപാര കോൺട്രാക്ടുകളാണ് ജൂൺ 28 ൽ അവസാനിച്ച വാരത്തിൽ അവർ വിറ്റഴിച്ചത്. ജൂൺ മാസത്തിൽ അവസാന മൂന്ന് ആഴ്ചകളിൽ ബിയറിഷ് ഷോർട്ട് പൊസിഷനുകൾ 5 ദശലക്ഷം കോൺട്രാക്ടുകൾ ഊഹക്കച്ചവടക്കാർ വാങ്ങി.
ആഗോള മാന്ദ്യം വരുമെന്ന് ഭയത്തിൽ ക്രൂഡ് ഓയിൽ ഡിമാൻറ്റ് കുറയുമെന്ന് കരുതുന്നതാവാം വില ഇടിയാൻ കാരണം.
മുൻകാല ചരിത്രം നോക്കിയാൽ ക്രൂഡ് ഓയിൽ കുതിച്ച് ഉയരുമെന്ന് പ്രവചനങ്ങൾ ഫലവത്തായിട്ടില്ല. ജെ പി മോർഗൻ റ്റെ 380 ഡോളർ പ്രവചനവും അങ്ങനെ തന്നെ കലാശിക്കാനാണ് സാധ്യത.




Tags:    

Similar News