സംരംഭം തുടങ്ങാന്‍ പോകുകയാണോ; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

സംരംഭകത്വ യാത്രയിലെ അപകടങ്ങള്‍ ഒഴിവാക്കാൻ ഇവ സഹായകമാകും

Update:2023-02-26 10:00 IST

നിങ്ങള്‍ സ്വന്തമായൊരു സംരംഭം തുടങ്ങാനുള്ള ശ്രമത്തിലാണോ. ആദ്യമായി സംരംഭകത്വത്തിലേക്ക് കടക്കുകയാണെങ്കില്‍ നിങ്ങളുടെ വിജയം ഉറപ്പാക്കാന്‍ നിങ്ങള്‍ പരിഗണിക്കേണ്ട നിരവധി അവശ്യ ഘടകങ്ങളുണ്ട്. സ്വന്തം സംരംഭം ആരംഭിക്കുന്നതിന് മുമ്പ് മനസ്സില്‍ സൂക്ഷിക്കേണ്ട അഞ്ച് അത്യാവശ്യ കാര്യങ്ങള്‍ അറിയാം. ഈ നുറുങ്ങുകള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് വിജയസാധ്യത വര്‍ധിപ്പിക്കാനും നിങ്ങളുടെ സംരംഭകത്വ യാത്രയിലെ അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും.

1. വിപണിയെ നിരീക്ഷിക്കുക

വിപണിയെ നിരീക്ഷിച്ച് പഠിച്ചെടുക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. ഒരു വ്യക്തി സംരംഭവുമായെത്തുകയാണെങ്കില്‍ നിര്‍ബന്ധമായും ഇത് ശ്രദ്ധിക്കണം. ഒരു പുതിയ ഉല്‍പ്പന്നമാണ് ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ സമൂഹത്തിന്റെ വിപണന രീതിയും അവരുടെ ആവശ്യങ്ങളും നിരീക്ഷിച്ച് മനസിലാക്കണം. നിങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നത്തിന്റെ സാധ്യതയും സമാന ഉല്‍പ്പന്നങ്ങളെ കുറിച്ചും അവയുടെ വില്‍പ്പനയെ കുറിച്ചുമെല്ലാം പഠിച്ച് മനസിലാക്കേണ്ടതാണ്. ഏതൊക്കെ ആള്‍ക്കാരാണ് ഉല്‍പ്പന്നം ഉപയോഗിക്കുന്നതെന്ന് മനസിലാക്കി തങ്ങളുടെ ഉപഭോക്താക്കളെ കുറിച്ചുള്ള ധാരണ സംരംഭം തുടങ്ങുന്നതിന് മുമ്പേ ഉറപ്പുവരുത്തണം.

2. സമൂഹത്തെ പഠിക്കുക

ആളുകള്‍ക്ക് ആവശ്യമായി വരുന്നതും, എന്നാല്‍ വിപണിയില്‍ അത്ര എളുപ്പം ലഭ്യമല്ലാത്തതുമായ ചില ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകും. അവയ്ക്ക് വലിയ ഡിമാന്‍ഡ് ലഭിക്കുകയും അവ പെട്ടെന്ന് തന്നെ വിറ്റഴിയുകയും ചെയ്യും. ഇത്തരത്തില്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി ആ വിടവ് നികത്തുന്ന രീതിയിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതായിരിക്കും നല്ലത്. കാലത്തിനനുസരിച്ച് ഉപഭോക്താക്കളിലുണ്ടാകുന്ന മാറ്റങ്ങളും സംരംഭ സാധ്യതകളും മനസിലാക്കണം.

ഓരോ കാലത്തിനനുസരിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ചും സമൂഹത്തിലും മാറ്റങ്ങളുണ്ടായേക്കും. ഇത് വിപണിയിലും പ്രതിഫലിച്ചേക്കും. ഇവ മനസിലാക്കി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സംരംഭങ്ങള്‍ തുടങ്ങുകയാണെങ്കില്‍ മികച്ച വളര്‍ച്ച നേടാവുന്നതാണ്. ഉദാഹരണത്തിന്, കോവിഡിന് ശേഷം സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവയ്ക്ക് വിപണിയില്‍ നല്ല ഡിമാന്റുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹത്തിന്റെയും വിപണിയുടെയും ആവശ്യങ്ങള്‍ മനസിലാക്കി സംരംഭങ്ങള്‍ തുടങ്ങുന്നതാണ് ഉചിതം.

3. ഉല്‍പ്പന്നത്തിന്റെ ഭാവി

നിങ്ങള്‍ ഉല്‍പ്പാദന രംഗത്തേക്കാണ് കടക്കുന്നതെങ്കില്‍ ആ ഉല്‍പ്പന്നത്തിന്റെ ലാഭക്ഷമത ഉറപ്പുവരുത്തേണ്ടതാണ്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ്, നിര്‍മാണ ചെലവ്, വിതരണ ചെലവ്, കമ്മീഷന്‍ തുടങ്ങിവയെ കുറിച്ചൊക്കെ മനസിലാക്കി ലാഭക്ഷമത ഉറപ്പുവരുത്തി വേണം ഉല്‍പ്പന്നത്തന് വില നിശ്ചയിക്കാന്‍. കൂടാതെ, സമാനമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ടെങ്കില്‍ അവയുടെ വിലയെ കുറിച്ചും ഗുണമേന്മയെ കുറിച്ചും താരതമ്യം ചെയ്ത് നല്ല ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക. ഉല്‍പ്പന്നത്തിന്റെ ഭാവി സാധ്യത പഠിക്കുക.

4. അപകടസാധ്യതകള്‍ മനസ്സിലാക്കുക

ഒരു ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകളെ കുറിച്ച് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും ശക്തമായ ഒരു റിസ്‌ക് മാനേജ്‌മെന്റ് പ്ലാന്‍ വികസിപ്പിക്കാനും നിങ്ങളുടെ സംരംഭത്തിന്റെ ദീര്‍ഘകാല വിജയം ഉറപ്പാക്കാനും ഇത് നിങ്ങളെ സഹായിക്കും. മാര്‍ക്കറ്റ് അപകടസാധ്യതകള്‍ മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. അപകടസാധ്യതകള്‍ അവഗണിക്കുന്നത് സാമ്പത്തിക നഷ്ടം, നിയമപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകും.

5. ടെക്‌നോളജി ഉപയോഗിക്കുക

ഉല്‍പ്പാദന ക്ഷമത കൂട്ടുന്നതോടൊപ്പം സമയവും ലാഭിക്കന്‍ സഹായിക്കുന്ന ഒന്നാണ് സാങ്കേതികവിദ്യ. ഒരു സംരംഭം തുടങ്ങുന്നതിന് മുമ്പേ സാങ്കേതികത ഉറപ്പാക്കേണ്ട മേഖലകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. വ്യവസായ രംഗത്ത് ഇപ്പോള്‍ ശക്തമായ മത്സരമാണ് നടക്കുന്നത്, പ്രത്യേകിച്ച് ഡിജിറ്റല്‍ ആയി മാറുന്നതില്‍. അതിനാല്‍ ഡിജിറ്റല്‍ ബിസിനസിന്റെ വഴികള്‍ സ്വായത്തമാക്കി മുന്നേറാന്‍ കഴിയണം. അവ പഠിക്കുകയും പരിശീലിക്കുകയും ചെയ്യണം.


  

Tags:    

Similar News