നിങ്ങളുടെ ബിസിനസിലുണ്ടോ ഈ പ്രശ്‌നം? ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

ബിസിനസ് ലോകത്തെ അധികം ചര്‍ച്ച ചെയ്യാത്ത ഒരു പ്രശ്‌നത്തെ കുറിച്ച് സ്‌കെയ്ല്‍ അപ് സ്ട്രാറ്റജിസ്റ്റ് സുകേഷ് ദാസ്

Update: 2021-05-27 08:11 GMT
നിങ്ങളുടെ ബിസിനസ്സ് 'സെക്കന്‍ഡ് വാലി ഓഫ് ഡെത്തി'ലാണോ?
ബിസിനസ്സ്‌ലോകത്ത് അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു പ്രശ്‌നമാണിത്. മിക്ക ബിസിനസ്സുകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിതെങ്കിലും പല സംരംഭകരും ഈ പ്രശ്‌നത്തെക്കുറിച്ച് അറിവുള്ളവരല്ല. ബിസിനസ്സ് അടച്ചു പൂട്ടുന്ന സാഹചര്യത്തിലേക്ക് പല ബിസിനസ്സുകളെയും ഈ പ്രശ്‌നം എത്തിച്ചിട്ടുണ്ട്. നിക്ഷേപകരും ഈ പ്രശ്‌നത്തെ കുറിച്ച് പഠിക്കേണ്ടതും, ഏങ്ങനെ ഇത് പരിഹരിക്കാം എന്ന് മനസിലാക്കിയിരിക്കേണ്ടതുമാണ്. നിക്ഷേപം നടത്തുന്ന ബിസിനസ്സുകളെ സഹായിക്കാന്‍ ഇതുമൂലം സാധിക്കും.

എന്താണ് സെക്കന്‍ഡ് വാലി ഓഫ് ഡെത്ത് ( second Valley of Death ) ?
ഒരു ഉദാഹരണത്തിലൂടെ ഇത് മനസിലാക്കാം. ജോണ്‍ ഒരു ടെക്‌നോളജി പ്രോഡക്ട് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ യുമാണ്. ജോണിന്റെ കമ്പനിയുടെ പ്രോഡക്ട് ധാരാളം ഉപഭോക്താക്കള്‍ വാങ്ങുന്ന ഒന്നാണ്. കമ്പനിയിലേക്ക് നിക്ഷേപങ്ങളും ലഭിച്ചുതുടങ്ങി. ഏതാണ്ട് അമ്പതോളം ജീവനക്കാരുണ്ട്.
അപ്പോഴാണ് താഴെപറയുന്ന ശരിയല്ലാത്ത ലക്ഷണങ്ങള്‍ ബിസിനസ്സില്‍ ജോണ്‍ കണ്ടുതുടങ്ങിയത്. പക്ഷെ സെക്കന്‍ഡ് വാലി ഓഫ് ഡെത്തിലാണ് തന്റെ കമ്പനി എന്ന് മനസിലാക്കാന്‍ ജോണിന് സാധിച്ചില്ല.
ബിസിനസ്സ് വളര്‍ച്ചയുടെ വേഗത വല്ലാതെ കുറഞ്ഞു

വരുമാനത്തിനനുസരിച്ചു ലാഭം ഉയരുന്നില്ല

മികച്ച ജീവനക്കാരെ കണ്ടെത്താനും, നിലനിര്‍ത്തികൊണ്ടുപോകാനും സാധിക്കുന്നില്ല

ക്യാഷ് ഫ്‌ളോ നെഗറ്റീവ് ആണ്

കസ്റ്റമേഴ്‌സിനെ സംപ്തൃപ്തിപ്പെടുത്താന്‍ സാധിക്കാത്തത് കാരണം കസ്റ്റമേഴ്‌സിനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു

മാര്‍ക്കറ്റിങ്ങിലും സെയില്‍സിലും മുന്‍പ് ഫലപ്രദമായിരുന്ന സ്ട്രാറ്റജികള്‍ ഇപ്പോള്‍ വേണ്ടത്ര ഫലം നല്‍കുന്നില്ല

ജീവനക്കാരുമായുള്ള ആശയവിനിമയം കൂടുതല്‍ സങ്കിര്‍ണമാകുന്നു

കമ്പനിയുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ജീവനക്കാര്‍ ഒരുമയോടെ പ്രവര്‍ത്തിക്കുന്നില്ല

ജീവനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനമികവ് കാഴ്ചവയ്ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല


കമ്പനി നടത്തിക്കൊണ്ടു പോകുന്നത് ജോണിനെ മാനസികമായും മോശമായി ബാധിക്കാന്‍ ആരംഭിച്ചു. ബിസിനസ്സ് വളരുമ്പോള്‍ അത് നടത്തിക്കൊണ്ടുപോകാന്‍ കൂടുതല്‍ എളുപ്പവും രസകരവുമാവുമെന്നാണ് ജോണ്‍ വിചാരിച്ചത്. പക്ഷെ മറിച്ചാണ് സംഭവിച്ചത്. കമ്പനിയുടെ എല്ലാ കാര്യങ്ങളിലും ജോണ്‍ ഇടപെട്ടില്ലെങ്കില്‍ ഒന്നും നടക്കില്ല എന്ന സ്ഥിതിയായി ജോലിഭാരം കാരണം വീട്ടുകാരുമായി വേണ്ടത്ര സമയം ചെലവഴിക്കാന്‍ സാധിക്കുന്നുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ജോണിന് മനസിലാകുന്നുമില്ല.

ജോണിന്റെ പ്രശ്‌നങ്ങളും നിങ്ങള്‍ കടന്ന് പോകുന്ന സാഹചര്യവും തമ്മില്‍ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് മനസിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യണം. ബിസിനസ്സിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുക എന്നത് ബിസിനസ്സ്‌വളര്‍ച്ചക്ക് അതിപ്രധാനമാണ്.

സെക്കന്‍ഡ് വാലി ഓഫ് ഡെത്ത് എന്താണെന്ന് മനസ്സിലാക്കാനാണ് ടെക്‌നോളജി പ്രോഡക്ട് കമ്പനിയെ ഉദാഹരണമായി പറഞ്ഞത്. ഏത് മേഖലയിലുള്ള ബിസിനസ്സുകളും സെക്കന്‍ഡ് വാലി ഓഫ് ഡെത്തില്‍ എത്തിപ്പെടാം. ഇത്തരം ബിസിനസ്സുകളെ സ്‌കെയിലപ്പ്/ ഹൈ ഗ്രോത്ത് ഫേംസ് / ഫാസ്റ്റ് ഗ്രോയിങ്ങ് കമ്പനീസ് ( scaleup/high growth firms / fast -growing companies) എന്നാണ് വിളിക്കുന്നത്.

എന്തുകൊണ്ടാണ് സെക്കന്‍ഡ് വാലി ഓഫ് ഡെത്ത് അതിജീവിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കാതെ പോകുന്നത്?
പ്രധാന കാരണം: ബിസിനസ്സ് വളരുന്തോറും കമ്പനിയുടെ വര്‍ദ്ധിച്ചു വരുന്ന സങ്കീര്‍ണത ഫലപ്രദമായി പരിഹരിക്കാന്‍ സാധിക്കുന്നില്ല

ബിസിനസ്സ് വളരുന്തോറും കമ്പനിയുടെ സങ്കീര്‍ണത വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. കമ്പനിക്ക് ലഭിക്കുന്ന ഓരോ പുതിയ ഉപഭോക്താവും, പുതിയതായി നിയമിക്കുന്ന ജീവനക്കാരും കമ്പനിയുടെ സങ്കീര്‍ണത വര്‍ധിപ്പിക്കും. അഞ്ചു പേരുള്ള സ്റ്റാര്‍ട്ടപ്പ് ആയിരിക്കുമ്പോള്‍ ഉള്ള കമ്പനിയുടെ സങ്കീര്‍ണതയും അമ്പതോളം ജീവനക്കാരുള്ള കമ്പനിയുടെ സങ്കീര്‍ണതയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

സങ്കീര്‍ണത എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാന്‍ ജോണിന്റെ ഉദാഹരണത്തിലേക്ക് ഒരിക്കല്‍ കൂടി പോകാം.

