രജനിയുടെ രാഷ്ട്രീയം: ആരൊക്കെ വാഴും, ആരൊക്കെ വീഴും?

രജനി കാന്ത് എന്ത് നിലപാട് സ്വീകരിക്കും ? ശശികല കൂടി ജയിൽ മോചിതയാകുമ്പോൾ തമിഴ് നാട് രാഷ്ട്രീയം എങ്ങനെ മാറി മറിയും ?

Update:2020-12-04 13:15 IST

ലോകമെമ്പാടുമുള്ള ആരാധകരെ അവേശഭരിതരാക്കി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചെങ്കിലും, ഏതു മുന്നണിക്ക് ഒപ്പം ആകും താന്‍ ചേരുക എന്നതും, രജനിയുടെ നീക്കം എന്തൊക്കെ മാറ്റങ്ങള്‍ ആണ് അഞ്ചു മാസത്തിനു ശേഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കുകയെന്നതുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെ നോക്കികാണുന്നത് .

കുറെ നാളുകളായി ബിജെപി നയങ്ങളോട് അനുകൂലമായ ഒരു മൃദു സമീപനം സ്വീകരിക്കുന്ന രജനി, എന്‍ ഡി എ മുന്നണിയില്‍ എ ഐ ഡി എം കെക്ക് ഒപ്പം പോരാടുമോ അതോ ഒറ്റക്ക് നേരിടാനുള്ള ശ്രമത്തിലാണോ എന്നതും പ്രസക്തമായ ചോദ്യമാണ്.

ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി അനുകൂല നിലപാട് എടുത്ത രജനി, നരേന്ദ്ര മോദി - അമിത് ഷാ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത് മഹാഭാരതത്തിലെ ശ്രീകൃഷ്ണനും അര്‍ജുനനും ആയിട്ടാണ്. അത് കൊണ്ട് തന്നെ എന്‍ ഡി എയുടെ ഭാഗമായി രജനി മാറിയാല്‍ അതില്‍ അതിശയപ്പെടാനൊന്നുമില്ല. മാത്രമല്ല, കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ഒരു പാര്‍ട്ടിയെ പിണക്കി സംസ്ഥാനത്തു ഒരു നിലപാട് രജനി എടുക്കുമെന്ന് കരുതുക വയ്യ.

ഇനി എന്തെങ്കിലും സാഹചര്യത്തില്‍ ഒറ്റക്ക് ഒരു പോരാട്ടം ആണ് രജനി ഉദ്ദേശിക്കുന്നതെങ്കില്‍ അത് കേന്ദ്രത്തെ പിണക്കി കൊണ്ടുള്ള ഒരു നീക്കമാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, എന്ത് വിധേനയും ബിജെപിയുടെ തമിഴ്‌നാട്ടിലും കേരളത്തിലും സീറ്റുകള്‍ കൂട്ടുക എന്നത് അവരുടെ ഒരു നയമായിരിക്കെ, കേന്ദ്രത്തിന്റെ മൗനാനുവാദത്തോടെ ഉള്ള ഒരു നീക്കമാണ് രജനിയുടെ രാഷ്ട്രീയ പ്രവേശമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. രജനിയെ പോലെ ജനങ്ങള്‍ക്ക് പ്രിയങ്കരനായ ഒരു താരത്തിന്റെ പിന്‍ബലത്തില്‍ ഒരു അനുകൂല തരംഗം സൃഷ്ടിക്കാനാകുമെന്നു ബിജെപി കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു. സിനിമാതാരങ്ങളുടെ രാഷ്ട്രീയത്തോട് തമിഴ് ജനത കാണിക്കുന്ന ആഭിമുഖ്യം കണക്കിലെടുക്കുമ്പോള്‍ ഇങ്ങനെ ഒരു സാധ്യതക്കു പ്രസക്തിയേറുന്നു.

