ബൈജൂസിനെ വിജയത്തിലേക്കെത്തിച്ചത് ഈ മൂന്ന് കാര്യങ്ങൾ, ബൈജു രവീന്ദ്രൻ പറയുന്നു
ബൈജു രവീന്ദ്രനോട് സംസാരിക്കുമ്പോള്‍ ഒരു ക്രിക്കറ്റ് കമന്ററി കേള്‍ക്കും പോലെ തോന്നും. ഇരമ്പിയാര്‍ക്കുന്ന വാക്കുകളില്‍ നിറയുന്നത് മുഴുവന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ആരവും ആവേശവുമാണ്. ''ഞാന്‍ പഠിച്ചത് മലയാളം മീഡിയം സ്‌കൂളിലാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചത് ക്രിക്കറ്റ് കമന്ററി കേട്ടും'' തന്റെ സംസാര രീതി ഇങ്ങനെയായതിന്റെ കാരണം ബൈജു രവീന്ദ്രന്‍ തന്നെ വിശദീകരിക്കുന്നു.
സ്‌കൂള്‍ അധ്യാപക ദമ്പതികളുടെ മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ജനിച്ച്, സാധാരണ സ്‌കൂളില്‍ പഠിച്ച, ക്രിക്കറ്റും ഫുട്‌ബോളും ടേബിള്‍ ടെന്നീസും സിരകളില്‍ ആവാഹിച്ച് നടന്ന ബൈജു ഇന്ന് ലോകത്തിലെ എഡ്യുക്കേഷന്‍ ടെക്‌നോളജി കമ്പനികള്‍ക്കിടയിലെ കരുത്തുറ്റ ബ്രാന്‍ഡാണ്. ക്രിക്കറ്റ് കമന്ററി കേട്ട് ഇംഗ്ലീഷ് പഠിച്ച ബൈജു ഇന്ന് ഒന്നര കോടിയിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ബൈജൂസ് ലേണിംഗ് ആപ്പിലൂടെ പഠനം രസകരമായൊരു പ്രക്രിയയാക്കിയിരിക്കുന്നു. പ്രതിദിനം പുതുതായി കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ബൈജൂസ് ലേണിംഗ് ആപ്പിന്റെ ഉപഭോക്താക്കളാകുന്നത്.
അധ്യാപകനാകുക എന്നത് തന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലാതിരുന്ന കാര്യമായിരുന്നുവെന്ന് പറയുന്ന ബൈജു അധ്യയന രീതി തന്നെയാണ് ഇന്ന് മാറ്റി മറിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിച്ച് കുട്ടികളുടെ കഴിവിന് അനുസരിച്ച് വ്യക്തിഗതമായ പഠന സാഹചര്യം സൃഷ്ടിക്കുകയും അവരുടേതായ കഴിവിനും രീതിക്കും അനുസരിച്ച് പഠിക്കുന്നതിന് അവസരമൊരുക്കുകയുമാണ് ബൈജൂസ് ലേണിംഗ് ആപ്പ് ചെയ്യുന്നത്.
വിദ്യാര്‍ത്ഥികളുടെ മാത്രമല്ല ലോകമെമ്പാടും നിന്നുള്ള നിക്ഷേപകരുടെയും കണ്ണിലുണ്ണിയാണ് ബൈജൂസ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും ഭാര്യ ഡോ. പ്രസില്ല ചാനും സ്ഥാപിച്ച ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവില്‍ നിന്ന് 50 മില്യന്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ച ബൈജൂസിനെ തേടി ചൈനീസ് ഇന്റര്‍നെറ്റ് ഭീമന്‍ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ നിക്ഷേപവും എത്തിയിരുന്നു. ഇപ്പോഴിതാ നാസ്‌പേർസ് വെൻച്വേഴ്‌സ് നയിച്ച ഫണ്ടിംഗ് സമാഹരണ യജ്ഞത്തിൽ 40 കോടി ഡോളർ (ഏകദേശം 2880 കോടി രൂപ) നേടി ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഓൺലൈൻ ഉപഭോക്‌തൃ സേവന കമ്പനിയായി മാറിയിരിക്കുകയാണ് കമ്പനി. ബൈജൂസിന്റെ വാല്യൂവേഷൻ ഇപ്പോൾ 3.6 ബില്യൺ ഡോളറാണ്.
എങ്ങനെയാണ് ഈ മോഹിപ്പിക്കുന്ന നേട്ടങ്ങളിലേക്ക് ബൈജു രവീന്ദ്രന്‍ നടന്നുകയറിയത്? എന്താണ് ബൈജൂവിന് സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് പറയാനുള്ളത്?
Q: മലയാളിയുടെ ആദ്യ ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായി ബൈജൂസ് ലേണിംഗ് ആപ്പ് മാറിയിരിക്കുകയാണല്ലോ? ഈ നേട്ടത്തിനു പിന്നിലെ രഹസ്യമെന്താണ്?
