സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്. മാര്‍ച്ച് ഏഴിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
വന്‍കിട ഹോട്ടല്‍ വ്യവസായ രംഗത്ത് സ്വന്തം ബ്രാന്‍ഡുണ്ടാക്കി വിജയം കൈവരിച്ച യുവ സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്‍ഡായ താമര ലെഷര്‍ എക്സ്പീരിയന്‍സിന്റെ സ്ഥാപകയും സി.ഇ.ഒ.യുമാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാലിന്റെ മകളായ ശ്രുതി.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭയായി മാറി വിജയം വരിച്ച കഥയാണ് പൂര്‍ണിമയുടേത്. 2013ല്‍ പൂര്‍ണിമ ഇന്ദ്രജിത്ത് സ്ഥാപിച്ച 'പ്രാണ' എന്ന സ്ഥാപനം ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനോടൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചതിലൂടെ കുറഞ്ഞ സമയത്തിനകം ഉയരങ്ങള്‍ താണ്ടി. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ' സേവ് ദി ലൂം' എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിച്ചു.
ഒരു തയ്യല്‍ മെഷീനില്‍ ഒരു ടെയിലറുടെ സേവനവുമായി 1986 ല്‍ ഷീല ജെയിംസ് ആരംഭിച്ച ചെറിയ സംരംഭമാണ് വിവിധ തലമുറയില്‍പ്പെട്ട സ്ത്രീകളുടെ ഫാഷന്‍ സ്വപ്നങ്ങള്‍ നിറവേറ്റുന്ന 'സറീന ബൂട്ടീക്ക്' എന്ന പേരില്‍ വന്‍കിട സ്ഥാപമായി വളര്‍ന്നത്. അടുത്തിടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലും പങ്കാളിയായ ഷീല ജെയിംസ് യശഃശരീരനായ മുന്‍ മന്ത്രി ബേബി ജോണിന്റെ പുത്രിയും കേരള സി എ ജി ആയിരുന്ന ജെയിംസ് ജോസഫിന്റെ ഭാര്യയുമാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine