2025 ഓടെ ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമി ഒരു ട്രില്യണ്‍ ഡോളറായി മാറുമെന്ന് പ്രധാനമന്ത്രി

കോവിഡ് പ്രതിസന്ധിയില്‍നിന്നുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ നയിച്ചത് ഡിജിറ്റല്‍ രംഗമെന്നും മോദി

Update: 2022-06-23 04:25 GMT

ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമി (Digital Economy) 2025 ഓടെ ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തനം ലോകത്തെവിടെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് (BRICS) ബിസിനസ് ഫോറത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്നതാണ് ബ്രിക്സ്.

ഈ വര്‍ഷം 7.5 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറും. 'നമ്മള്‍ പരിഷ്‌കരിക്കുക, നടപ്പിലാക്കുക, പരിവര്‍ത്തനം ചെയ്യുക എന്ന 'മന്ത്രം' സ്വീകരിച്ചു... ഈ സമീപനത്തിലൂടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രകടനം വളരെ വ്യക്തമാണ്,' അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന്റെ നെടുംതൂണാണ് സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള വളര്‍ച്ച. ''ഞങ്ങള്‍ എല്ലാ മേഖലയിലും നവീകരണത്തെ പിന്തുണയ്ക്കുന്നു. നവീകരണത്തിനുള്ള ഏറ്റവും മികച്ച ഇക്കോ സിസ്റ്റം ഇന്ത്യയിലാണ്. ഇത് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നുണ്ട്'' മോദി പറഞ്ഞു.

കൂടാതെ, അഞ്ചംഗ രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാഴ്ചപ്പാടുകള്‍ കൈമാറാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം സ്ഥാപിക്കണമെന്നും അദ്ദേഹം ബ്രിക്സ് ബിസിനസ് ഫോറത്തോട് ആവശ്യപ്പെട്ടു.

Tags:    

Similar News