രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു; രണ്ടാം പാദത്തില്‍ നിരക്ക് 7.2%

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്താകമാനം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ഇന്ത്യയിലും സ്ഥിതി സമാനമായിരുന്നു.

Update:2022-11-26 09:08 IST

ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ 16-ാമത് പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ കണക്കുകള്‍ വ്യക്തമാക്കി. രാജ്യത്ത് നഗരപ്രദേശങ്ങളിലെ 15 വയസും അതില്‍ കൂടുതലുമുള്ള ആളുകളുടെ തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ 7.2 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9.8 ശതമാനമായിരുന്നു. 2022 ജൂണ്‍ പാദത്തില്‍ ഇത് 7.6 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നഗരപ്രദേശങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് മുന്‍ വര്‍ഷം ഇതേകാലയളവില്‍ രേഖപ്പെടുത്തിയ 11.6 ശതമാനത്തില്‍ നിന്ന് 9.4 ശതമാനമായി കുറഞ്ഞു. 2022 ജൂണ്‍ പാദത്തില്‍ ഇത് 9.5 ശതമാനമായിരുന്നു.നഗരപ്രദേശങ്ങളിലെ പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ 6.6 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9.3 ശതമാനമായിരുന്നു. 2022 ജൂണ്‍ പാദത്തില്‍ ഇത് 7.1 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നഗരപ്രദേശങ്ങളിലെ ലേബര്‍ ഫോഴ്സ് പങ്കാളിത്ത നിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ 47.9 ശതമാനമായി വര്‍ധിച്ചു. 2022 ജൂണ്‍ പാദത്തില്‍ ഇത് 47.5 ശതമാനമായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്താകമാനം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ഇന്ത്യയിലും സ്ഥിതി സമാനമായിരുന്നു. എന്നാല്‍ ഇന്ന് കോവിഡ് തകര്‍ത്ത് സാമ്പത്തികരംഗം തിരിച്ചുവരവിന്റെ പാതയിലാണ്. തൊഴിലില്ലായ്മ നിരക്കിലെ ഈ കുറവ് സുസ്ഥിരമായ സാമ്പത്തിക വീണ്ടെടുക്കലിനെ സൂചിപ്പിക്കുന്നു.


Tags:    

Similar News