വ്യവസായ ലൈസന്‍സുകളുടെ ഘടന ലളിതമാക്കണം; വിനോദ് മഞ്ഞില വ്യക്തമാക്കുന്നു

കേരളത്തിലെ സംരംഭകര്‍ പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന മൂന്നു കാര്യങ്ങളില്‍ ഇന്ന് അഭിപ്രായം പങ്കുവയ്ക്കുന്നത് മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍, വിനോദ് മഞ്ഞില.

Update: 2021-02-06 06:33 GMT

പിണറായി സര്‍ക്കാരിന്റെ ഭരണകാലഘട്ടം പൂര്‍ണമാകാന്‍ ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെ ധനം മാഗസിനിലൂടെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സംരംഭകര്‍ അഭിപ്രായപ്പെടുകയാണ്; പിണറായി സര്‍ക്കാര്‍ ചെയ്ത മൂന്നു നല്ല കാര്യങ്ങളും ചെയ്യേണ്ട മൂന്നു കാര്യങ്ങളും. കേരളത്തിലെ സംരംഭകര്‍ക്ക് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സാധ്യമാക്കാന്‍ ചെയ്യേണ്ട മൂന്നു കാര്യങ്ങള്‍ പറയുന്നു മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ വിനോദ് മഞ്ഞില.

മുഖ്യമന്ത്രി ചെയ്ത 3 നല്ല കാര്യങ്ങള്‍
  1. കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കൊണ്ട് സ്ഥലമെടുപ്പിന്റെ പേരിലുണ്ടായ എതിര്‍പ്പുകളെ സമര്‍ത്ഥമായി മറികടന്ന് ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തികരിച്ചതാണ് അഭിമാനാര്‍ഹമായ ഒന്നാമത്തെ നേട്ടം.
  2. പൊതുവിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലാണ് മറ്റൊന്ന്. സ്‌കൂള്‍ കെട്ടിടങ്ങള്‍ ആധുനികമാക്കിയും നവീന പഠനോപകരണങ്ങള്‍ ലഭ്യമാക്കിയും ലാബുകള്‍ സജ്ജീകരിച്ചും പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റി. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളെ ആശ്രയിച്ചിരുന്നു വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളെ പൊതുവിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചത് നിസ്സാരമായ കാര്യമല്ല.
  3. ആരോഗ്യരംഗത്ത് നടത്തിയ ഇടപെടലാണ് മൂന്നാമത്തെ നേട്ടം. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പലതും ആശുപത്രികളാക്കി. മുഴുവന്‍ സമയം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി. കാരുണ്യ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി മിതമായി നിരക്കില്‍ മരുന്നുകള്‍ നല്‍കി. നിപ്പയെ മുളയിലെ നുള്ളാനും കോവിഡ് 19 നെ വരുതിയില്‍ നിര്‍ത്താനും സാധിച്ചത് നേട്ടം തന്നെയാണ്.
ഉടനടി ചെയ്യേണ്ട 3 കാര്യങ്ങള്‍
  1. ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗ് പട്ടികയില്‍ കേരളം ഏറെ പിന്നിലാകുന്നത് ദുഃഖകരമായ അവസ്ഥയാണ്. നാട്ടില്‍ വ്യവസായം വളരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ ലൈസന്‍സുകളുടെ ഘടനകളില്‍ സമൂലമായ മാറ്റം വരുത്തി സുതാര്യവും ലളിതവുമായ ഏകജാലകസംവിധാനം നടപ്പാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയില്‍ നിന്ന് വ്യവസായ - വാണിജ്യ സ്ഥാപനങ്ങളെ വിമുക്തമാക്കണം.
  2. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ കീഴിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ സംസ്‌കരണത്തിന് അനുയോജ്യമായ പദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കണം.
  3. വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഓഫീസുകള്‍ പണിയുന്നതിന് നഗരങ്ങളില്‍ കൂടുതല്‍ സൗകര്യം നല്‍കണം. റെസിഡന്‍ഷ്യല്‍ മേഖലയില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ നിയമപരമായ തടസ്സങ്ങളുണ്ട്. ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ മിക്‌സഡ് സോണുകളാക്കിയോ, അത്തരം മേഖലകളെ പുനഃക്രമീകരിക്കുകയോ വേണം. ഇത് വ്യവസായ-വാണിജ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.



Tags:    

Similar News