ഇ. ശ്രീധരന്‍ എന്തുകൊണ്ട് രാഷ്ട്രീയം വിടുന്നു?

മെട്രോമാന്‍ ഇ. ശ്രീധരന്‍ എന്തുകൊണ്ട് രാഷ്ട്രീയം വിടാന്‍ തീരുമാനിച്ചു?

Update:2021-12-17 12:03 IST

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം കൊണ്ടും നടത്തിയ പരാമര്‍ശങ്ങള്‍ കൊണ്ടും ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ നേടിയ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഇനി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കില്ലെന്ന് തീരുമാനിക്കാന്‍ കാരണമെന്താണ്?

ഇ. ശ്രീധരന്‍ തന്നെ പറയുന്ന കാരണങ്ങള്‍ അനാരോഗ്യവും പ്രായവുമാണ്. 90 വയസ്സായ അദ്ദേഹത്തിന് ഇനി രാഷ്ട്രീയത്തില്‍ രണ്ടാം അങ്കത്തിനുള്ള ബാല്യമില്ലെന്നതും വസ്തുതയാണ്. എന്നിരുന്നാലും അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും ഇ. ശ്രീധരന്‍ മുഖം തിരിക്കാന്‍ കാരണങ്ങള്‍ പലതുണ്ട്.

കേരളത്തില്‍ ബി ജെ പി ഭൂരിപക്ഷം നേടുമെന്നും താന്‍ മുഖ്യമന്ത്രിയാകുമെന്നും ഉള്‍പ്പടെ പല പരാമര്‍ശങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നടത്തിയിരുന്നു. 35 സീറ്റുകള്‍ ബി ജെ പിക്ക് കേരളത്തില്‍ ലഭിക്കുമെന്നും ഭരണം പിടിക്കുമെന്നുമുള്ള ബി ജെ പിയുടെ സംസ്ഥാന നേതാവിന്റെ പ്രസ്ഥാവനയോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു ഇ. ശ്രീധരന്റെയും അഭിപ്രായപ്രകടനം. കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ, രാജ്യം അതുവരെ ആദരവോടെ നോക്കിയിരുന്ന ഒരു ടെക്‌നോക്രാറ്റ്, വസ്തുതകളോട് ചേര്‍ന്നുനില്‍ക്കാതെ നടത്തിയ ഈ പ്രസ്താവന ട്രോള്‍ പരമ്പരകളിലൂടെ ചിരി പടര്‍ത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ പാലക്കാട് എം എല്‍ എ ഓഫീസ് തുറക്കാനുള്ള കെട്ടിടം വാടയ്‌ക്കെടുത്തതും ട്രോളന്മാര്‍ ആഘോഷമാക്കി.

തന്റെ മാത്രം വ്യക്തിപ്രഭാവം കൊണ്ട് കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന് തെരഞ്ഞെടുപ്പോടെ ഇ. ശ്രീധരന് മനസ്സിലായിക്കാണും.
ഉയരങ്ങളില്‍ നിന്ന് പെട്ടെന്ന് താഴേക്ക്
കേരളത്തിലെ ബുദ്ധിജീവി സമൂഹവും പൊതുജനങ്ങളും ഏറെ ആദരവോടെയാണ് ഇ. ശ്രീധരന്റെ വാക്കുകളെ കേട്ടിരുന്നത്. സംസ്ഥാനത്തിന്റെ മെഗാ അടിസ്ഥാന സൗകര്യവികസനങ്ങളുടെ ഉപദേഷ്ടാവ് എന്ന നിലയിലും പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണമെന്ന നിഷ്‌കര്‍ഷയുമെല്ലാം കൊണ്ട് പൊതുസമൂഹത്തില്‍ നിറഞ്ഞുനിന്നിരുന്ന ഇ. ശ്രീധരന്‍ രാഷ്ടീയത്തിലേക്ക് കടക്കുകയും വസ്തുതകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്തതോടെ പെട്ടെന്ന് ഒന്നുമല്ലാത്ത പോലെയായി. ഇതും രാഷ്ട്രീയം വിടാനുള്ള തീരുമാനത്തിന് കാരണമായിട്ടുണ്ടാകാം.

