ഉറപ്പാക്കണം, ക്യാഷ് ഫ്‌ളോയുടെ ശരിയായ വിനിയോഗം!

Update:2020-02-16 13:30 IST

പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബിസിനസിലേക്ക് ഈ ഫണ്ട് വന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെക്കുറിച്ചും ശ്രദ്ധാപൂര്‍വ്വം മനസിലാക്കാതെ പണത്തിന്റെ വരവ് അടിസ്ഥാനമാക്കി മാത്രമാണ് പല സംരംഭകരും ചെലവുകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത്.

നല്ല പണമൊഴുക്കുണ്ടാവുകയും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുകയും ചെയ്തിരുന്ന സമയത്ത് സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നവര്‍ അനാവശ്യമായി പണം ചെലവഴിച്ചതാണ് സ്ഥാപനത്തെ തകര്‍ച്ചയിലേക്കെത്തിച്ച പ്രധാന കാരണമെന്ന് പരാജയപ്പെട്ട പല ബിസിനസുകളും പരിശോധിച്ചാല്‍ മനസിലാകും.

ലഭ്യത കുറയുമ്പോഴൊക്കെ സുഹൃത്തുക്കളില്‍ നിന്നോ സ്വകാര്യ വായ്പാദാതാക്കളില്‍ നിന്നോ കണ്ടെത്തുമെന്നതിനാല്‍ ഫണ്ടിന്റെ ദൗര്‍ലഭ്യം പലപ്പോഴും അനുഭവപ്പെടില്ല. സംരംഭകര്‍ ധൂര്‍ത്ത് തുടര്‍ന്നുകൊണ്ടുമിരിക്കും. മിക്ക ചെറുകിട ഇടത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തെറ്റ് സംഭവിക്കുന്നത് കാഷ്ഫ്‌ളോയുടെ വിനിയോഗത്തിലാണ്.

ഒരു കേസ് സ്റ്റഡി നോക്കാം

വളരെ ഊര്‍ജ്വസ്വലനായൊരു സംരംഭകന്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി ചേര്‍ന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു റബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങി. തുടക്കകാലത്ത് വളരെ ആത്മാര്‍പ്പണത്തോടെ ഇരുവരും ബിസിനസില്‍ മുഴുകിയിരുന്നതിനാല്‍ അതിവേഗം വളര്‍ച്ചയിലേക്കെത്തി. ലാഭം രണ്ടിരട്ടിയായും മൂന്നിരട്ടിയായുമൊക്കെ വര്‍ധിച്ചു. കണക്കില്‍പെടാത്ത ഒന്നു രണ്ടു ബിസിനസുകള്‍ കൂടി ഇവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് ആവശ്യത്തിലധികം പണമൊഴുക്ക് എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആഡംബര വസ്തുക്കള്‍ക്കായും ബിസിനസിതര കാര്യങ്ങള്‍ക്കായും ഇവര്‍ ധാരാളം പണം ചെലവഴിക്കാന്‍ തുടങ്ങി.

ഇവരുടെ ബിസിനസിന്റെ നല്ലൊരു ഭാഗവും വന്നിരുന്നത് ഗവണ്‍മെന്റില്‍ നിന്നായിരുന്നു. പലപ്പോഴും വളഞ്ഞ വഴിയില്‍ കൂടിയായിരുന്നു ഓര്‍ഡറുകള്‍ നേടിയിരുന്നത്. പെട്ടെന്നൊരു ദിവസം ഗവണ്‍മെന്റ് ഏജന്‍സിയില്‍ നിന്ന് ഇന്‍സ്‌പെക്ഷന്‍ വന്നു. ആറു മാസത്തേക്ക് പേമെന്റ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കി. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കികൊണ്ട് ആദായ നികുതി വകുപ്പിന്റെ റെയ്ഡും വന്നു. ഇതോടെ കാഷ് ഫ്‌ളോ ഏറ്റവും കുറഞ്ഞ അവസ്ഥയിലായി. കമ്പനിയുടെ നിരവധി ആസ്തികള്‍ വിറ്റൊഴിഞ്ഞെങ്കിലും കടബാധ്യത പലമടങ്ങ് വര്‍ധിച്ചു. ബിസിനസ് പരാജയപ്പെടുന്നതിലേക്കാണ് ഇതെല്ലാം നയിച്ചത്.

പഠിക്കേണ്ട കാര്യങ്ങള്‍

  1. ഏതു സമയത്താണെങ്കിലും ബിസിനസില്‍ പണമൊഴുക്ക് ഉണ്ടാകുമ്പോള്‍ ബാധ്യതകളെ കുറിച്ചും വ്യക്തമായ ചിത്രം ഉണ്ടായിരിക്കണം.
  2. പണമൊഴുക്ക് അധികമുള്ളപ്പോള്‍ വായ്പകള്‍ തീര്‍പ്പാക്കാന്‍ ശ്രമിക്കണം.
  3. പണലഭ്യതയുള്ളപ്പോള്‍ അത് കാഷാക്കി നിലനിര്‍ത്താതെ ഹ്രസ്വകാലത്തേക്ക് ബാങ്കില്‍ നിക്ഷേപിക്കണം.
  4. ഹ്രസ്വകാല വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് മുന്‍ഗണന നല്‍കണം, ദീര്‍ഘകാല ആസ്തികളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ നല്ലതാണിത്.
  5. എല്ലാ സമയത്തും പണമൊഴുക്കിനെ കുറിച്ച് പ്രൊഫഷണലായ വിലയിരുത്തലുണ്ടാവണം. ബാധ്യതകളുടെ യഥാര്‍ത്ഥ കണക്കുണ്ടെങ്കില്‍ കൃത്യമായി ഇന്‍ഫ്‌ളോയും ഔട്ട്ഫ്‌ളോയും കൈകാര്യം ചെയ്യാനാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News