എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും സംരംഭകരെ പഠിപ്പിക്കുന്ന ബ്രാന്‍ഡിംഗ് പാഠങ്ങള്‍

ഉറപ്പാണ് എല്‍ ഡി എഫ്, ഉറപ്പാണ് തുടര്‍ഭരണം എന്ന തെരഞ്ഞെടുപ്പ് പ്രചരണ വാചകം എന്തുകൊണ്ട് സംരംഭകര്‍ ശ്രദ്ധിക്കണം?

Update:2021-05-11 17:11 IST

തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് ക്യാംപെയ്‌നും മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് പ്രൊഫഷണലുകള്‍ക്ക് കേസ് സ്റ്റഡിയാണ്. ആത്യന്തികമായി ബ്രാന്‍ഡ് ഉടമകളും രാഷ്ട്രീയ കക്ഷികളും ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടാനാണല്ലോ ശ്രമിക്കുന്നത്!

കേരളത്തില്‍ ഇതാദ്യമായി, ഒരു ടേം പൂര്‍ണമായി ഭരണത്തിലിരുന്ന കക്ഷിക്ക് തന്നെ തുടര്‍ഭരണം ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് ബ്രാന്‍ഡ് ഉടമകള്‍ പഠിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.
റോഡ് ഷോ കൊണ്ട് മാത്രം കാര്യമില്ല നേരെ ജനമനസ്സില്‍ കയറണം
കേരളത്തിലെ പ്രമുഖ മൂന്ന് കക്ഷികളും റോഡ് ഷോകളും യാത്രകളും പ്രകടനങ്ങളും നടത്തി. പക്ഷേ സിപിഎം തങ്ങളുടെ അതിശക്തമായ സംഘടനാ സംവിധാനം പരമാവധി ഉപയോഗിച്ച് കേരളത്തിലെ ഓരോ വീടുകളിലെയും വോട്ടര്‍മാരെ നേരില്‍ കണ്ടു. പാര്‍ട്ടിയുടെ സന്ദേശം കൃത്യമായി എത്തിച്ചു. അവരുടെ സംശയങ്ങള്‍ തീര്‍ത്തു. യു ഡി എഫും എന്‍ ഡി എയും റാലികളിലൂടെയും യാത്രകളിലൂടെയും ജനങ്ങളുടെ മനസ്സ് കീഴടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. ഇത് ബ്രാന്‍ഡ് ഉടമകള്‍ക്കും നല്ലൊരു പാഠം പകരുന്നുണ്ട്. മാസ് മീഡിയകളായ ടെലിവിഷനിലൂടെയോ പത്രങ്ങളിലൂടെയോ കാടിളക്കിയുള്ള പരസ്യം നല്‍കിയതു കൊണ്ട് മാത്രം കാര്യമില്ല. ഉപഭോക്താവിന്റെ മനസ്സ് കീഴടക്കാന്‍ അവരുമായി കണക്റ്റ് ചെയ്യാനുള്ള വഴി കണ്ടെത്തണം. അതിലൂടെ അവരിലേക്ക് നേരിട്ടിറങ്ങി ചെല്ലണം. നിങ്ങളുടെ ഉല്‍പ്പന്നത്തെയോ/ സേവനത്തെയോ കുറിച്ച് നേരില്‍ അവരെ ധരിപ്പിക്കണം. അവരുടെ ആശങ്കകള്‍ അകറ്റണം. സംശയങ്ങള്‍ തീര്‍ക്കണം. അങ്ങനെ ഹൃദയം കീഴടക്കണം. ഉപഭോക്താവിനോട് നിങ്ങള്‍ മാത്രം സംസാരിച്ചതുകൊണ്ട് അയാളുടെ ഹൃദയം കീഴടക്കാനാവില്ല. അവരുടെ വാക്കുകള്‍ കേള്‍ക്കണം. വില കല്‍പ്പിക്കണം. ഇന്ററാക്ടീവ് കമ്യൂണിക്കേഷനിലൂടെ മാത്രമേ ബ്രാന്‍ഡുകള്‍ക്ക് ഉപഭോക്താവിന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ ലഭിക്കും വിധം കയറികൂടാനാകൂ.
ഒരേ സ്വരം, ഒരേ വിശ്വാസം
ഒരു ബ്രാന്‍ഡ് അതിന്റെ യഥാര്‍ത്ഥ ഉപഭോക്താവിലേക്ക് എത്തുംമുമ്പേ പല തലങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. ബ്രാന്‍ഡ് ഉടമ, സംരംഭത്തിന്റെ ഉന്നതതലത്തിലുള്ള ടീം, സംഭരണ-വിതരണക്കാര്‍, റീറ്റെയ്‌ലേഴ്‌സ് എന്നിവയിലൂടെ കടന്നാണ് ഉല്‍പ്പന്നം/ സേവനം ഉപഭോക്താവിലേക്ക് എത്തുന്നത്. ഓരോ തലത്തിലുമുള്ളവര്‍ നിങ്ങളുടെ ഉല്‍പ്പന്നം/ സേവനത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് അതിനെ ഉപഭോക്താവിന്റെ മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ സാധിക്കൂ.