ഞങ്ങളുടെ ഉപഭോക്താക്കള്‍ വിദ്യാര്‍ത്ഥികളാണ്. അവരുടെ ആവശ്യങ്ങള്‍ കൃത്യമായി കണ്ടറിഞ്ഞുള്ള കണ്ടന്റിനൊപ്പം അവരെ പൂര്‍ണമായും ഉള്‍ച്ചേര്‍ക്കാനുതകും വിധമാണ് അതിന്റെ രൂപകല്‍പ്പന. രണ്ടര കോടിയിലേറെ വിദ്യാര്‍ത്ഥികളാണ് ബൈജൂസ് ലേണിംഗ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്തിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥി പ്രതിദിനം ശരാശരി 64 മിനിട്ട് ബൈജൂസ് ആപ്പില്‍ സമയം ചെലവിടുന്നുണ്ട്. ബൈജൂസ് ലേണിംഗ് ആപ്പ് പഠനം രസകരമായൊരു പ്രക്രിയയാക്കി മാറ്റി എന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍. ഞങ്ങളുടെ വിജയ രഹസ്യവും മറ്റൊന്നല്ല.
Q: അതായത് ലക്ഷ്യമിടുന്ന ഉപഭോക്താവിനെ തൃപ്തിപ്പെടുത്താന്‍ ബൈജൂസ് ലേണിംഗ് ആപ്പിന് സാധിച്ചു. ആ ഘടകം തന്നെയാണോ നിക്ഷേപകരുടെയും കണ്ണിലുണ്ണിയായി ബൈജൂസിനെ മാറ്റിയത്?
അതിന് കാരണമായത് മൂന്ന് ഘടകങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു മീഡിയ ബിസിനസിന്റെ ലാഭസാധ്യത (profitabiltiy), ഒരു ടെക്‌നോളജി ബിസിനസിന്റെ വളര്‍ച്ചാ സാധ്യത (scalabiltiy), ഒരു സ്‌കൂള്‍ ബിസിനസിന്റെ ആവര്‍ത്തന സാധ്യത (repeatabiltiy) ഇവ മൂന്നും ഞങ്ങളുടെ ബിസിനസ് മോഡലിലുണ്ട്. മാത്രമല്ല ഒരു എഡ്യുക്കേഷന്‍ ടെക്‌നോളജി കമ്പനിയെന്ന നിലയില്‍ കരുത്തുറ്റ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗവും ഞങ്ങള്‍ക്കുണ്ട്.
Q:എങ്ങനെ ഇങ്ങനെ രസകരമായൊരു പാഠ്യക്രമം വികസിപ്പിച്ചെടുത്തു. ടീച്ചിംഗ് ഇഷ്ടമായിരുന്നോ?
അധ്യാപകനാകുകയെന്നത് എന്റെ ലക്ഷ്യമേ അല്ലായിരുന്നു. പഠിക്കുമ്പോള്‍ ഫുട്‌ബോളിലും ക്രിക്കറ്റിലും ടേബിള്‍ ടെന്നീസിലുമായിരുന്നു താല്‍പ്പര്യം. സ്‌പോര്‍ട്‌സ് മത്സരങ്ങളാണ് എന്നില്‍ നേതൃശേഷി വളര്‍ത്തിയത്. പ്രതിസന്ധിഘട്ടങ്ങളെ കൈകാര്യം ചെയ്യേണ്ട രീതി പഠിച്ചതും കളിക്കളത്തില്‍ നിന്നാണ്.
ക്ലാസ് മുറിയില്‍ നിന്നല്ല അതിനു പുറത്തുനിന്നാണ് കുട്ടികള്‍ അറിവും കഴിവും ആര്‍ജ്ജിക്കേണ്ടത്. മാത്രമല്ല, സ്വയം പഠനമാണ് മികച്ച രീതി. പഠിക്കുന്നതെങ്ങനെ എന്ന് പഠിക്കാന്‍ പറ്റിയാല്‍ എന്തും പഠിക്കാം.
എന്‍ജിനീയറായി ജോലി ചെയ്യുമ്പോള്‍ സുഹൃത്തുക്കളെ ഐഐഎം പ്രവേശനത്തിനുള്ള കോമണ്‍ ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് വിജയിക്കാന്‍ സഹായിച്ചതോടെയാണ് ഈ രംഗത്തുള്ള എന്റെ കഴിവ് സ്വയം ബോധ്യമാകുന്നത്. സുഹൂത്തുക്കള്‍ക്കു വേണ്ടിയുള്ള ക്ലാസ് പിന്നീട് ഒരു സ്റ്റേഡിയം മുഴുവനുള്ള വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലേക്കും വളര്‍ന്നു.
