ബില്യണയര്‍മാരെ സൃഷ്ടിച്ച 6 ശീലങ്ങള്‍

Update:2019-06-13 14:58 IST

21 സംരംഭകരെ ശതകോടീശ്വരന്മാരാകാന്‍ സഹായിച്ചത് അവര്‍ക്കെല്ലാം പൊതുവായുള്ള ആറ് ശീലങ്ങളാണ്. റാഫേല്‍ ബദ്‌സ്യാഗ് എന്ന സംരംഭകന്‍ തന്റെ 'ദി ബില്യണ്‍ ഡോളര്‍ സീക്രട്ട്' എന്ന പുസ്തകത്തിനായി 21 ബില്യണയര്‍മാരെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ കണ്ടെത്തിയതാണിത്. ബില്യണയറാകാനുള്ള രഹസ്യങ്ങള്‍ അറിയുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

''ശക്തമായ ഒരു അടിത്തറയില്ലാതെ നിങ്ങള്‍ക്ക് സമ്പത്ത് കെട്ടിപ്പടുക്കാനാകില്ല. ദീര്‍ഘകാലത്തേക്കുള്ള കാഴ്ചപ്പാടില്‍ നിങ്ങളുടെ ശീലങ്ങളാണ് നിങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നത്.'' സംരംഭകനും സംരംഭകമനശാസ്ത്രത്തില്‍ വിദഗ്ധനുമായ ബദ്‌സ്യാഗ് തന്റെ 'ദി ബില്യണ്‍ ഡോളര്‍ സീക്രട്ട്: 20 പ്രിന്‍സിപ്പിള്‍സ് ഓഫ് ബില്യണയര്‍ വെല്‍ത്ത് ആന്‍ഡ് സക്‌സസ്' എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

ലോകത്തെ 21 ശതകോടീശ്വരന്മാരെ ഇന്റര്‍വ്യൂ ചെയ്യുകയും അവരുടെ ജീവിതത്തെയും സംരംഭത്തെയും കുറിച്ച് പഠനം നടത്തുകയും ചെയ്ത് അഞ്ചു വര്‍ഷം ചെലവഴിച്ചാണ് അദ്ദേഹം ഈ പുസ്തകം തയാറാക്കിയത്. ഇത്രകാലത്തെ പഠനത്തില്‍ അദ്ദേഹത്തിന് ഒരു കാര്യം മനസിലായി. ഈ 21 ശതകോടീശ്വരന്മാരെയും ഇത്രത്തോളം സമ്പത്ത് നേടാന്‍ സഹായിച്ചത് അവര്‍ക്കെല്ലാം പൊതുവായുള്ള ആറ് ശീലങ്ങളാണ്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. ശതകോടീശ്വരന്മാര്‍ നേരത്തെ എഴുന്നേല്‍ക്കുന്നവരാണ്!

എല്ലാ സംരംഭകരും തന്നെ അതിരാവിലെ എഴുന്നേല്‍ക്കുന്നവരാണ്. ഇന്റര്‍വ്യൂ ചെയ്ത 21 സംരംഭകര്‍ രാവിലെ എഴുന്നേല്‍ക്കുന്ന ശരാശരി സമയം രാവിലെ അഞ്ചരയാണ്. ഇതവരെ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരും ഊര്‍ജ്ജസ്വലരുമാക്കി മാറ്റുന്നു. ഈ ശീലം അവരുടെ വിജയത്തില്‍ പ്രധാനമാണെന്ന് ബദ്‌സ്യാഗ് പറയുന്നു.

2. അവര്‍ ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നു

ബദ്‌സ്യാഗ് ഇന്റര്‍വ്യൂ ചെയ്ത 21 ശതകോടീശ്വരന്മാരും കണിശമായ വ്യായാമമുറകള്‍ പിന്തുടരുന്നു. അതില്‍ പ്രായഭേദമൊന്നുമില്ല. ഇതില്‍ പ്രായമായവര്‍ പോലും ജിമ്മില്‍ കൃത്യമായി പോകുന്നു. ഇതില്‍ പലരും രാവിലെ കായികവിനോദങ്ങളിലും ഏര്‍പ്പെടുന്നുണ്ട്. സ്‌പോര്‍ട്‌സ് ശരീരത്തിനും മനസിനും കരുത്ത് നല്‍കുന്നു.

