''30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഇക്കോണമി 30 ട്രില്യണ്‍ ഡോളറായി ഉയരും''

സമ്പദ്‌വ്യവസ്ഥ 9 വര്‍ഷത്തിനുള്ളില്‍ ഏകദേശം 6.5 ട്രില്യണ്‍ ഡോളറായി ഇരട്ടിയാകുമെന്നും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍

Update:2022-06-27 10:38 IST

ലോക വിപണിയിലെ എല്ലാ മേഖലകളും പിടിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും രാജ്യം ഇപ്പോഴത്തെ 3 ട്രില്യണ്‍ ഡോളറില്‍ നിന്ന് 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. സംയോജിത വാര്‍ഷിക വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ എല്ലാ വര്‍ഷവും എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുകയാണെങ്കില്‍, സമ്പദ്‌വ്യവസ്ഥ 9 വര്‍ഷത്തിനുള്ളില്‍ ഏകദേശം 6.5 ട്രില്യണ്‍ ഡോളറായി ഇരട്ടിയാകുമെന്നും 18 വര്‍ഷത്തിനുള്ളില്‍ ഇത് 13 ട്രില്യണ്‍ ഡോളറാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പൂരില്‍ എക്സ്പോര്‍ട്ടേഴ്സ് മീറ്റിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'27 വര്‍ഷത്തിനുള്ളില്‍, സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 26 ട്രില്യണ്‍ ഡോളറായി കണക്കാക്കാം, അതിനാല്‍ 30 വര്‍ഷത്തിനുശേഷം, ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും,'' പിയൂഷ് ഗോയല്‍ പറഞ്ഞു.

ആഭ്യന്തര ടെക്‌സ്‌റ്റൈല്‍ വ്യവസായ രംഗത്ത് വരും വര്‍ഷങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വലിയ സാധ്യതയുണ്ട്. ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് സീറോ ഡ്യൂട്ടി ആക്‌സസ് നല്‍കുന്ന സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) അന്തിമരൂപം നല്‍കാന്‍ കേന്ദ്രം വിവിധ രാജ്യങ്ങളുമായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടെക്‌സ്‌റ്റൈല്‍ മന്ത്രി കൂടിയായ ഗോയല്‍ പറഞ്ഞു.

Tags:    

Similar News