സംസ്ഥാനത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ചൊവ്വാഴ്ചയെത്തും. എഡിബിയുടെ (ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്) പ്രതിനിധികളും ഇവർക്കൊപ്പമുണ്ടാകും.
സെപ്റ്റംബര്‍ 22 വരെ ഇരുപതു പേരടങ്ങുന്ന സംഘം ഓരോ ജില്ലയിലെയും പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും.
സംസ്ഥാനത്ത് മൊത്തം 20,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിൽ 5,000 കോടി രൂപ ദീര്‍ഘകാല തിരിച്ചടയ്ക്കല്‍ വ്യവസ്ഥയുള്ള വായ്പയായി ലോകബാങ്കിൽ നിന്ന് ലഭിക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
റോഡുകൾ, പാലങ്ങൾ തുടങ്ങി പ്രളയത്തിൽ നശിച്ച അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് വായ്പ കൊണ്ട് ലക്ഷ്യമിടുന്നത്.
ലോകബാങ്ക് ടീമിൽ ഹൈവേ എഞ്ചിനീയറിംഗ്, ജിയോ ടെക്നിക്കൽ വിദഗ്ദ്ധർ എന്നിവരുൾപ്പെടുമെന്നാണ് അറിയുന്നത്. പ്രളയത്തിൽ താറുമാറായ ആലപ്പുഴ -ചങ്ങനാശ്ശേരി എ.സി റോഡ് ലോകബാങ്ക് ഏറ്റെടുത്ത് പുനർനിർമ്മിക്കാൻ ആലോചനയുണ്ട്. നിലവിൽ ലോകബാങ്കിന്റെ സഹായത്താൽ നടപ്പിലാക്കുന്ന കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് ഫേസ്-2 പ്രൊജക്റ്റിൽ എ.സി റോഡും ഉൾപ്പെടുത്തും. റോഡിന്റെ ഉയരം കൂട്ടി പുനർനിർമ്മിക്കുന്നതിന് ഏകദേശം 90 കോടി രൂപയോളം ചെലവ് വരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ചെറുകിട വ്യവസായ മേഖലയ്ക്ക് എങ്ങനെ നഷ്ടപരിഹാരം നല്കാമെന്നതിന് വ്യവസായ വകുപ്പ് വിശദമായ പഠനം നടത്തുന്നുണ്ട്. ലോകബാങ്ക് സംഘത്തിന്റെ പഠനത്തിൽ ഇവയും ഉൾപ്പെടുത്തും.