3. അവര്‍ക്ക് വായനാശീലമുണ്ട്

എല്ലാ ദിവസവും വായിക്കാനായി അവര്‍ കുറച്ചുസമയം മാറ്റിവെക്കുന്നു. വാര്‍ത്തകള്‍, ജീവചരിത്രങ്ങള്‍, ഇന്‍ഡസ്ട്രി മാഗസിന്‍സ്, ബിസിനസ് പുസ്തകങ്ങള്‍ എന്നിവയാണ് കൂടുതല്‍പ്പേരും വായിക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള വായനയും ഇതില്‍ ഉള്‍പ്പെടുന്നു. വാറന്‍ ബഫെറ്റ് തന്റെ പകല്‍സമയത്തിന്റെ 80 ശതമാനവും ചെലവഴിക്കുന്നത് വായിക്കാനായാണ്.

4. അവര്‍ ചിന്തിക്കുന്നു!

ഈ 21 ശതകോടീശ്വരമാരും ചിന്തിക്കാനായി സമയം ചെലവിടുന്നു. അത് ചിലപ്പോള്‍ ധ്യാനത്തിലൂടെയായിരിക്കാം, അല്ലെങ്കില്‍ വ്യായാമത്തിനൊപ്പമോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിനിടയിലോ ആയിരിക്കാം. ''എങ്ങനെ കൂടുതല്‍ പണമുണ്ടാക്കാം, പുതിയ അവസരങ്ങള്‍ എവിടെയാണ്, എന്റെ പ്രവര്‍ത്തനമേഖല എനിക്ക് സന്തോഷം തരുന്നുണ്ടോ? ഞാന്‍ ആവശ്യത്തിന് വ്യായാമം ചെയ്യുന്നുണ്ടോ? കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് എങ്ങനെ പങ്കാളിയാകാം... തുടങ്ങിയ ചോദ്യങ്ങളാണ് അവര്‍ കൂടുതലായി സ്വയം ചോദിക്കുന്നതെന്ന് 177 മില്യണയര്‍മാരെക്കുറിച്ച് പഠിച്ച തോമസ് സി കോര്‍ളി പറയുന്നു.

5. അവര്‍ക്ക് വ്യക്തമായ ദിനചര്യകളുണ്ട്!

അവര്‍ ദീര്‍ഘകാലത്തേക്കായി ദിനചര്യകള്‍ ഉണ്ടാക്കുന്നു. ഇതുവഴി ശീലങ്ങള്‍ ശാശ്വതമായി തുടര്‍ന്നുകൊണ്ടുപോകാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇടക്കിടെ അതില്‍ അവര്‍ മാറ്റം വരുത്തുന്നില്ല. ബിസിനസിലെ ദീര്‍ഘകാല വിജയത്തിന് പ്രഭാതദിനചര്യ വളരെ പ്രധാനമാണെന്ന് ബദ്‌സ്യാഗ് കണ്ടെത്തി. അതുപോലെ തന്നെ അവര്‍ക്ക് ഓഫീസില്‍ അവരുടെ ദിവസം തുടങ്ങുന്നതിനും കൃത്യമായ ദിനചര്യയുണ്ട്.

6. അവര്‍ അച്ചടക്കം പാലിക്കുന്നു!

''ഞാന്‍ ഇന്റര്‍വ്യൂ ചെയ്ത ശതകോടീശ്വരന്മാരാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അച്ചടക്കമുള്ളവര്‍.'' അദ്ദേഹം പറയുന്നു. അവര്‍ അവര്‍ക്കുതന്നെയും ചുറ്റുമുള്ളവര്‍ക്കും ഉന്നത മാനദണ്ഡം നിശ്ചയിക്കുന്നു. സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് അച്ചടക്കം വളരെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഇതെക്കുറിച്ച് പഠനം നടത്തിയ ഗ്രന്ഥകാരനായ ക്രിസ് ഹോഗനും പറയുന്നു.

Similar News