ബൈജൂസ് ആപ്പ് 'വൈറ്റ് ഹാറ്റ് ജൂനിയര്‍' വാങ്ങുന്നു; നടത്തുന്നത് 300 മില്യണ്‍ ഡോളര്‍ ക്യാഷ് ഡീല്‍
കോഡ് ലേണിംഗ് ആപ്പ് രംഗത്ത് പ്രസിദ്ധിയാര്‍ജിച്ച വൈറ്റ് ഹാറ്റ് ജൂനിയറിനെ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ ബൈജൂസ് ആപ്പ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 300 മില്യണ്‍ ഡോളര്‍ ക്യാഷ് ഡീലാണ് ബൈജൂസ് കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. ഡിസ്‌കവറി നെറ്റ്വര്‍ക്ക്‌സ് ഇന്ത്യ സിഇഓ കരണ്‍ബജാജ് 2018 ല്‍ സ്ഥാപിച്ച വൈറ്റ് ഹാറ്റ് ജൂനിയര്‍ കെ- 12 സെഗ്മെന്റിലെ പ്രമുഖ എഡ്യൂടെക് ആപ്പാണ്. പ്രോഡക്റ്റ് ക്രിയേഷന്‍, കോഡിംഗ് കിരക്കുലം എ്ന്നിവ മുന്‍നിര്‍ത്തി ലൈവ് ക്ലാസുകളും ഇന്‌ററാക്ടീവ് ഓണ്‍ലൈന്‍ സെഷനും പ്രദാനം ചെയ്യുന്നതില്‍ ശ്രദ്ധേയരാണ് വൈറ്റ് ഹാറ്റ് ടീം.
150 മില്യണ്‍ ഡോളര്‍ വരെ വരുമാനം നേടിയിരുന്ന കമ്പനിയെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി മുമ്പ് സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ഇതുവരെ ബൈജൂസ് പുതിയ ഡീലുകള്‍ ഒന്നും തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഡീല്‍ ഒപ്പുവയ്ക്കുമ്പോള്‍ ഇതുവരെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളില്‍ ഏറ്റവും മൂല്യമേറിയതാകും വൈറ്റ് ഹാറ്റ് ജൂനിയറുമായി നടത്തുന്നത്. മുമ്പ് യുഎസ് ആസ്ഥാനമായ ഓസ്‌മോ എന്ന ലേണിംഗ് ആപ്പ്, മാത് അഡ്വഞ്ചേഴ്‌സ്, ട്യൂട്ടര്‍ വിസ്ത, വിദ്യാര്‍ത്ഥ് എന്നിവയായിരുന്നു ബൈജൂസിന്റെ വലിയ ഏറ്റെടുക്കലുകള്‍.
കോഡിംഗ് പഠനം എഡ്യൂടെക് സെഗ്മെന്റിലെ അതിവേഗ മേഖലയാണെന്നതിനാല്‍ തന്നെ പുതിയ ലക്ഷ്യങ്ങളിലേക്കുള്ള ബൈജൂസിന്റെ കുതിപ്പാണ് ഈ പുതിയ ഡീലും പ്രകടമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബൈജൂസ് ആപ്പിലേക്ക് 3000 കോടിയുടെ വിദേശ നിക്ഷേപമെത്തിയ റിപ്പോര്‍ട്ടുകള്‍ ബ്ലൂംബെര്‍ഗിലൂടെ പുറത്തു വന്നത്. അതിനു പിന്നാലെയാണ് ഈ ഡീലും. റഷ്യ- ഇസ്രയേലി സംരംഭകനായ യൂറി മില്‍നേറില്‍ നിന്നാണ് 400 മില്യണ്‍ ഡോളര്‍ നിക്ഷേപം കമ്പനി സമാഹരിച്ചത്.
പുത്തന്‍ ചുവടുവയ്പിനായായിരിക്കാം ബൈജൂസ് ഈ ഡീലില്‍ ഒപ്പു വച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എഡ്യൂടെക് രംഗത്ത് നിലവില്‍ ഇത്രയേറെ വളര്‍ച്ച കൈവരിച്ച മറ്റൊരു കമ്പനി ആഗോള തലത്തില്‍ തന്നെയില്ല എന്നതാണ് ബൈജൂസിനെ ഹോട്ട് ബ്രാന്‍ഡ് ആക്കുന്നത്.
ഇതിനു മുമ്പ് ആഗോള ടെക്‌നോളജി നിക്ഷേപ സ്ഥാപനമായ മേരീ മീക്കേഴ്സ് ബോണ്ട്, യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഗ്ലോബല്‍ എന്നിവരും ബൈജൂസില്‍ കോടികള്‍ നിക്ഷേപിച്ചിരുന്നു. മറ്റൊരു ലേണിംഗ് ആപ്പായ ഡൗട്ട് നട്ടും സ്വന്തമാക്കാന്‍ ബൈജൂസിന് നീക്കമുള്ളതായാണ് വിവരം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline