'കണക്കിന്റെ നൊബേൽ' നേടിയ ഈ ഇന്ത്യന്‍ വംശജനെ അറിയുമോ?

Update: 2018-08-03 10:11 GMT

രണ്ടാമത്തെ വയസില്‍ അച്ഛനമ്മമാരോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ അക്ഷയ് വെങ്കടേഷ് ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചതനായിരിക്കില്ല. എന്നാല്‍ ലോകമെമ്പാടുമുള്ള ഗണിതശാസ്ത്രജ്ഞര്‍ക്കിടയില്‍ വലിയ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.

റിയോ ഡി ജനീറോയില്‍ നടന്ന കോണ്‍ഗ്രസ് ഓഫ് ദി ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യൂണിയന്‍ ഈ വര്‍ഷത്തെ ഫീല്‍ഡ്‌സ് മെഡലിന് തെരഞ്ഞെടുത്ത നാലുപേരില്‍ അക്ഷയ് വെങ്കടേഷിന്റെ പേരും ഉണ്ടായിരുന്നു.

കണക്കിന്റെ നോബല്‍ സമ്മാനം എന്നാണ് ഫീല്‍ഡ്‌സ് മെഡല്‍ അറിയപ്പെടുന്നത്. എല്ലാ നാലു വര്‍ഷവും 40 വയസില്‍ താഴെയുള്ള പ്രതിഭാശാലികളായ ഗണിത ശാസ്ത്രജ്ഞര്‍ക്ക് സമ്മാനിക്കുന്നതാണ് ഈ മെഡല്‍.

അനാലിറ്റിക് സംഖ്യാ സിദ്ധാന്തത്തിന്റെ സംശ്ലേഷണത്തിനും, ടോപ്പോളജി, റപ്രെസെന്റഷന്‍ തിയറി എന്നിവയുടെ പഠനത്തിനും ആണ് ഡല്‍ഹിയില്‍ ജനിച്ച ഈ 36 കാരന്‍ അവാര്‍ഡ് നേടിയത്.

വളരെ ചെറുപ്പത്തിലേ ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലും അക്ഷയ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അന്താരാഷ്ട്ര ഒളിംപ്യാഡുകള്‍ ജയിച്ചിട്ടുള്ള അദ്ദേഹം, ഇരുപതാമത്തെ വയസില്‍ പിഎച്ച്ഡി നേടി.

2014 ല്‍ മറ്റൊരു ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗവ ഫീല്‍ഡ്‌സ് മെഡല്‍ നേടിയിരുന്നു.

Similar News