32 ഐ.ഐ.എം കോഴ്‌സുകള്‍ ഇപ്പോള്‍ സൗജന്യമായി പഠിക്കാം
ഫാമിലി ബിസിനസ്, ഡാറ്റ സയന്‍സ്, ബ്രാന്‍ഡ് മാനേജ്‌മെന്റ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ കോഴ്‌സുകള്‍
നമ്മളില്‍ പലരും കൂടുതല്‍ പഠിക്കണം എന്നാഗ്രഹിക്കുന്നവരാണ്. സ്വയം വളരാനും ജോലിയില്‍ മുന്നേറാനുമെല്ലാം പുതിയ കോഴ്‌സുകള്‍ പഠിക്കുന്നത് എപ്പോഴും ഗുണകരവുമാണ്. എന്നാല്‍ സാമ്പത്തികവും സമയവും അനുവദിക്കാത്തതാണ് പലരുടേയും പ്രശ്‌നം. ഇനി അതില്‍ വിഷമിക്കേണ്ട. ബാങ്കിംഗ് ആന്‍ഡ് ഇക്കണോമിക്‌സ്, മാര്‍ക്കറ്റിംഗ്, ഇന്നവേഷന്‍ അങ്ങനെ വിവിധ വിഭാഗങ്ങളിലായി 30 ഓളം കോഴ്‌സുകള്‍ക്ക് സൗജന്യ പഠനം സാധ്യമാക്കുകയാണ് ഐ.ഐ.എം ബംഗളൂര്‍.
ജൂലൈ 31 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ ഇപ്പോള്‍ ചേരാനാകും. ഐ.ഐ.എം ബാംഗളൂരിലെ പ്രഫസര്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്. കോഴ്‌സുകള്‍ സൗജന്യമാണ്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നേടണമെന്നുണ്ടെങ്കില്‍ 1000 രൂപ ഫീസ് അടച്ച് പരീക്ഷ എഴുതണം. എല്ലാവര്‍ക്കും ചേരാം. പ്രത്യേകിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്ല.
വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍
ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്‌വിഭാഗത്തില്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ്, ഇന്‍ട്രൊഡക്ഷന്‍ ടു മാനേജീരിയല്‍ ഇക്കമോമിക്‌സ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് അനാലിസിസ്, മാക്രോ എക്കണോമിക്‌സ് തുടങ്ങി ഏഴോളം കോഴ്‌സുകളുണ്ട്. കൂടാതെ മാര്‍ക്കറ്റിംഗ്, ഇന്നൊവേഷന്‍, സ്ട്രാറ്റജി, അനലറ്റിക്‌സ്, ഓപ്പറേഷന്‍സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വിവിധ വിഷയങ്ങളില്‍ കോഴ്‌സുകളുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തില്‍ നിന്നുള്ള ഈ സൗജന്യ കോഴ്‌സുകള്‍ നിലവില്‍ ജോലിയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്.
രജിസ്‌ട്രേഷൻ 'സ്വയം' പോർട്ടൽ വഴി
കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠന പോര്‍ട്ടലായ 'സ്വയം' (Study Webs of Active-Learning for Young Aspiring Minds/ SWAYAM) വഴി രിജസ്റ്റര്‍ ചെയ്യാം. രാജ്യാന്തര നിലവാരത്തിലുള്ള പഠനം ലക്ഷ്യമാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ എന്നിവര്‍ മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ ആവഷികരിച്ച പദ്ധതിയാണ് സ്വയം. രജിസ്റ്റർ ചെയ്യാൻ https://swayam.gov.in/explorer എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.