കിഡ്‌നി ട്രാന്‍സ്പ്ലാന്റിനു ശേഷം വിശ്രമിക്കുന്ന രജനി ഇത് വരെ നല്‍കിയ സൂചന അനുസരിച്ചു മുഖ്യമന്ത്രി കസേരക്ക് വേണ്ടി ഒരു പോരാട്ടത്തിന് അദ്ദേഹം തയാറല്ല. താന്‍ കണ്ടെത്തുന്ന വളരെ അനുയോജ്യനായ, താരതമ്യേന യുവാവായ ഒരാളാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കുകയെന്നാണ് രജനി ഇത് വരെ നല്‍കിയ സൂചനകള്‍. അതില്‍ മാറ്റമുണ്ടാകുമോ, മാറിയ സാഹചര്യങ്ങളില്‍ ഒരു മത്സരത്തിന് അദ്ദേഹം തയ്യാറാകുമോ എന്നത് ഒക്കെ കാത്തിരുന്നു കാണേണ്ടത് ആണ്.

രജനി മക്കള്‍ മന്‍ഡ്രത്തിനു ഒറ്റക്ക് മത്സരിച്ചു 234അംഗ തമിഴ് നാട് നിയമസഭയില്‍ വിജയിക്കാനാകുമോ എന്ന ചോദ്യമാകും ഈ മാസം 12നു 70 വയസു ആകുന്ന സൂപ്പര്‍താരത്തിനെ ഇപ്പോള്‍ കുഴക്കുന്നത്.

കൂടാതെ അടുത്ത വര്‍ഷം ജനുവരി 27നു ജയില്‍ മോചിതയാകുന്ന വി കെ ശശികല തമിഴ് രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന കോളിളക്കങ്ങള്‍ എന്തൊക്കെയാണെന്ന് ഇപ്പോള്‍ പ്രവചിക്കുക അസാധ്യം. അഴിമതി കുറ്റത്തിന് നാല് വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ചു ബാംഗ്ലൂരിലെ പരപാന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഇതിനോടകം തന്നെ അവരെ നേരത്തെ ജയില്‍ മോചിതയാക്കണം എന്ന അപേക്ഷ നല്‍കിയിട്ടുണ്ട്.

ബിജെപി എം പി സുബ്രമണ്യന്‍ സ്വാമിയുടെ അഭിപ്രായത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ശശികല ആകും രജനികാന്തിന്റെ ഒത്ത എതിരാളി.

എ.ഐ.എ.ഡി.എം.കെ മേധാവി ജയലളിതയുടെ നിര്യാണത്തിനും ഡി.എം.കെ നേതാവ് എം കരുണാനിധിയുടെ അസുഖത്തിനും ശേഷം തമിഴ്‌നാട് രാഷ്ട്രീയം ഒരു പ്രതിസന്ധിയില്‍ നിന്ന 2017ല്‍ ആണ് രജനി തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതെങ്കിലും ഒരു സജീവ രാഷ്ട്രീയ സാന്നിധ്യമാകാന്‍ അദ്ദേഹത്തിന് താല്പര്യമില്ലാത്ത ഒരു പ്രതീതിയാണ് പിന്നീടുണ്ടായത്. കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഒരു ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി: 'rajinimandram.org' വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും സംസ്ഥാന വികസനത്തില്‍ സഹകരിക്കാനും രജനി തന്റെ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി യാഥാര്‍ഥ്യമാകുമോ എന്ന് സംശയം നിലനില്‍ക്കുന്ന വേളയിലാണ് നാടകീയമായ പുതിയ പ്രഖ്യാപനമുണ്ടാകുന്നത്.

പ്രതിപക്ഷത്തുള്ള ഡി എം കെക്കും അടുത്ത വര്‍ഷം ഏപ്രിലിലോ മെയിലോ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അതീവ നിര്‍ണായകമാണ്. 2011ല്‍ അധികാരം നഷ്ടപെട്ട ഡി എം കെ 2016ലെ തിരഞ്ഞെടുപ്പിലും പരാജയം നുണഞ്ഞു. ഇത്തവണ എന്ത് വിധേനയും അധികാരം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡി എം കെ. അതിനാല്‍ അവര്‍ പ്രസിദ്ധ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കൂടി തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സും, ഇടത് പാര്‍ട്ടികളും ചേര്‍ന്നുള്ള ഡി എം കെ മുന്നണി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമാണ് നേടിയത്. 39ഇല്‍ 38 സീറ്റും നേടി മുന്നണി ഗംഭീര പ്രകടനം കാഴ്ചവച്ചു. ഇതേ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ ഡി എം കെ തയ്യറെടുക്കുമ്പോള്‍ ആണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ രജനിയുടെയും ശശികലയുടെയും രംഗപ്രവേശം എങ്ങനെ ആണ് ഡി എം കെയുടെ സാധ്യതകളെ ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ ആകും തമിഴ്‌നാട്ടിലെ അടുത്ത ഭരണം.