ബി ജെ പി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി പോലും ഇളവ് നല്‍കിയാണ് ഇ. ശ്രീധരനെ കേരളത്തില്‍ മത്സരിപ്പിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവുമെന്ന് കേന്ദ്ര നേതൃത്വം ധരിച്ചുകാണും. എന്നാല്‍ ഒ. രാജഗോപാലിലൂടെ ബി ജെ പി കേരളത്തില്‍ തുറന്ന എക്കൗണ്ട് പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ക്ലോസായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാനസ പദ്ധതികളായ സെന്‍ട്രല്‍ വിസ്ത, കാശി വിശ്വനാഥ ക്ഷേത്രം ഇടനാഴി തുടങ്ങിയ മെഗാ പദ്ധതികളുടെ ആര്‍ക്കിടെക്റ്റായ ഗുജറാത്തുകാരനായ ബിമല്‍ പട്ടേല്‍, എങ്ങനെ മോദിയുടെ ഇഷ്ട ആര്‍ക്കിടെക്റ്റായി മെഗാ പദ്ധതികളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഒരു മാധ്യമത്തിന്റെ ചോദ്യത്തിന് നല്‍കിയ മറുപടി ശ്രദ്ധേയമാണ്. നരേന്ദ്ര മോദി മനസ്സില്‍ കാണുന്നതുപോലെ അദ്ദേഹം വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ വളരെ മികച്ച രീതിയില്‍ ചെയ്യുന്നവരെ മോദി കൂടെ നിര്‍ത്തും. അല്ലാത്തവര്‍ക്ക് പിന്നീട് ഇടം കണ്ടെന്നു വരില്ല എന്നായിരുന്നു ബിമല്‍ പട്ടേലിന്റെ നിരീക്ഷണം.

കേരളത്തില്‍ ഇ. ശ്രീധരനെ തെരഞ്ഞെടുപ്പ് മത്സരവേദിയില്‍ നിയോഗിച്ചതും ഇതുപോലുള്ള ചില ലക്ഷ്യങ്ങളോടെയായിരുന്നു. പക്ഷേ പ്രതീക്ഷിച്ചതുപോലെയൊന്നും സംഭവിച്ചില്ല.

മാത്രമല്ല, തെരഞ്ഞെടുപ്പില്‍ തോറ്റാലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മറ്റെന്തെങ്കിലും പദവികള്‍ തേടിയെത്തിയേക്കാമെന്ന പ്രതീക്ഷയും ഇ. ശ്രീധരനുണ്ടായിട്ടുണ്ടാകാം. കേരളത്തില്‍ കാര്യങ്ങള്‍ നടക്കാത്തതുകൊണ്ട് പിന്നീട് മറ്റൊരു നീക്കവും കേന്ദ്രത്തില്‍ നിന്നും ഉണ്ടായുമില്ല.

കേരളത്തിന്റെ കെ റെയ്ല്‍ പദ്ധതിയിലും മെട്രോമാന്റെ ഉപദേശം സംസ്ഥാനം തേടുന്നുമില്ല. എല്ലാം പരിഗണിക്കുമ്പോള്‍ രാഷ്ട്രീയ പ്രവേശം തെറ്റായൊരു നീക്കമാണെന്ന് തോന്നലുണ്ടായതും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ടാകാം.

സജീവ രാഷ്ട്രീയം ഉപേക്ഷിച്ചാലും ഇ. ശ്രീധരന് കേരളത്തില്‍ ചെയ്യാന്‍ കാര്യങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ തണലില്‍ നില്‍ക്കാതെ തന്നെ സമൂഹത്തിന് നന്മ ചെയ്യാന്‍ അദ്ദേഹത്തെ പോലുള്ളവര്‍ക്ക് സാധിക്കുകയും ചെയ്യും.


Tags:    

Similar News