ട്വന്റി 20യുടെ മിന്നുന്ന പ്രകടനം: ഈ മോഡല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്ലിക്ക് ചെയ്യുമോ?

കാര്യക്ഷമമവും അഴിമതി രഹിതവുമായ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് തെളിയിച്ചുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ജനകീയ കൂട്ടായ്മയായ ട്വന്റി 20, നിയസഭാ തെരഞ്ഞെടുപ്പില്‍ കരുത്താര്‍ജ്ജിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കേരള ജനത

Update:2020-12-17 17:46 IST

ഇന്ത്യയിലെ ആദ്യത്തെ കോര്‍പറേറ്റ് നിയന്ത്രണ പഞ്ചായത്ത് എന്ന് അറിയപ്പെടുന്ന എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഒരു കമ്പനിയുടെ നേതൃത്വത്തില്‍ ഒരു ജനകീയ കൂട്ടായ്മ ഉണ്ടാവുകയും ആ കൂട്ടായ്മ ഒരു പഞ്ചായത്ത് ഭരണം മൃഗീയ ഭൂരിപക്ഷത്തോടെ കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കി മാതൃകാ പഞ്ചായത്ത് എന്ന് കണക്കാക്കാവുന്ന തരത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തത ്‌വസ്തുതയാണ്. ത്രിശങ്കുവിലാകുക എന്ന മലയാളം വാക്കിന്റെ അര്‍ത്ഥം പലവിധേന വ്യാഖ്യാനിക്കാന്‍ കഴിയും. ഇടതുവലതു ഭരണത്തില്‍ ത്രിശങ്കുവിലായ ഒരു ജനതയുടെ സ്വാഭാവികമായ ഒരു പ്രതിരോധമായിരുന്നു 2015 - ലെ തിരഞ്ഞെടുപ്പില്‍ ട്വന്റി - 20 എന്ന ജനകീയ കൂട്ടായ്മയുടെ വിജയം.

കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ 19 ല്‍ 17 സീറ്റും നേടി ദേശീയ പാര്‍ട്ടികളെ എല്ലാ അര്‍ത്ഥത്തിലും പിന്നിലാക്കി 5 വര്‍ഷം പഞ്ചായത്ത് ഭരണം പൂര്‍ത്തിയാക്കി തുടര്‍ഭരണത്തിന് വിധി നേടി സമീപ പഞ്ചായത്തുകളിലും ഭരണം ഉറപ്പാക്കിയ സന്ദര്‍ഭത്തിലാണ് ഈ വിശകലനം എഴുതുന്നത്. ഇത്തവണ കിഴക്കമ്പലത്തിന്റെ സമീപ പഞ്ചായത്തുകളായ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട്, വെങ്ങോല എന്നീ പഞ്ചായത്തുകളിലും ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.

നിരവധി ദേശീയ, സംസ്ഥാന, പ്രാദേശിക കക്ഷികളുടെ വര്‍ഷങ്ങളുടെ ജനസേവന പാരമ്പര്യത്തിന് മുന്‍പില്‍ ഒരു കമ്പനി നിയന്ത്രിക്കുന്ന ഒരു ജനകീയകൂട്ടായ്മ എങ്ങനെയാണ് ഒരു തിരഞ്ഞെടുപ്പ് വിജയം നേടുന്നതിനപ്പുറം ജനജീവിതത്തിന്റെ എല്ലാ തുറകളിലും സ്ഥായിയായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്? ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ യാഥാര്‍ത്ഥ്യമാക്കപ്പെട്ട വികസനനേട്ടം അതു എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുക? സമീപപ്രദേശത്തിലുളളവര്‍ ആ വികസനനേട്ടങ്ങള്‍ അവര്‍ക്കും കൂടി ലഭ്യമാകണം എന്നാഗ്രിച്ചാല്‍ കുറ്റം പറയാനാകുമോ? ഒരു പഞ്ചായത്തിന്റെ സാധാരണവരുമാന സ്രോതസ്സുകള്‍ക്കു പുറമെഒരു കമ്പനിയുടെ ലാഭത്തിന്റെ ഒരു വിഹിതം കൂടി ചേര്‍ത്ത് കാര്യക്ഷമമായ ചെലവിടലിലൂടെ ജനപ്രിയമായി മാറിയ ട്വന്റി - 20 യുടെ അടുത്ത അഞ്ച്‌വര്‍ഷം നിര്‍ണ്ണായകമാണ്. ''സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍'' എന്നത് സ്‌മോള്‍ ഈസ ്ഈസി ടു മാനേജ് എന്ന് കണക്കാക്കിയാല്‍ മറ്റ് പഞ്ചായത്തുകളിലേക്ക് ട്വന്റി - 20 യുടെ ഭരണം വന്ന് കഴിഞ്ഞപ്പോള്‍ എത്രത്തോളം കാര്യക്ഷമമായ ഭരണത്തിന് അത് വഴിവെക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ആം ആദ് മി പാര്‍ട്ടിയുടെ വ്യാപനശ്രമങ്ങള്‍ അനുഭവമായി കണ്ടാല്‍ പ്രതീക്ഷ നല്‍കുന്ന ഒന്നല്ല ട്വന്റി - 20 യുടെ വ്യാപനം എന്ന് തോന്നിയേക്കാം. പതിനാറാം തീയതി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ട്വന്റി -20 യുടെ കിഴക്കമ്പലം പഞ്ചായത്തിന്റെ വിലയിരുത്തലും സമീപ പഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയാല്‍ പ്രതീക്ഷയുടെ പ്രതിഫലനവും നമുക്ക്കാണാം.