ഇന്ത്യയിലെമ്പാടുമുള്ള വിദ്യാര്‍ത്ഥികളിലേക്ക് കടന്നു ചെല്ലാന്‍ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് 2015ല്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത്.
Q: അധ്യാപകനില്‍ നിന്ന് സംരംഭകനായത് എങ്ങനെയാണ്?
സാധാരണ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ നിന്നാണ് പിറവിയെടുക്കുന്നതെങ്കില്‍ ബൈജൂസിന്റെ പിന്നണിയില്‍ എനിക്കൊപ്പമുള്ളത് എന്റെ വിദ്യാര്‍ത്ഥികളാണ്. എന്റെ വിദ്യാര്‍ത്ഥികളായിരുന്നവരെ പങ്കാളികളാക്കിയാണ് സംരംഭം തുടങ്ങിയത്. ആ ഗുരുശിഷ്യ ബന്ധം തന്നെയാണ് നേതൃനിരയിലെ കെട്ടുറപ്പിനും ഒരു കാരണം.
Q: ബൈജൂസ് ലേണിംഗ് ആപ്പിന്റെ ഭാവി പദ്ധതികളെന്തൊക്കെയാണ്?
ഏറ്റവും മികച്ച അധ്യാപകരാണ് ബൈജൂസ് ലേണിംഗ് ആപ്പിന്റെ പാഠങ്ങള്‍ തയാറാക്കുന്നത്. ഇപ്പോള്‍ ആപ്പ് ഉപയോഗിക്കുന്ന 75 ശതമാനം വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
എല്ലാ പ്രാദേശിക ഭാഷകളിലേക്കും പഠന സാമഗ്രികള്‍ തയാറാക്കുന്നതിന്റെ ശ്രമത്തിലാണ്. ആദ്യ ഘട്ടത്തില്‍ തന്നെ മലയാളത്തിലുള്ള പഠന സാമഗ്രികള്‍ വരും.
കേരളത്തില്‍ നിന്നുള്ള മികച്ച പ്രതികരണം പരിഗണിച്ച് കേരള സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ചുള്ള ആറു മുതല്‍ പന്ത്രണ്ട് വരെയുള്ള പാഠങ്ങളും ലേണിംഗ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. മലയാളത്തില്‍ പഠന പദ്ധതി വരുന്നതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ഇറങ്ങി ചെല്ലാന്‍ സാധിക്കും.
ബൈജൂസ് ലേണിംഗ് ആപ്പിനെ കുറിച്ച് മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അറിവ് പകരാന്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്റ്റുഡന്റ് കണക്റ്റ് സെന്ററുകള്‍ ആരംഭിക്കുകയാണ്. ബൈജൂസിന്റെ വിദഗ്ധ സംഘം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് അനുസരിച്ച് വീടുകളിലെത്തി ആപ്പിനെ കുറിച്ച് വിശദീകരിക്കും.
Q: വിദേശ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടോ?
നിലവില്‍ മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബൈജൂസിന് ശക്തമായ സാന്നിധ്യമുണ്ട്. മറ്റ് വിദേശ രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.
Q: സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് ബൈജുവിന് എന്താണ് പറയാനുള്ളത്?
നമുക്ക് മുന്നിലുള്ള ഒരു യഥാര്‍ത്ഥ പ്രശ്‌നത്തിനുള്ള പരിഹാരമാകണം നമ്മുടെ ബിസിനസ് ആശയം. ഒരിക്കലും കോടികണക്കിന് രൂപ സമ്പാദിക്കുക എന്നതാകരുത് ലക്ഷ്യം. പകരം കോടിക്കണക്കിന് ജീവിതങ്ങളെ എങ്ങനെ ഇന്നത്തേതിനേക്കാള്‍ മെച്ചമായ നിലയിലേക്ക് മാറ്റാനാകുമെന്നാണ് ചിന്തിക്കേണ്ടത്. സ്വന്തം ആശയത്തോടുള്ള അടങ്ങാത്ത അഭിവാഞ്ജ തീര്‍ച്ചയായും വേണം. പടിപടിയായുള്ള വളര്‍ച്ചയാണ് ലക്ഷ്യം വെയ്‌ക്കേണ്ടത്. ഓരോ ഘട്ടത്തിലും സ്വന്തം പ്രകടന നിലവാരം ഉയര്‍ത്തിക്കൊണ്ടേയിരിക്കണം. ഇത് മാറ്റങ്ങളുടെ കാലമാണ്. വിജയങ്ങളില്‍ സ്വയം മറക്കാതെ ചുറ്റിലും നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി ഗ്രഹിച്ച് അതിവേഗം അവ ഉള്‍ച്ചേര്‍ത്ത് മുന്നോട്ടു പോയാല്‍ മാത്രമേ സുസ്ഥിരമായ വളര്‍ച്ച നേടാനാകൂ.
(ധനം മാഗസിൻ 2018 ഏപ്രിൽ 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)