Entrepreneurship

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ശ്രദ്ധിക്കേണ്ട 5 Dകള്‍

AR Ranjith

ഏതൊരു ബിസിനസിലെയും വിപണന സാധ്യതകളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യം മനസിലാക്കാന്‍, ശരിയായ ആസൂത്രണം അത്യാവശ്യമാണ്. വെബ്സൈറ്റ് അല്ലെങ്കില്‍ ഇമെയ്‌ലിനേക്കാള്‍ ഉപരിയായി നിരവധി തരത്തിലുള്ള ഇടപെടലുകള്‍ ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തുണ്ട്… ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡുകളുമായി സംവദിക്കാനുള്ള അവസരങ്ങളും ബിസിനസുകള്‍ക്ക് അവരുടെ ഉപഭോക്താക്കളിലേക്ക് വ്യത്യസ്ത രീതികളില്‍ എത്തിച്ചേരാനും പഠിക്കാനുമുള്ള അവസരങ്ങളെ 5Dകളായി പറയാം.

1. ഡിജിറ്റല്‍ ഉപകരണങ്ങള്‍

ഇന്ന് ആളുകള്‍ ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുന്നത് പല തരത്തിലുള്ള ഉപകരണങ്ങളിലൂടെയാണ്. ഇത്തരം ഉപകരണങ്ങളിലൂടെ എല്ലാം തന്നെ നമ്മുടെ ബിസിനസ് വിവരങ്ങളും ലഭ്യമാക്കാന്‍ സാധിക്കണം. അത് സ്മാര്‍ട്ട് ഫോണുകള്‍ ആകാം, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, ടി.വി, ഗെയിം കണ്‍സോളുകള്‍ അങ്ങനെ എന്തുമാകാം. വെബ്‌സൈറ്റുകള്‍, മറ്റ് ഡിജിറ്റല്‍ പ്രമോഷനുകള്‍ എന്നിവ ഉണ്ടാക്കുമ്പോള്‍ ഈ ഓരോ ഉപകരണങ്ങളിലും നല്ല രീതിയില്‍ കാണാന്‍ സാധിക്കുന്ന രീതിയില്‍ തന്നെ ഡിസൈന്‍ ചെയ്യാന്‍ കഴിയണം.

2. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍

പല തരത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍, യൂട്യൂബ്, ഗൂഗിള്‍, ഇന്‍സ്റ്റാഗ്രാം, ടിക് ടോക് എന്നിങ്ങനെ… ഓരോ പ്ലാറ്റ്‌ഫോമുകളും ഓരോ ആവശ്യത്തിന് ഉള്ളതാണ്. വ്യത്യസ്ത തരത്തിലുള്ള ആളുകളാണ് ഓരോ സ്ഥലത്തും. അതിനനുസരിച്ച് വേണം ഓരോന്നിലേക്കുമുള്ള പ്ലാനുകള്‍ വികസിപ്പിച്ചെടുക്കാന്‍.

3. ഡിജിറ്റല്‍ മീഡിയ

അഡ്വര്‍ടൈസിംഗ്, പ്രമോഷന്‍സ്, ഇമെയ്ല്‍, മെസേജിംഗ്, ബ്ലോഗ്, മൈക്രോ കണ്ടന്റ് മാര്‍ക്കറ്റിംഗ്, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ എന്നിങ്ങനെ പല തരത്തിലുള്ള കമ്യൂണിക്കേഷന്‍ ചാനലുകള്‍ ഇന്ന് നിലവിലുണ്ട്. ഇത് ഓരോന്നും എടുത്ത് നമ്മുടെ ഉല്‍പ്പന്നത്തിന് ഏതാണ് ഏറ്റവും യോജിക്കുന്നത് എന്ന് കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. ഇത് ബുദ്ധിപരമായി ഉപയോഗിച്ചാല്‍ റിസള്‍ട്ട് ഒാറിയന്റഡ് ആയ ഒരു ഡിജിറ്റല്‍ സ്ട്രാറ്റജി ഉണ്ടാക്കിയെടുക്കാം.

4. ഡിജിറ്റല്‍ ഡാറ്റ

ഇന്ന് ബിസിനസുകളുടെയെല്ലാം ഏറ്റവും പ്രധാന മൂല്യം അവരുടെ ഡാറ്റ ആണ്. ബിസിനസ് ഏത് രീതിയിലുള്ള ആളുകള്‍ ഇഷ്ടപ്പെടുന്നു, ആരെല്ലാമായി സംവദിക്കുന്നു, എന്തെല്ലാം കാര്യങ്ങള്‍ ആണ് കസ്റ്റമേഴ്‌സ് ഇഷ്ടപ്പെടുന്നത് എന്നിവയെല്ലാം മനസിലാക്കുന്നത് ശരിയായ ഡാറ്റ അനാലിസിസിലൂടെ മാത്രമാണ്. അതിനാല്‍ നിങ്ങളുടെ ബിസിനസ് എന്തുമായിക്കൊള്ളട്ടെ മാര്‍ക്കറ്റിനെക്കുുറിച്ചും നിങ്ങളുടെ കസ്റ്റമേഴ്‌സിനെ കുറിച്ചും ശരിയായി മനസിലാക്കാന്‍ ഡാറ്റ അനലിറ്റിക്‌സ് ഉപയോഗിക്കുക.

5. ഡിജിറ്റല്‍ ടെക്‌നോളജി

മാറി മാറി വരുന്ന ടെക്‌നോളജി ശരിയായി ഉപയോഗിക്കുക എന്നതും പ്രധാനമാണ്. ഐ.ഒ.ടി, ബ്ലോക്ക്‌ചെയ്ന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള പുതിയ രീതികള്‍ ഡിജിറ്റല്‍ വിപ്ലവങ്ങള്‍ തന്നെ സൃഷ്ടിക്കുന്ന ഈ കാലത്ത് പഴയ രീതികളില്‍ തന്നെ പോയിട്ട് പ്രയോജനം ഉണ്ടാകില്ല. നമ്മുടെ ഓരോ ടച്ച് പോയന്റിലും പുതിയ ടെക്‌നോളജി ഉപയോഗിക്കാന്‍ സാധിക്കുന്നു എന്ന് ഉറപ്പു വരുത്തുക കൂടി ചെയ്താല്‍, ഇന്നത്തെ ഡിജിറ്റല്‍ ലോകത്തെ വ്യാപാരം നമുക്ക് നിയന്ത്രിക്കാനാകും.

ശരിയായ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാന്‍ ആദ്യമേ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ആ പ്ലാനില്‍ ഈ പറഞ്ഞിരിക്കുന്ന അഞ്ച് കാര്യങ്ങളും അതിനകത്ത് വരാന്‍ സാധ്യതയുള്ള ഓരോ ഘടകവും ശ്രദ്ധിക്കുക. തങ്ങളുടെ ഉപഭോക്താക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ വിട്ടുപോകുന്നില്ലെന്നും ഉറപ്പു വരുത്തുക. ചെറിയ ബിസിനസുകളില്‍ ഇത് പടിപടിയായി ചെയ്യേണ്ടതാണ്. പക്ഷെ ആദ്യപടിയെങ്കിലും പെട്ടെന്ന് തന്നെ വെയ്ക്കാന്‍ ശ്രമിക്കുക!

(ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒയും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്. സംശയങ്ങള്‍ ranjith@bramma.in എന്ന മെയ്‌ലില്‍ അയയ്ക്കാം)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT