എന്താണ് വിജയത്തിലേക്കുള്ള വഴി? നാമെല്ലാം കരുതിരിക്കുന്നത് ചുറ്റിലുമുള്ളവയെ മാനേജ് ചെയ്യുന്നതിലൂടെ വിജയത്തിലെത്താമെന്നാണ്.
എന്നാല്‍ അത് അത്ര എളുപ്പമല്ല. സ്വയം മാനേജ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനം. ഒരു രാജ്യം അതിന്റെ ഭൂവിഭാഗവും മനുഷ്യവിഭവ ശേഷിയും പ്രകൃതി വിഭവങ്ങളും പ്രയോജനപ്പെടുത്തിയാണ് മുന്നേറുന്നതെങ്കില്‍ വ്യക്തികളുടെ കാര്യത്തില്‍ ആരോഗ്യവും ഭക്ഷണവും വിദ്യാഭ്യാസവുമാണ് പ്രധാനം.
ഇതില്‍ വിദ്യാഭ്യാസത്തിലൂടെ സ്വയമറിയാനും വിജയിക്കാനും കഴിയേണ്ടതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇതിന് പര്യാപ്തമല്ല. വികാരങ്ങളെയും വിചാരങ്ങളെയും കൈകാര്യം ചെയ്യാന്‍ ഇന്നത്തെ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നില്ല.
നിങ്ങളുടെ വികാര വിചാരങ്ങളെ കൈകാര്യം ചെയ്യാന്‍ മനസിനെ പാകപ്പെടുത്തുന്നതിലൂടെ മാത്രമേ വിജയത്തിലേക്ക് എത്താനാകൂ. നിങ്ങള്‍ക്ക് കുറേ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. അത്
സ്വയം പരിഹരിക്കാനുള്ള കഴിവ് ആര്‍ജിക്കണം. നിങ്ങള്‍ സ്വയം ഒരു പ്രശ്‌നമായി മാറരുത്. എല്ലാറ്റിനുമുള്ള പ്രതിവിധി നിങ്ങളില്‍ നിന്നു തന്നെയാണ് ഉണ്ടാകേണ്ടത്. അതിന് നിങ്ങളൊരു സൂപ്പര്‍ ഹ്യൂമന്‍ ആയിരിക്കണമെന്നൊന്നുമില്ല. ഹൂമന്‍ സൂപ്പര്‍ ആണെന്ന് മനസിലാക്കിയാല്‍ മതി.
മൂര്‍ച്ചയുള്ള കത്തി, പിന്നെ ബുദ്ധി
പരിണാമസിദ്ധാന്തം പറയുന്നത് നമ്മള്‍ ചിമ്പാന്‍സിയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതെന്നാണ്. ഇപ്പോഴും 1.23 ശതമാനം മാത്രമാണ് നമ്മളും ചിമ്പാന്‍സിയും തമ്മിലുള്ള വ്യത്യാസം. അതില്‍ പ്രധാനം നമ്മുടെ ബുദ്ധി തന്നെയാണ്. അത് ചെറിയൊരു കാര്യമല്ല. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.
ഒരു കഥ പറയാം. ഒരാള്‍ ഒരു ആപ്പിള്‍ മുറിക്കാനായി കത്തി എടുത്തു. അപ്പോള്‍ തൊട്ടടുത്തുള്ളയാള്‍ പറയുന്നു, കത്തി മൂര്‍ച്ചയുള്ളതാണ് സൂക്ഷിക്കണം എന്ന്. കത്തിയെന്നത് സങ്കീര്‍ണമായ മെഷിന റിയോ ഉപയോഗിക്കുന്നയാള്‍ ചെറിയ കുട്ടിയോ ഒന്നുമല്ല. തനിക്കറിയാം സൂക്ഷിച്ചോളാം എന്ന് കത്തി കൈയിലെടുത്തയാള്‍ പറയുന്നു.
എന്നാല്‍ ഓരോ ഘട്ടത്തിലും അടുത്തുള്ളയാള്‍ കത്തിയുടെ മൂര്‍ച്ചയെപ്പറ്റി ഓര്‍മിപ്പിക്കുന്നു. ഒടുവില്‍ ആപ്പിളിനു പകരം അയാളുടെ കൈവിരല്‍ മുറിയുകയാണ് ഉണ്ടായത്. ബുദ്ധി എത്രമാത്രം സ്ഥൈര്യത്തോടെ വേണം ഉപയോഗിക്കേണ്ടതെന്ന് ഈ കഥ ഓര്‍മിപ്പിക്കുന്നു.
മൂര്‍ച്ചയുള്ള കത്തി പോലെ തന്നെയാണ് മൂര്‍ച്ചയുള്ള ബുദ്ധിയും
നമുക്ക് എല്ലാവര്‍ക്കും ജീവിതത്തില്‍ സന്തോഷമാണ് വേണ്ടത്. എന്നാല്‍ ജീവിതത്തിലെ സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ അധികമൊന്നും നമുക്ക് ഓര്‍മ കാണില്ല. അതേസമയം ദുഃഖകരമായ കാര്യങ്ങള്‍ ഒരുപാടു ഓര്‍മയില്‍ നില്‍ക്കുകയും ചെയ്യും.