എന്തുകൊണ്ട്ട്വന്റി-20?

ത്രിതല പഞ്ചായത്ത് ഘടനയിലൂടെ അധികാര വികേന്ദ്രീകരണവും നിര്‍വ്വഹണവും ഉറപ്പാക്കി വികസന സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതിയപ്പോഴുണ്ടായ സാധ്യതകളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് കൊണ്ട് ജനസേവന-വികസന മാതൃകകള്‍ തീര്‍ക്കുന്നതില്‍ മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടികളുടെ പരാജയത്തിന്റെ സ്വാഭാവികമായ പരിണിത ഫലമാണ് ട്വന്റി - 20യുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുള്ളത്. ഒരു കമ്പനി ഉടമയും രാഷ്ട്രീയകക്ഷി നേതാക്കളുമായുള്ള പ്രാദേശിക തര്‍ക്കത്തില്‍ തുടങ്ങി കമ്പനി നടത്തിക്കൊണ്ട് പോകാനുള്ള ഉടമയുടെ വേറിട്ട ചിന്തകളാണ് ട്വന്റി - 20യുടെ ഉത്ഭവത്തിന് കാരണമായത് എന്ന് പറയാം. സ്വകാര്യ താല്‍പര്യത്തിന്റെ സംരക്ഷണത്തോടൊപ്പം അഭിനന്ദനാര്‍ഹമായ സാമൂഹിക വികസനം സാധ്യമാക്കിയുള്ള മാതൃക ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് നോക്കുമ്പോള്‍ കുറ്റം പറയാന്‍ കഴിയില്ല എന്ന് വേണം കരുതാന്‍. ഇന്ത്യയിലെ ആദ്യത്തെ കമ്പനി നിയന്ത്രിത പഞ്ചായത്ത് എന്ന വിശേഷണം പൂര്‍ണ്ണമായും ശരിയല്ല എങ്കിലും കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സബിളിറ്റിയുടെ ഭാഗമായി കമ്പനികള്‍ക്ക് അനിഷേധ്യമായ വികസനം സാധ്യമാക്കാന്‍ കഴിയുമെന്ന് ട്വന്റി - 20 അഞ്ച്‌വര്‍ഷം കൊണ്ട് അസന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്. പിന്നോക്കാവസ്ഥയുടെ പര്യായങ്ങളായി നിലകൊണ്ടിരുന്ന ലക്ഷംവീട് കോളനികളെ ആകര്‍ഷകങ്ങളായ ഭവനങ്ങളായി പുതുക്കി പണിതും, ഏറിയ സമയവും സഞ്ചാരയോഗ്യമല്ലാത്ത നാട്ടിലെ റോഡുകളെ എക്കാലവും സഞ്ചാരയോഗ്യമാക്കിത്തീര്‍ത്തും, അശരണരായവര്‍ക്ക് സ്വയംതൊഴില്‍ഉ റപ്പാക്കിയും, ദിനംപ്രതി അധികരിക്കുന്ന ദൈനംദിന ചെലവുകള്‍ മൂലം വഴിമുട്ടിയ ജനങ്ങള്‍ക്കായി അരി മുതല്‍ എല്ലാവീട്ടു സാധനങ്ങളും അവിശ്വനീയമായ ആദായവിലയില്‍ ലഭ്യമാക്കി കിഴക്കമ്പലത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും വേറിട്ട ഒന്നായി നിലനിര്‍ത്തുന്നതാണ് ട്വന്റി-20 യുടെ വിജയരഹസ്യം.


