ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് ഓപ്പണിന്

കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് നൈറ്റ്; ഡി-ഡെ 2022 ചടങ്ങില്‍ മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ അവാര്‍ഡ് സമ്മാനിച്ചു

Update:2022-07-20 20:44 IST

ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖര്‍ യൂണികോണ്‍ കമ്പനിയായ ഓപ്പണിന് സമ്മാനിച്ചു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് നൈറ്റ്; ഡി-ഡെ 2022 ചടങ്ങിലാണ് അവാര്‍ഡ് കൈമാറിയത്. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സി (ONDC) ന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ടി. കോശി, ധനം പബ്ലിക്കേഷന്‍ ആന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ്ദാനം.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളായ സി.ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ സുസ്ഥിരമായ വളര്‍ച്ച, കേരളത്തിന്റെ സാമ്പത്തിക രംഗത്തിനു നല്‍കിയ സംഭാവനകള്‍, വ്യത്യസ്തമായ സംരംഭക ശൈലി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
രാജ്യത്തെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 100 എന്ന നാഴികക്കല്ല് തൊട്ടപ്പോള്‍ ദേശീയതലത്തില്‍ അഭിമാനത്തോടെ ശിരസുയര്‍ത്തി നിന്നത് നമ്മുടെ കേരളം കൂടിയാണ്. കാരണം, കേരളത്തില്‍ രജിസ്റ്റേര്‍ഡ് ഓഫീസുള്ള, മലയാളികള്‍ സൃഷ്ടിച്ച ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസായിരുന്നു ഇന്ത്യയുടെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് പട്ടിക നൂറ് തികച്ചവര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഓപ്പണിന്റെ നേട്ടത്തെ അഭിനന്ദിച്ചു സംസാരിക്കുകയും ചെയ്തു. ഏഷ്യയിലെ തന്നെ ആദ്യത്തെ നിയോബാങ്കാണ് ഓപ്പണ്‍. ശാഖകളോ മറ്റ് ഫിസിക്കല്‍ സാന്നിധ്യമോ ഇല്ലാതെ ബാങ്കുകളുമായി ചേര്‍ന്ന് സേവനങ്ങള്‍ നല്‍കുന്നവയാണ് ഡിജിറ്റല്‍ ബാങ്കുകള്‍. പെരിന്തല്‍മണ്ണ സ്വദേശിയായ അനീഷ് അച്യുതനും ഭാര്യയും സംരംഭകയുമായ മേബിള്‍ ചാക്കോയും ചേര്‍ന്ന് ഓപ്പണ്‍ എന്ന നിയോബാങ്ക് പ്ലാറ്റ്‌ഫോം ആശയത്തിന് വിത്ത് പാകുമ്പോള്‍ രാജ്യത്ത് അത്തരത്തിലൊന്നുണ്ടായിരുന്നില്ല.
2017ല്‍ സ്ഥാപിതമായ ഓപ്പണിനിന്ന് ടെമാസെക്, ഗൂഗ്ള്‍, എസ് ബി ഐ ഹോള്‍ഡിംഗ്‌സ്, ടൈഗര്‍ ഗ്ലോബല്‍, 3വണ്‍4 കാപ്പിറ്റല്‍, സ്പീഡ് ഇന്‍വെസ്റ്റ്, ബെറ്റര്‍ കാപ്പിറ്റല്‍, ഐഐഎഫ്എല്‍ തുടങ്ങി 12 ഓളം നിക്ഷേപകരുണ്ട്. രാജ്യമെമ്പാടുമായി 25 ലക്ഷത്തോളം ഇടപാടുകാരും. 14 ഓളം ബാങ്കുകളുമായി ഓപ്പണ്‍ പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. പ്രതിമാസം 1.20 ലക്ഷത്തിലേറെ പുതിയ ഇടപാടുകാരാണ് ഓപ്പണ്‍
പ്ലാറ്റ്‌ഫോമിലേക്ക് വരുന്നത്. ചെറുകിട സംരംഭകര്‍ക്ക് അവരുടെ എല്ലാ ബാങ്കിംഗ് ഇടപാടുകളും എക്കൗണ്ടിംഗും ഓട്ടോമേറ്റ് ചെയ്യാന്‍ സഹായിക്കുന്ന നിയോ ബാങ്കിംഗ് സേവനമാണ് ഓപ്പണ്‍ മണി. ബാങ്കുകള്‍ക്കുള്ള എന്റര്‍പ്രൈസ് ബാങ്കിംഗ് സൊലൂഷനായ ബാങ്കിംഗ് സ്റ്റാക്ക്, എംബഡഡ് ഫിനാന്‍സ് പ്ലാറ്റ്‌ഫോമായ ദംശരേവ എന്നീ സേവനങ്ങളെല്ലാം ഓപ്പണ്‍ നല്‍കുന്നു.
സമ്പൂര്‍ണ ഫിനാന്‍സ് ഓപ്പറേറ്റിംഗ് സംവിധാനമായി മാറുകയാണ് ഓപ്പണിന്റെ ലക്ഷ്യം. യൂട്യൂബ് വ്ളോഗര്‍മാര്‍, ഫ്രീലാന്‍സേഴ്സ് തുടങ്ങി 500 കോടി വിറ്റുവരവുള്ള സംരംഭങ്ങള്‍ വരെ ഓപ്പണിന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇനി ഇ കോമേഴ്സ് സംരംഭങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്നവര്‍ക്ക് അവരുടെ ക്രയവിക്രയ ഡാറ്റ വിശകലനം ചെയ്ത് റെവന്യു അധിഷ്ഠിത വായ്പാ സൗകര്യം, ഫേസ്ബുക്ക്, ഗൂഗ്ള്‍ എന്നിവയില്‍ പരസ്യം നല്‍കാന്‍ വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ്, വര്‍ക്കിംഗ് കാപ്പിറ്റല്‍ വായ്പ തുടങ്ങിയ സേവനങ്ങള്‍ കൂടി നല്‍കാന്‍ ഇവര്‍ ഒരുങ്ങുകയാണ്.


Tags:    

Similar News