കമ്പനി തുടങ്ങിയപ്പോള്‍ ജോണിനായിരുന്നു കസ്റ്റമേഴ്‌സിന്റെ സംതൃപ്തി ഉറപ്പാക്കുന്നതിനുള്ള ചുമതല. അതുകൊണ്ടുത്തന്നെ കസ്റ്റമേഴ്‌സ് വളരെയധികം സംതൃപ്തരായിരുന്നു.

കസ്റ്റമേഴ്‌സിന്റെ എണ്ണം കൂടിയപ്പോള്‍ ജോണ്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനായി രണ്ട് പേരെ പുതിയതായി നിയമിച്ചു. ഈ ഒരു കാര്യം കൊണ്ട് ജോണിന്റെ കമ്പനിയുടെ സങ്കീര്‍ണത നിരവധി മടങ്ങായി വര്‍ദ്ധിച്ചു. പുതിയതായി നിയമിച്ച ജീവനക്കാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ട് ജോണിന്റെ കമ്പനി താഴെപറയുന്ന സാഹചര്യത്തില്‍ എത്തിപ്പെട്ടു.

കസ്റ്റമേഴ്‌സിനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു

പേയ്‌മെന്റുകള്‍ ലഭിക്കുന്നില്ല

ഇന്‍ഡസ്ട്രിയില്‍ കമ്പനിയുടെ പേര് മോശമായിത്തുടങ്ങി

സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഫൈനാന്‍സ്, കസ്റ്റമര്‍ സര്‍വീസ് ഡിപ്പാര്‍ട്‌മെന്റുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു

പുതിയ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനം എടുക്കുന്നത് മുതല്‍ അവര്‍ കൃത്യമായി ജോലി ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്നത് വരെ പല കാര്യങ്ങളും കമ്പനി ചെയ്യേണ്ടതുണ്ട്. പക്ഷേ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പല കമ്പനികളും അവ ചെയ്യാറില്ല. ബിസിനസ്സ് വളര്‍ച്ചക്കൊപ്പം കമ്പനിയുടെ സങ്കീര്‍ണത വര്‍ദ്ധിച്ചു പലതരം പ്രശ്‌നങ്ങള്‍ കമ്പനിയില്‍ ഉണ്ടാകുമ്പോള്‍ ഏതു പ്രശ്‌നം ആണ് പരിഹരിക്കേണ്ടത് എന്ന ആശയകുഴപ്പം ഉണ്ടാകുന്നു.

എങ്ങനെ കമ്പനികള്‍ക്ക് സെക്കന്‍ഡ് വാലി ഓഫ് ഡെത്ത് അതിജീവിക്കാം?
സെക്കന്‍ഡ് വാലി ഓഫ് ഡെത്തിനെ അതിജീവിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതില്‍ അതിപ്രധാനമായ കാര്യം എന്താണെന്ന് നോക്കാം.
കമ്പനിയുടെ നടത്തിപ്പിനും, ബിസിനസ്സ് വളര്‍ത്തുന്നതിനും മികച്ച നേതൃനിരയെ വളര്‍ത്തിയെടുക്കുക

ബിസിനസ്സ് വളരണമെങ്കില്‍ എല്ലാ കാര്യങ്ങളിലും തങ്ങളുടെ ഇടപെടലില്ലാതെ സാധിക്കില്ല എന്നാണ് മിക്ക സംരംഭകരും വിശ്വസിക്കുന്നത്. എല്ലാ കാര്യങ്ങളും എനിക്ക് നിയന്ത്രിക്കണം എന്ന ശീലം മാറ്റിയെടുക്കുക എന്നത് സംരംഭകരെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. അടുത്ത മൂന്ന് മാസത്തേക്ക് നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന സാഹചര്യത്തിലെത്തിയെന്ന് വിചാരിക്കുക. നിങ്ങളെ പൂര്‍ണമായി ആശ്രയിച്ചാണ് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍, നിങ്ങളില്ലാതെ ജീവനക്കാര്‍ക്ക് ഒരു തീരുമാനവും എടുക്കാന്‍ സാധിക്കുകയില്ല എങ്കില്‍, നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ കമ്പനി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.

