റോബോട്ടിക് സാങ്കേതിക വിദ്യയില്‍ ശക്തമായ മുന്നേറ്റം

Update:2019-08-11 12:02 IST

ഇന്നവേഷന്‍

ലോകത്താകമാനം ക്രൂഡ് ഓയ്ല്‍ ടാങ്കുകളെ വൃത്തിയാക്കുന്നത് മനുഷ്യര്‍ നേരിട്ടാണെങ്കില്‍ ഇനിമുതല്‍ റോബോട്ടുകളായിരിക്കും അപകടകരമായ ഈയൊരു ദൗത്യം നിര്‍വ്വഹിക്കുന്നത്. ഇതിലേക്കാവശ്യമായ റോബോട്ടുകളെയാണ് ഗോകുല്‍ വി.നാഥിന്റെ നേതൃത്വത്തിലുള്ള ഡിമസ്റ്റാന്‍ഗോ ടീം വികസിപ്പിക്കുന്നത്. ദേശീയതലത്തിലെ 1300 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) നിക്ഷേപത്തിനായി തെരെഞ്ഞെടുത്ത 13 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ഡിമസ്റ്റാന്‍ഗോ. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സംരംഭമാണിത്. ഓട്ടോമാറ്റിക് വാട്ടര്‍ ലെവല്‍ കണ്‍ട്രോളര്‍, റിവേഴ്‌സ് ഓസ്‌മോസിസ് കണ്‍ട്രോളര്‍, ഡിജിറ്റല്‍ വാട്ടര്‍ ലെവല്‍ ഇന്‍ഡിക്കേറ്റേഴ്‌സ് എന്നിവയ്ക്കായി GOJAL എന്നൊരു ഉല്‍പ്പന്നം കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ജലനിധി പദ്ധതികളില്‍ ടാങ്ക് നിറഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പമ്പ് ഓഫാകുന്ന സംവിധാനം ലഭ്യമാക്കിയ ഇവര്‍ കടല്‍വെള്ളത്തെ കുടിവെള്ളമാക്കുന്ന പ്ലാന്റിനെ ഓട്ടോമേറ്റ് ചെയ്യുന്ന സംവിധാനം മാലിദ്വീപിലെ ആറ് ഐലന്‍ഡുകളില്‍ നേരിട്ട് നടപ്പാക്കിയിട്ടുണ്ട്. കൂടാതെ കൊച്ചി മെട്രോയിലെ 16 സ്‌റ്റേഷനുകളിലെ വാട്ടര്‍ ടാങ്കുകളില്‍ ഡിജിറ്റല്‍ വാട്ടര്‍ ലെവല്‍ ഇന്‍ഡിക്കേറ്റേഴ്‌സ് സ്ഥാപിക്കുന്ന ജോലിയും ഡി.എം.ആര്‍.സിയില്‍ നിന്നും കമ്പനി നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു. 

ഫണ്ടിംഗ്

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും 10 ലക്ഷം രൂപയുടെയും കെ.എസ്.ഐ.ഡി.സിയില്‍ നിന്നും 10 ലക്ഷം രൂപയുടേതും ഉള്‍പ്പെടെ 20 ലക്ഷം രൂപയുടെ സീഡ് ഫണ്ടാണ് ഡിമസ്റ്റാന്‍ഗോക്ക് ലഭിച്ചത്. റോബോട്ടുകളുടെ വികസനത്തിനായി ഐ.ഒ.സിയും ഇപ്പോള്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 

അംഗീകാരങ്ങള്‍

രാജ്യാന്തര മത്സരമായ Tech Topല്‍ ഗോകുല്‍ വികസിപ്പിച്ച കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കാന്‍ സാധിക്കുന്ന Amphibian Robot നെ ഏറ്റവും മികച്ച 50 പ്രോജക്ടുകളില്‍ ഒന്നായി തെരെഞ്ഞെടുത്തു. ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്റെ മത്സരത്തില്‍ വിജയിച്ചതാണ് മറ്റൊരു വലിയ അംഗീകാരം. കൊച്ചി മെട്രോയില്‍ ഡിജിറ്റല്‍ വാട്ടര്‍ ലെവല്‍ ഇന്‍ഡിക്കേറ്റേഴ്‌സ് സ്ഥാപിച്ചതിന് ഇന്ത്യന്‍ റെയില്‍വേയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഫൗണ്ടറും സി.ഇ.ഒയുമായ ഗോകുല്‍ വി.നാഥ് പറഞ്ഞു.

ലക്ഷ്യം

ഐ.ഒ.സിക്ക് വേണ്ടി വികസിപ്പിക്കുന്ന റോബോട്ടിന്റെ ആദ്യമാതൃക അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കുകയും വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ അതിന്റെ അന്തിമ മാതൃകയ്ക്ക് രൂപംകൊടുക്കുകയും ചെയ്യുക, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള റോബോട്ടുകള്‍ക്ക് പുറമേ ഡിഫന്‍സ് ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ക്കാവശ്യമായ വ്യത്യസ്ത റോബോട്ടുകള്‍ ഭാവിയില്‍ വികസിപ്പിക്കുക, ബിടുബി & ബിടുസി ബിസിനസും വിപണിയും ശക്തിപ്പെടുത്തുക, ടീമിന്റെ എണ്ണം 10ല്‍ നിന്നും 25 ആയി വര്‍ധിപ്പിക്കുക.

തുടക്കം

എന്‍ജിനീയറിംഗ് പഠനകാലയളവില്‍ തന്നെ വീടിന് ചേര്‍ന്ന് ഒരു ഗവേഷണ സംവിധാനം ഒരുക്കിയ ഗോകുല്‍ വിവിധ ബ്രാഞ്ചുകളുടെ അക്കാദമിക് പ്രോജക്ടുകള്‍ ചെയ്തിരുന്നു. 2015ല്‍ ഡിമസ്റ്റാന്‍ഗോക്ക് രൂപംകൊടുത്തു. റോബോട്ടിക്‌സിനിടെ അവിചാരിതമായി രൂപപ്പെട്ട ഒരു കണ്‍ട്രോളറാണ് വിപണിയില്‍ ഹിറ്റായതെങ്കിലും ഇപ്പോള്‍ റോബോട്ടുകളുടെ വികസനത്തിലാണ് കമ്പനി പൂര്‍ണ്ണ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. 

Similar News