സൗജന്യമായി പഠിക്കാം, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി ജര്‍മനിയും മാറുന്നുവോ

പൊതു സര്‍വ്വകലാശാലകളില്‍ സൗജന്യമായി പഠിക്കാം എന്നതാണ് ജര്‍മ്മനിയെ ഇഷ്ടയിടങ്ങളില്‍ ഒന്നാക്കുന്നത്

Update:2022-03-24 14:16 IST

വിദ്യാഭ്യാസത്തിനും തൊഴില്‍ തേടിയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോവുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പൊതുവെ ഇംഗ്ലീഷ് സംസാരിക്കുന്ന യുഎഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ജര്‍മനി അടക്കമുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. വിദേശകാര്യ മന്ത്രാലയം പങ്കുവെച്ച കണക്കുകള്‍ പ്രകാരം 21,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയില്‍ പഠിക്കുന്നുണ്ട്.

ജര്‍മ്മനിയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍
പൊതു സര്‍വ്വകലാശാലകളില്‍ സൗജന്യമായി പഠിക്കാം എന്നതാണ് ജര്‍മ്മനിയെ ഇന്ത്യക്കാരുടെ ഇഷ്ടയിടങ്ങളില്‍ ഒന്നാക്കുന്നത്. ഇത്തരത്തിലുള്ള മുന്നൂറോളം സര്‍വകലാശാലകളിലായി ആയിരത്തോളം കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാം. ഇംഗ്ലീഷിലും കോഴ്‌സുകള്‍ ലഭ്യമാണെങ്കിലും, അവിടെ ജോലി ലഭിക്കാനും ഭാവി സുരക്ഷിതമാക്കാനും നല്ലത് ജര്‍മ്മന്‍ ഭാഷയില്‍ പഠിക്കുന്നതാണ്.
സ്വകാര്യ സര്‍വ്വകലാശാലകളാണ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത് എങ്കില്‍ 500-1500 യുറോയോ അതിലധികമോ ഓരോ സെമസ്റ്ററിനും നല്‍കേണ്ടിവരും. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരങ്ങള്‍ ഏറെയാണ്. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസം തേടി പോകുന്നവരാണ് മറ്റൊരു കൂട്ടര്‍. പോളിടെക്ക്‌നിക്ക് കോഴ്‌സുകള്‍ പഠിച്ച ശേഷം വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ലഭിച്ച് ജര്‍മ്മനിയിലേക്ക് പോകുന്നവരും ഉണ്ട്. മെഡിക്കല്‍, ടെക്ക്‌നിക്കല്‍, ഐടി രംഗങ്ങളിലാണ് കൂടുതല്‍ അവസരങ്ങളെങ്കിലും ഹ്യുമാനിറ്റീസ് വിഷയങ്ങളിലടക്കം അവസരങ്ങള്‍ ജര്‍മ്മനിയിലുണ്ട്.
ജര്‍മ്മന്‍ ഭാഷയെന്ന കടമ്പ
ഐഇഎല്‍ടിഎസിന് സമാനമായി ജര്‍മ്മന്‍ ഭാഷയിലുള്ള പ്രവീണ്യം തെളിയിക്കുന്ന ഒരു കൂട്ടം പരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും കടന്നു കേണ്ടതുണ്ട്. എ1, എ2, ബി1,ബി2, സി1 ഇങ്ങനെ ഓരോ ഘട്ടത്തിലും വിവിധ പരീക്ഷകളാണ് ഉള്ളത്. സാധാരണ രീതിയില്‍ ബി2 ലെവലാണ് ജര്‍മ്മനിയിലേക്ക് എത്താന് പല സ്ഥാപനങ്ങളും നിബന്ധനയായി വെക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍, ഡിമാന്‍ഡ് അനുസരിച്ച് എ1 യോഗ്യതയുള്ളവര്‍ക്ക് മുതല്‍ ജോലി ലഭിക്കും. ജര്‍മ്മന്‍ ഭാഷ പഠിക്കുന്നതിനും ഈ പരീക്ഷകള്‍ എഴുതുന്നതിനുമായി ഏകദേശം 1.5 ലക്ഷം രൂപയോ അതിന് മുകളിലോ ചെലവ് പ്രതീക്ഷിക്കാം.
ജര്‍മ്മനിയിലെ പ്രധാനപ്പെട്ട ചില സര്‍വ്വകലാശാലകള്‍
  • University of Cologne

    Ludwig Maximilians University Munich (LMU)

    Goethe University Frankfurt

    RWTH Aachen University

    University of Münster

    Ruhr University Bochum

    University of Duisburg-Essen

    Universität Hamburg

    FAU Erlangen-Nürnberg

    Technical University of Munich (TUM)

    University of Würzburg


Tags:    

Similar News