ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന് വര്‍ണാഭമായ തുടക്കം
''ആഗോള-ദേശീയ പ്രവണതകള്‍ക്കിടയിലെ കേരളത്തിന്റെ വളര്‍ച്ചാ തന്ത്രങ്ങള്‍'' എന്ന വിഷയത്തെ ആസ്പദമാക്കി മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ സംസാരിക്കും
പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്; ഡി-ഡെ 2022ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വര്‍ണാഭമായ തുടക്കം. കോവിഡ് സൃഷ്ടിച്ച രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് വീണ്ടും അരങ്ങേറുന്നത്. കേരളത്തിലെ ബിസിനസ് സമൂഹം ഏറെ വിലമതിക്കുന്ന ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ ചടങ്ങില്‍ മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ സമ്മാനിക്കും. ''ആഗോള-ദേശീയ പ്രവണതകള്‍ക്കിടയിലെ കേരളത്തിന്റെ വളര്‍ച്ചാ തന്ത്രങ്ങള്‍'' എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം പ്രഭാഷണം നടത്തും. ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സി (ONDC) ന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ടി. കോശി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
പുരസ്‌കാര നിറവില്‍ ഇവര്‍
ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദാണ്. ജ്യോതി ലാബ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എംആര്‍ ജ്യോതിയെ വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 ആയി തെരഞ്ഞെടുത്തു. മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ജീമോന്‍ കോരയാണ് ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2021. ബ്രാഹ്‌മിന്‍സ് ഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു എമര്‍ജിംഗ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 ന് അര്‍ഹനായി. യുഎഇയിലെ എസ്എഫ്‌സി ഗ്രൂപ്പ് ചെയര്‍മാന്‍ കെ മുരളീധരനാണ് എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021. സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരത്തിന് ഓപ്പണിനെ തെരഞ്ഞെടുത്തു.
പങ്കാളിത്തവുമായി ബ്രാന്‍ഡുകള്‍
ഇത്തവണത്തെ ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ ഡയമണ്ട് സ്പോണ്‍സര്‍ എല്‍ഐസിയാണ്. ഐബിഎസ് സോഫ്റ്റ്വെയര്‍ ഗോള്‍ഡ് സ്പോണ്‍സറും. ഗ്രൂപ്പ് മീരാന്‍, വി-ഗാര്‍ഡ്, പ്രൊവിഡന്റ്, റോക്ക, എഡ്യുവേള്‍ഡ്, ഇസാഫ്, ഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ലൂണാര്‍, എവിഎ ചോളയില്‍, കെ ബിപ്, കൊച്ചിന്‍ സ്പെഷല്‍ ഇക്കണോമിക് സോണ്‍ എന്നിവരാണ് സില്‍വര്‍ സ്പോണ്‍സര്‍മാര്‍. ഐശ്വര്യ ഒഒഎച്ച് പബ്ലിസിറ്റി പാര്‍ട്ണറും ജനം ടിവി മീഡിയ പാര്‍ട്ണറുമാണ്.