സഖ്യകക്ഷികളായ എ ഐ ഡി എം കെക്കും ബിജെപിക്കും ഇടയില്‍ ചില അസ്വാരസ്യങ്ങള്‍ 'വേല്‍ യാത്രയുമായി' ബന്ധപെട്ടു ഉണ്ടായിരുന്നെങ്കിലും അമിത് ഷാ അടുത്തിടെ നടത്തിയ ചെന്നൈ സന്ദര്‍ശനത്തിലൂടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നു ആണ് റിപ്പോര്‍ട്ടുകള്‍.

രജനികാന്തിനെ കൂടാതെ അടുത്ത തിരഞ്ഞെടുപ്പില്‍ കലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി കൂടി മത്സര രംഗത്തുണ്ടാകും. കമലും രജനിയുമായി ഇതിനു മുമ്പ് പല ചര്‍ച്ചകളും നടന്നിട്ടുണ്ടെങ്കിലും ഇരുവരും അടുത്ത തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും നീക്കുപോക്കിനു സാധ്യതയുണ്ടോ എന്നത് വ്യക്തമല്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉണ്ടാകുന്ന സഖ്യ സാധ്യതകളും മുന്നണി പ്രവേശവുമായി ബന്ധപ്പെടുത്തി മാത്രമേ ഇവര്‍ തമ്മില്‍ എന്തെങ്കിലും സഹകരണമുണ്ടാകുമോ എന്നുറപ്പിക്കാന്‍ കഴിയൂ. രജനി ബിജെപി അനുകൂല ഒരു മുന്നണിയുമായി മുന്നോട്ട് പോയാല്‍ കമലിന്റെ പാര്‍ട്ടി അതുമായി സഹകരിക്കാന്‍ സാദ്ധ്യതകള്‍ കുറവാണ് പ്രത്യേകിച്ചും കമല്‍ സ്വീകരിക്കുന്ന സംഘ വിരുദ്ധ നിലപാടുകള്‍ വിലയിരുത്തുമ്പോള്‍.

സിനിമ താരങ്ങളുടെ രംഗപ്രവേശം കൊണ്ട് മാത്രം ഒരു മാറ്റം തമിഴ് ജനത അംഗീകരിക്കില്ലയെന്നാണ് ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എം ജി ആറും കരുണാനിധിയും ജയലളിതയുമെല്ലാം സിനിമയുടെ പിന്‍ബലത്തില്‍ മുഖ്യമന്ത്രിമാര്‍ ആയെങ്കിലും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള പ്രവര്‍ത്തിപരിചയം കമലിനോ, രജനിക്കൊ ഇല്ലായെന്നത് ഇവരുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

എങ്ങനെ ആയാലും നിരവധി ട്വിസ്റ്റുകള്‍ അടങ്ങിയ ഒരു മസാല കോമ്പിനേഷന്‍ ആണ് ഒരു ജനപ്രിയ തമിഴ് സിനിമയുടെ വിജയ ഫോര്‍മുല. ക്ലൈമാക്‌സില്‍ നായകന് മാത്രം വിജയമുറപ്പിക്കുന്ന ഒരു സിനിമ പോലെ വളരെ ഉദ്യോ്വഗജനകമായ നിരവധി സംഭവവികസങ്ങള്‍ക്കു തമിഴ്‌നാട് രാഷ്ട്രീയം വരും മാസങ്ങളില്‍ വേദിയാകുമെന്നു മാത്രം ഇപ്പോള്‍ ഉറപ്പിക്കാം.

Tags:    

Similar News