ദി റിയല്‍ മോണ്‍സ്റ്റർ; ഇന്ത്യന്‍ സിനിമയില്‍ പുതുവഴി വെട്ടുന്ന 'കെജിഎഫ് '

രാജമൗലിയെ പിന്തുടരാന്‍ ഒരു പ്രശാന്ത് നീലും, സുകുമാറും പിന്നെ സ്വയം പിന്തുടരാന്‍ രാജമൗലിയും തയ്യാറായി എന്നത് ദക്ഷിണേന്ത്യന്‍ സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ തന്നെ തിരുത്തി കുറിച്ചു.

Update:2022-04-16 14:28 IST

കെജിഎഫ് ചാപ്റ്റര്‍ 2 കണ്ട ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു മാസ് സിനിമ എടുക്കുക എന്നതായിരിക്കും വരും നാളുകളില്‍ നമ്മുടെ സംവിധായകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മാസ്, ആക്ഷന്‍ പാക്ക്ഡ് സിനിമകള്‍ കെജിഎഫിന് മുമ്പും ശേഷവും എന്ന് വേര്‍തിരിക്കപ്പെടുകയാണ്. ഒരു സിനിമയുടെ രണ്ടാം ഭാഗം കണ്ട് ഇത്രയേറെ സംതൃപ്തിയോടെ പ്രേഷകര്‍ തീയേറ്റര്‍ വിടുമ്പോള്‍, ദക്ഷിണേന്ത്യന്‍ സിനിമ ബോളിവുഡിന് മേല്‍ നേടുന്ന ആധിപത്യം ഊട്ടിഉറപ്പിക്കുകയാണ് കെജിഎഫ്.

ദക്ഷിണേന്ത്യന്‍ സിനിമകളുടെ റീമേക്കുകളും ദേശസ്‌നേഹവുമായി ബോളിവുഡ് സേഫ് സോണില്‍ കളിക്കുമ്പോഴാണ്, താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയായ സാന്‍ഡല്‍വുഡില്‍ (കന്നഡ) നിന്ന് രാജ്യം കണ്ട എക്കാലത്തെയും വലിയ ഹിറ്റും ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറും ഉയര്‍ന്ന് വരുന്നത്. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ എത്തിയ കെജിഎഫ് ചാപ്റ്റര്‍ 2 ആദ്യ ദിനം തന്നെ 165 കോടിയോളം രൂപയാണ് ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്. കെജിഎഫ് ചാപ്റ്റര്‍ 1 നേടിയ 100 കോടിയുടെ  കളക്ഷനാണ് ചാപ്റ്റര്‍ 2 ഒരു ദിവസം കൊണ്ട് മറികടന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിന് പിന്നാലെ കെജിഎഫ് 2വും 1000 കോടി ക്ലബ്ബിലേക്ക് എത്തും. ഇതോടെ 1000 കോടി ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ ഇന്ത്യന്‍ സിനിമയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ സിനിമയും ആയി കെജിഎഫ് മാറും.

പാന്‍ ഇന്ത്യന്‍ സിനിമകളും പാന്‍ ഇന്ത്യന്‍ സ്റ്റാറും

രാജമൗലി എന്ന സംവിധായകനിലൂടെയും ബാഹുബലി എന്ന സിനിമയിലൂടെയുമാണ് പാന്‍ ഇന്ത്യന്‍ ലേബലിന്റെ സാധ്യതകള്‍ ദിക്ഷിണേന്ത്യന്‍ സിനിമ മേഖല തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഈ കുറിപ്പിന്റെ തലക്കെട്ടിന് വിപരീതമായി രാജമൗലി വെട്ടിയ പാതയെ ടാര്‍ ചെയ്ത, നല്ല ഒന്നാന്തരം റോഡ് ആക്കി മാറ്റിയ ആള്‍ എന്ന് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനെ വിശേഷിപ്പിക്കാം. ഷങ്കര്‍ അന്യനിലൂടയും യന്തിരനിലൂടെയും പണ്ട് നടത്തിയ ശ്രമങ്ങള്‍ പിന്തുടരാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ രാജമൗലിയെ പിന്തുടരാന്‍ ഒരു പ്രശാന്ത് നീലും, സുകുമാറും (പുഷ്പ), പിന്നെ സ്വയം പിന്തുടരാന്‍ രാജമൗലിയും തയ്യാറായി എന്നത് ദക്ഷിണേന്ത്യന്‍ സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ തന്നെ തിരുത്തി കുറിച്ചു.

പാന്‍ ഇന്ത്യന്‍ രീതിയില്‍ സിനിമകളെടുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം നടന്‍ അജയ് ദേവ്ഗണ്‍ പറഞ്ഞിരുന്നു. കെജിഎഫ് 2 ട്രെയ്‌ലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിച്ച നടനും സംവിധായകനുമായ പ്രഥ്വിരാജ് സുകുമാരന്‍ പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഇറങ്ങുന്നതിന്റെ ദൂരവ്യാപക ഗുണത്തെയാണ് ചൂണ്ടിക്കാട്ടിയത്. ഭാവിയില്‍ രാജ്യത്തെ വിവിധ ഭാഷകള്‍ കൂടിചേര്‍ന്ന് ഒരൊറ്റ ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയായി മാറുമെന്നാണ് പ്രഥ്വിരാജ് പറഞ്ഞത്.

പാന്‍ ഇന്ത്യന്‍ സിനിമകളും സംവിധായകനും എങ്ങനെയാവണം എന്ന് രാജമൗലി വീണ്ടും വീണ്ടും കാണിച്ചു തരുമ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡവും ബ്രാന്‍ഡും നിലനിര്‍ത്തുക എന്നത് ഒരു നായക നടനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. ബാഹുബലി സീരീസിലെ സിനിമകള്‍ക് ശേഷം പ്രഭാസ് എന്ന നടന് മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റ് ഉണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കെജിഎഫിനെ മറികടക്കുന്ന സിനിമകള്‍ എന്നത് തന്നെയാണ് യാഷും നേരിടാന്‍ പോവുന്ന സിനിമകള്‍. അവഞ്ചേഴ്‌സ്, ജെയിംസ് ബോണ്ട്, മിഷന്‍ ഇംപോസിബിള്‍, ഫാസ്റ്റ് & ഫ്യൂരീസ് തുടങ്ങിയ സീരീസുകളിലൂടെ ഹോളിവുഡ് അടിവരയിടുന്നത്, വിജയ സിനിമകളുടെ തുടര്‍ച്ചകള്‍ക്ക് മാത്രമാണ് ഒരു പരിധിവരെ പ്രേഷകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താനാവുന്ന നായകന്മാരെ സൃഷ്ടിക്കാന്‍ സാധിക്കു എന്നതാണ്.

Tags:    

Similar News