കേരളത്തിലെ വിജയിച്ച പാര്‍ട്ടിയും അതിന്റെ നേതാവും സ്വീകരിച്ചതും ഇതേ് കാര്യമാണ്. എല്‍ ഡി എഫ് അതിന്റെ സഖ്യകക്ഷികളോടും പാര്‍ട്ടി അണികളോടും ഓരോ വിഷയത്തിലും അവരുടെ നിലപാട് വ്യക്തമായി പറഞ്ഞുമനസ്സിലാക്കി കൊടുത്തു. പ്രാദേശികതലത്തില്‍ നിന്നുള്ള കക്ഷികളുടെ അഭിപ്രായങ്ങള്‍ കേട്ട് തിരുത്തേണ്ടവ തിരുത്തി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഏകീകൃതമായ ഒരു സ്വരമാകാനും വോട്ടര്‍മാരുമായുള്ള ആശയവിനിമയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും സഹായിച്ചു.

ഓരോ ബ്രാന്‍ഡ് ഉടമയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട കാര്യമാണിത്. ഒരു ബ്രാന്‍ഡ് ഉടമയ്ക്കും എല്ലായ്‌പ്പോഴും നേരെ ഉപഭോക്താവിനെ സമീപിച്ച് ഉല്‍പ്പന്നം വില്‍ക്കാനാകില്ല. അവര്‍ക്ക് വിപണന - വിതരണ ശൃംഖലയിലൂടെ മാത്രമേ വില്‍പ്പന സാധ്യമാകൂ. നിങ്ങളുടെ ബ്രാന്‍ഡിനെ ഉപഭോക്താവിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ ഓരോരുത്തരും ആ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസിഡറെ പോലെയാകണം പ്രവര്‍ത്തിക്കേണ്ടത്.

ഇങ്ങനെ ഒന്ന് സാധ്യമാകാന്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും നിങ്ങളുടെ വിജയത്തിലെ പങ്കാളികളാണ് അവരെന്ന തോന്നല്‍ ഉണ്ടാകണം. അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറാകണം. ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുകയും വേണം.
വ്യക്തമായ സന്ദേശം
ബ്രാന്‍ഡ് ക്യാപെയ്‌നുകള്‍ ഉപഭോക്താവിന്റെ മനസ്സിലേക്ക് കയറണമെങ്കില്‍, ഉപഭോക്താവ് അത് സ്വീകരിക്കണമെങ്കില്‍ അതിന് വ്യക്തത വേണം. ഒപ്പം പോസിറ്റീവുമായിരിക്കണം. എല്‍ ഡി എഫിന്റെ പ്രചാരണ വാചകം എല്ലാവരും ശ്രദ്ധിച്ചില്ലേ? ഉറപ്പാണ് എല്‍ ഡി എഫ്, ഉറപ്പാണ് തുടര്‍ഭരണം. ഇതില്‍ വ്യക്തതയുണ്ട്. ആത്മവിശ്വാസവും. പക്ഷേ യുഡിഎഫ്, എന്‍ ഡി എ കക്ഷികളുടെ പ്രചാരണ വാചകത്തില്‍ ഇത്രമാത്രം വ്യക്തതയുണ്ടായില്ല.

ഒരു ബ്രാന്‍ഡ് ഉടമ സ്വന്തം ഉപഭോക്താവിനെ തേടിയിറങ്ങും മുമ്പേ അവരോട് പറയാനുള്ള കാര്യങ്ങളെ കുറിച്ച് മനസ്സില്‍ വ്യക്തമായ രൂപം ഉണ്ടാക്കിയിരിക്കണം. ഏതെല്ലാം പ്ലാറ്റ്‌ഫോമില്‍ എത്രനാള്‍ നിങ്ങള്‍ എന്ത് പറയുന്നുവെന്നതിനെ കുറിച്ചൊക്കെ ധാരണ വേണം. നിങ്ങളുടെ ഉല്‍പ്പന്നം/സേവനം വാങ്ങാന്‍ പ്രചോദിപ്പിക്കുന്ന വിധമുള്ളതാകണം ക്യാപെയ്ന്‍.

ഉറപ്പാണ് എല്‍ഡിഎഫ് എന്ന് എല്‍ ഡി എഫ് നേതൃത്വം മാത്രമല്ല പറഞ്ഞത്. പ്രാദേശിക തലത്തിലെ നേതാക്കളും അണികളും വരെ ഊന്നിപ്പറഞ്ഞത് ഇക്കാര്യമാണ്. ലഭിക്കുന്ന ഓരോ അവസരത്തിലും അവര്‍ ഇക്കാര്യം പറഞ്ഞുകൊണ്ടേയിരുന്നു. ഇതുതന്നെയാണ് ബ്രാന്‍ഡുമായി അസോസിയേറ്റ് ചെയ്യുന്ന ഓരോരുത്തരും ചെയ്യേണ്ടതും. ഇടയ്ക്കിടെ മാറാതെ, ഒരേ കാര്യം കിട്ടുന്ന വേദികളിലെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുക. ഇത് ഉപഭോക്താവിലേക്ക് വളരെ ശക്തമായി ആ സന്ദേശം എത്തിക്കാന്‍ സഹായിക്കും.

(ബ്ലാക്ക് സ്വാന്‍ (ഇന്ത്യ) ഐഡിയേഷന്‍സിന്റെ സഹസ്ഥാപകനും ബ്രാന്‍ഡിംഗ്&സ്ട്രാറ്റജി മേധാവിയുമാണ് ലേഖകന്‍)


Tags:    

Similar News