വികസന മാതൃക

അഴിമതിയുടെ കറപുരളാതെ കാക്കുന്ന ഭരണ നിര്‍വ്വഹണമാണ് ട്വന്റി-20 യുടെ പ്രവര്‍ത്തന മാതൃക. രാഷ്ട്രീയ പാര്‍ട്ടികളുടെ ലേബലില്‍ മത്സരിച്ച് ഭരണം ഉറപ്പാക്കിയിട്ടുള്ളവരുടെ ആത്മാര്‍ത്ഥതയും, കര്‍മ്മനിരതയും, സത്യസന്ധതയും പലകുറി സംശയങ്ങള്‍ക്ക് വിധേയമാവുകയും അഴിമതിയുടെ തിക്തഫലങ്ങള്‍ റോഡുകളിലൂടെയും, പാലങ്ങളിലൂടെയുംമറ്റ് പല പദ്ധതികളിലൂടെയും അനുഭവിക്കുകയും ചെയ്ത ജനത പ്രത്യേകിച്ച് പുതുതലമുറക്കാരും മുതിര്‍ന്ന സ്ത്രീകളും മാറ്റങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. പദ്ധതിതുക വകമാറ്റി ചെലവാക്കാതെ എല്ലാ വര്‍ഷവും കമ്പനി ലാഭത്തിന്റെ ഒരു വിഹിതം കൂടി അതോടൊപ്പം ചെലവാക്കി നാട്ടുകാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ സദാശ്രദ്ധാലുവായിരിക്കുക എന്നതാണ്് പ്രവര്‍ത്തന രീതി. ഇതൊക്കെ സാധ്യമാകണമെങ്കില്‍ പൂര്‍ണ്ണമായ സ്ഥിതിവിവരക്കണക്കുകള്‍ അത്യാവശ്യമാണ്. സമഗ്രമായ വിവരശേഖരണവും അതിന്റെ കാതലായ വിശകലനവും അതുവഴി വികസന ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാണ് കര്‍മ്മപാത. കൂടാതെ നാട്ടുകാരുടെ ദൈനംദിന ജീവിതചെലവുകളില്‍കാര്യക്ഷമവും നിരന്തരവുമായ ഇടപെടലുകള്‍ നടത്തി ജീവിതചെലവില്‍ കാര്യമായ കുറവുവരുത്തിയുമാണ്ട ട്വന്റി - 20 യുടെ മുന്നേറ്റം. ചുരുക്കിപ്പറഞ്ഞാല്‍, ജനങ്ങളുടെ സാമൂഹികവും കുടുംബപരവുമായ സൗകര്യങ്ങളും, സുരക്ഷയും വരുമാനവും ഉറപ്പുവരുത്തുകയാണ്ട്വന്റി - 20 യുടെ വികസനമാതൃക.

നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികള്‍

കക്ഷി രാഷ്ട്രീയത്തിനതീതമായി ജനപക്ഷത്ത് നിലയുറപ്പിച്ച് പ്രവര്‍ത്തിക്കുന്ന ട്വന്റി-20 ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ നിരവധിയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം ജനസേവനത്തിനുമപ്പുറം വെറുമൊരു വരുമാന സ്രോതസായിക്കാണുന്നവര്‍ക്ക് ട്വന്റി-20 ഉണ്ടാക്കിയിരിക്കുന്ന നഷ്ടംചെറുതല്ല. അതുകൊണ്ടാകാം ഇത്തരം എതിര്‍പ്പുകള്‍ ഉണ്ടാകുന്നത്. യോഗ്യമല്ലാത്ത ഏതുരീതിയിലും പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ എണ്ണത്തില്‍ നന്നേ കുറവാണെങ്കിലും 'നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങാം' എന്ന പഴമൊഴി ഓര്‍മ്മപ്പെടുത്തുന്നതാണ്. ഇക്കഴിഞ്ഞ പത്താം തീയതി നടന്ന തിരഞ്ഞെടുപ്പില്‍ ട്വന്റി-20 യുടെവോട്ടര്‍മാര്‍ എന്ന് കരുതുന്നവര്‍ക്ക് എതിരെ നടന്ന കയ്യാങ്കളികള്‍ ദൃശ്യമാധ്യമങ്ങളില്‍ അപ്രധാനമായെങ്കിലും കാണിച്ചിരുന്നുവെന്നത് ട്വന്റി - 20 യുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ്.