സന്തോഷകരമായ കാര്യങ്ങള്‍ക്കിടയിലും നമ്മള്‍ ഇടക്കിടെ 'പക്ഷേ' എന്നു പറഞ്ഞുകൊണ്ടിരിക്കും. അത് സന്തോഷം കെടുത്തും. നിങ്ങള്‍ നിങ്ങളെ തന്നെ ശല്യപ്പെടുത്തുന്നത് എത്ര ദൗര്‍ഭാഗ്യകര മാണ്? സ്വയം മാനേജ് ചെയ്ത് ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. ഒരിക്കല്‍ ഒരു ഭര്‍ത്താവ് ഭാര്യയോട് ചോദിച്ചു. ഞാന്‍ നിരന്തരമായി തന്നെ ചീത്ത പറയാറുണ്ട്. പക്ഷേ ഒരിക്കല്‍ പോലും താന്‍ എന്നോട് ദേഷ്യപ്പെട്ട് കാണാറില്ല. ദേഷ്യം താന്‍ എങ്ങനെയാണ് നിയന്ത്രിക്കുന്നത്? ഭാര്യ പറഞ്ഞു. ''ഞാന്‍ അപ്പോള്‍ ടോയ്‌ലറ്റ് കഴുകും. നിങ്ങളുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ച്!''
നിങ്ങളുടെ യൂസര്‍ മാന്വല്‍ വായിച്ചോ?
നമ്മുടെ ശരീരം വളരെയേറെ സങ്കീര്‍ണമാണ്. ഒരു ഐ ഫോണ്‍ വാങ്ങുമ്പോള്‍ പോലും യൂസേഴ്‌സ് മാന്വല്‍ നമ്മള്‍ ചോദിച്ചു വാങ്ങുന്നു. കാറുകളുടെ പരസ്യങ്ങള്‍ കണ്ടിട്ടില്ലേ? പെയ്ന്റിനെ കുറിച്ചും ലെതര്‍ സീറ്റുകളെ കുറിച്ചും ഇന്റീരിയറുകളെ കുറിച്ചുമെല്ലാം അതില്‍ വിശദമായി പറയുന്നുണ്ടാകും. എന്നാല്‍ ബ്രേക്കിംഗ് സിസ്റ്റത്തെ കുറിച്ചോ എന്‍ജിനെ കുറിച്ചോ ഒന്നും കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടാവില്ല.
ബാഹ്യമായ കാര്യങ്ങളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. നമ്മുടെ ശരീരത്തെ സംബന്ധിച്ചും ഇതു തന്നെ സ്ഥിതി. സങ്കീര്‍ണമായ നമ്മുടെ ശരീരത്തെ കുറിച്ച് ഒന്നും അറിയാതെയാണ് നമ്മള്‍ ജീവിക്കുന്നത്. നമ്മെ അറിയാന്‍ സഹായിക്കുന്ന ആത്മീയതയെ കുറിച്ച് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന സമയമാണിത്. നമ്മുടെ ബുദ്ധിശക്തി ഉപയോഗിച്ച് ശരീരത്തിന്റെയും മനസിന്റെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് സ്വയം മനസിലാക്കുക. നമ്മുടെ ഉള്ളിലെ തീ നമ്മള്‍ തിരിച്ചറിയണം.
പുറം കാഴ്ചകള്‍ക്കു പിന്നാലെ പോകരുത്. ജീവിതത്തിലെ ദുരിതങ്ങള്‍ തള്ളിക്കളയുക. സന്തോഷം തിരികെയെത്തിക്കാനാകണം ശ്രമം. മറ്റൊരു തലമുറ മാറ്റത്തിന് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. നമ്മള്‍ക്ക് കിട്ടിയ ഭൂമി അതിനേക്കാള്‍ മികച്ചതായി അടുത്ത തലമുറയ്ക്ക് കൈമാറാന്‍ നമുക്ക് ബാധ്യതയുണ്ട്.
മാത്രമല്ല, അടുത്ത തലമുറ നമ്മളേക്കാള്‍ മികച്ചവരുമായിരിക്കണം. എന്നാല്‍ വിഷമയമായ ആഹാരവും മറ്റും മൂലം അടുത്ത തലമുറ ഭീഷണി നേരിടുകയാണ്. ഏത് പ്രശ്‌നങ്ങള്‍ക്കും ഭാരതീയമായ പോംവഴികളുണ്ട്. മനുഷ്യന്റെ ശരീരത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പണ്ടുമുതലേ നമ്മുടെ പൂര്‍വികര്‍ വച്ചു പുലര്‍ത്തിയിരുന്നു. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത് കണ്ടറിഞ്ഞ് ആധുനിക ശാസ്ത്രത്തിന്റെയും സഹായത്തോടെ സ്വയം അറിയാനും മാനേജ് ചെയ്യാനുമുള്ള പ്രാപ്തി ഉണ്ടാക്കണം.
ഏതൊരാള്‍ക്കും കുലമോ വര്‍ഗമോ ആണ്‍-പെണ്‍ വ്യത്യാസമോ ഇല്ലാതെ സ്വയമറിഞ്ഞ് ഉയര്‍ച്ച നേടാനാകും. നിങ്ങള്‍ നിങ്ങളെ തന്നെ മാനേജ് ചെയ്യാന്‍ തയാറാവുക. പഠിക്കുക എന്നതാണ് മാനേജ്‌മെന്റിന്റെ ആദ്യപാഠം. നിങ്ങള്‍ക്ക് നിങ്ങളെ മാനേജ് ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെങ്ങനെ ബാക്കിയുള്ളവരെ മാനേജ് ചെയ്യാനാകും?
(സദ്ഗുരു ജഗ്ഗി വാസുദേവിന്റെ പ്രഭാഷണത്തെ അടിസ്ഥാനമാക്കി ധനം ബിസിനസ് മാഗസിൻ 2017 ഏപ്രിൽ മാസം പ്രസിദ്ധീകരിച്ചത്)