എങ്ങനെയാണ് മികച്ച നേതൃനിരയെ വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാന ചോദ്യം. നിങ്ങളുടെ കമ്പനിയുടെ നിലവിലെ സാഹചര്യത്തേയും വെല്ലുവിളികളേയും ആശ്രയിച്ചിരിക്കുന്നമത്. ഫൈനാന്‍സ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, ഓപ്പറേഷന്‍സ്, സ്ട്രാറ്റജി, റിസര്‍ച്ച് & ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ നിങ്ങളുടെ കമ്പനിയുടെ നിലവിലെ സാഹചര്യം അനുസരിച്ചു നേതൃപാടവമുള്ള ആളുകളെ നിയമിക്കേണ്ടിവരും. എങ്ങനെ മികച്ച ജീവനക്കാരെ കണ്ടെത്തി നിയമിക്കാം എന്ന് സംരംഭകര്‍ക്ക് ചിലപ്പോള്‍ അറിയണമെന്നില്ല. അറിയില്ലെങ്കില്‍ അറിയാവുന്നവരോട് സഹായം ചോദിക്കുക. ഈ ഘട്ടത്തില്‍ തെറ്റായ ഒരാളെ നിയമിക്കുക എന്നത് കമ്പനിക്ക് ഒരിക്കലും നല്ലതാകില്ല.

ബിസിനസ്സ് വളര്‍ച്ചക്കൊപ്പം വളര്‍ന്ന് വരുന്ന സങ്കീര്‍ണത കമ്പനിയെ മോശമായി ബാധിക്കുന്നതിന് മുന്‍പ് തന്നെ മികച്ച നേതൃനിരയെ വളര്‍ത്തിയെടുക്കുക എന്നത് അതിപ്രധാനമാണ്. ഇത് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതിന് സമയമെടുക്കും. നല്ല ക്ഷമയും വേണം. എന്നിരുന്നാലും നിങ്ങളുടെ ബിസിനസ്സിനെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനുള്ള പ്രധാന ഘടകം ഈ നേതൃനിര ആയിരിക്കും.

മികച്ച നേതൃനിര വളര്‍ത്തിയെടുക്കുന്നതോടൊപ്പം തന്നെ സെക്കന്‍ഡ് വാലി ഓഫ് ഡെത്തിനെ അതിജീവിക്കാന്‍ പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. അതില്‍ ചിലത് താഴെ പറഞ്ഞിട്ടുള്ളവയാണ്:

കമ്പനിയുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടും വ്യക്തമായി നിര്‍വചിക്കുക

കമ്പനിയുടെ മുകളില്‍ നിന്ന് താഴെത്തട്ടുവരെയുള്ള എല്ലാ ജീവനക്കാര്‍ക്കും കമ്പനിയുടെ ലക്ഷ്യങ്ങളും കാഴ്ച്ചപ്പാടും മനസിലാക്കി കൊടുക്കുക

ഓപ്പറേഷന്‍സ്, മാര്‍ക്കറ്റിംഗ് , സെയില്‍സ്, ഫൈനാന്‍സ് , റിക്രൂട്ട്‌മെന്റ് തുടങ്ങിയ മേഖലകളില്‍ കൃത്യമായ പ്രോസസ്സ് ഉണ്ടാക്കുക

ഓരോ ജീവനക്കാരന്റെയും ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വചിക്കുക. അവരുടെ പ്രവര്‍ത്തനമികവ് കമ്പനി എങ്ങനെയാണു അളക്കുന്നതെന്ന് മനസിലാക്കി കൊടുക്കുക

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല മറ്റ് നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആദ്യം എന്ത് ചെയ്യണം എന്നത് നിങ്ങളുടെ ബിസിനസ്സിന്റെ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ചിരിക്കും, ഇത് നിങ്ങള്‍ക്ക് തന്നെ ചെയ്യാന്‍ അറിയില്ലെങ്കില്‍ അറിയാവുന്ന മറ്റുള്ളവരോട് സഹായം ചോദിക്കുക.

നല്ല വാര്‍ത്ത എന്താണെന്നുവച്ചാല്‍ നിങ്ങളുടെ ബിസിനസ്സിന് സെക്കന്‍ഡ് വാലി ഓഫ് ഡെത്തിനെ അതിജീവിച്ചു കൂടുതല്‍ വരുമാനവും ലാഭവും ഉണ്ടാക്കാന്‍ സാധിക്കും എന്നത് തന്നെയാണ്. അതിനുവേണ്ടി നിങ്ങള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചുതുടങ്ങണം എന്നുമാത്രം.



Tags:    

Similar News