വണ്‍മാന്‍ഷോ

ട്വന്റി-20 നേരിടുന്ന പ്രധാന ആക്ഷേപം പഞ്ചായത്ത് തീരുമാനങ്ങള്‍ കിറ്റക്‌സ് കമ്പനി എം.ഡിയുടെ വണ്‍മാന്‍ഷോ ആണെന്നുള്ളതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തിലൂന്നിയ പ്രവര്‍ത്തനരീതി അവകാശപ്പെടുമ്പോള്‍ ട്വന്റി-20 തികച്ചും വ്യക്തിഗതമായ താല്‍പര്യങ്ങള്‍ക്ക് വിധേയമാണ് എന്നതാണ് മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പില്‍ ആയുധമാക്കിയിട്ടുള്ളത.് വെറും ഒരു ആക്ഷേപമായി ഇതിനെ കാണാന്‍ കഴിയുമോഎന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. ഒരു കമ്പനി നടത്തിപ്പിന് സമീപ പഞ്ചായത്തുകളുടെ ഭരണം കയ്യാളണമോ എന്നത് മറുചോദ്യം. വന്‍ മുന്നേറ്റങ്ങള്‍ക്ക് കാരണഭൂതമായിട്ടുള്ളത് ചെറിയ ചെറിയ ചുവടുവയ്പുകളാണ് എന്ന് കരുതിയാല്‍ കിറ്റക്‌സ് കമ്പനി ഉടമസ്ഥരുടെ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ചവിട്ടുപടിയാണ് ട്വന്റി-20 യുടെ പിറവിയും അതിന്റെ പ്രയാണവും വിരല്‍ചൂണ്ടുന്നത്. അധികാരമില്ലാതെ അടിസ്ഥാന സാമൂഹിക സാമ്പത്തിക വികസനങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന പരമാര്‍ത്ഥം മുകളില്‍ പറഞ്ഞ ലക്ഷ്യത്തെ സാധൂകരിക്കുമോ?

വിഭവങ്ങള്‍ വീതിക്കപ്പെടുമ്പോള്‍ എന്തുസംഭവിക്കും?

തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞപ്പോള്‍ അവിശ്വസനീയമായ വിജയമാണ് മത്സരിച്ച എല്ലാ പഞ്ചായത്തുകളിലും ട്വന്റി-20 കാഴ്ചവച്ചത്. ട്വന്റി-20 യോടൊപ്പമാണ് ജനങ്ങള്‍ എന്ന് വ്യക്തമായിരിക്കുന്നു. കിഴക്കമ്പലത്തോടൊപ്പം ട്വന്റി-20 ക്ക് ഭരണം ലഭിച്ച പഞ്ചാത്തുകളിലും കഴിഞ്ഞ അഞ്ച്‌വര്‍ഷക്കാലം കിഴക്കമ്പലം പഞ്ചാത്തില്‍ കാഴ്ചവെച്ച വികസന പ്രകിയ അവിടെ തുടരുകയും ഭരണം ലഭിച്ച മറ്റ് പഞ്ചായത്തുകളെക്കൂടി ആ പാതയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്ന ശ്രമകരമായ ഉത്തരവാദിത്തം ട്വന്റി-20 എന്ന ചെറു പാര്‍ട്ടിയില്‍ വന്നു ചേര്‍ന്നു. സമഗ്രമായ ആസൂത്രണവും വിഭവങ്ങളുടെ യുക്തിസഹമായവിനിയോഗവും ട്വന്റി-20 എല്ലാവിധേനയും ഉറപ്പാക്കേണ്ടി വരും. മുന്‍ വര്‍ഷങ്ങളില്‍ കിറ്റക്‌സ് കമ്പനി അതിന്റെ ലാഭത്തിന്റെ 6 ശതമാനത്തോളം കിഴക്കമ്പലം പഞ്ചായത്തിന് വകമാറ്റിയിരുന്നെങ്കില്‍ ഇനിയങ്ങോട്ട് ഈ തുക മറ്റു പഞ്ചായത്തുകള്‍ക്കു കൂടി വീതം വയ്‌ക്കേണ്ടിവരും. ഇത് പ്രതീക്ഷയര്‍പ്പിച്ച ജനങ്ങളില്‍ ചെറിയ തോതിലെങ്കിലും നിരാശ ഉളവാക്കിയേക്കും. പക്ഷെ പഞ്ചായത്തുകള്‍ക്ക്‌ലഭ്യമായവരുമാനവുംമറ്റു ഫണ്ടുകളും ഉത്തരവാദിത്വത്തോടെ ജനനന്മക്കായിഅഴിമതിരഹിതമായിചിലവിട്ടാല്‍തന്നെ ഈ പഞ്ചായത്തുകളില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിയും എന്ന് ട്വന്റി-20 അസന്നിഗ്ധമായി കിഴക്കമ്പലത്ത് തെളിയിച്ചിട്ടുണ്ട്. 'കാണാന്‍ പോകുന്ന പൂരം' പറഞ്ഞറിയിക്കേണ്ടതില്ലല്ലോ? കാര്യക്ഷമവും അഴിമതിരഹിതവുമായ ഭരണമാണ് ബഹുഭൂരിപക്ഷവും വരുന്ന ജനങ്ങള്‍ എല്ലാക്കാലവുംആഗ്രഹിക്കുന്നതെന്ന് ഒന്നുകൂടി ഉറപ്പാക്കാന്‍ ട്വന്റി-20 യുടെ തിരഞ്ഞെടുപ്പ് ഫലംസഹായിക്കുന്നു.

(ലേഖകന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ ‌ടെക്‌നോളജി, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസറാണ്)


Tags:    

Similar News