ഈ സാമ്പത്തിക ഒരു ലക്ഷം എംഎസ്എംഇകള്‍ സാധ്യമാക്കുമെന്ന് മന്ത്രി പി രാജീവ്
വ്യാപാര്‍ 2022 ന് കൊച്ചിയില്‍ തുടക്കമായി.
രണ്ടര മാസത്തിനിടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലെ 13,137 സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം എംഎസ്എംഇകള്‍ എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം എത്തിച്ചേരുകയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കൊച്ചിയില്‍ നടക്കുന്ന വ്യാപാര്‍ 2022 ന് തുടക്കം കുറിച്ച് സംസാരിക്കുകയാരുന്നു അദ്ദേഹം.
കേരളത്തിലെ എംഎസ്എസ്ഇകള്‍ക്ക് രാജ്യവ്യാപക വിപണി ഉറപ്പാക്കാന്‍ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022 കൊച്ചി ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എംഎസ്എംഇകളിലൂടെ ഇതുവരെ 982.73 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനും 30,698 പേര്‍ക്ക് തൊഴില്‍ നല്‍കാനായെന്ന് മന്ത്രി പറഞ്ഞു. എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരശ്രമങ്ങളുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ 1,155 ഇന്റേണുകളെ റിക്രൂട്ട് ചെയ്തു. സംസ്ഥാനം അടുത്തിടെ പാസ്സാക്കിയ രണ്ട് നിയമങ്ങള്‍ കേരളത്തില്‍ എംഎസ്എംഇകള്‍ ആരംഭിക്കുന്നത് വേഗത്തിലാക്കിയതായും മന്ത്രി വ്യക്തമാക്കി.
2023 ഒക്ടോബറോടെ കൊച്ചി കാക്കനാട്ട് ഒരു സ്ഥിരം എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ കിന്‍ഫ്ര ഒരുക്കും. എല്ലാ വര്‍ഷവും ബിസിനസ് മീറ്റുകള്‍ സംഘടിപ്പിക്കാനാകും ഇവിടെ. വെവ്വേറെ മേഖല തിരിച്ചുകൊണ്ടുള്ള ബിടുബി മീറ്റിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ വ്യാപാര്‍ സഹായിക്കുമെന്നും ബിസിനസ് പങ്കാളികളുടെ മികച്ച സമീപനത്തിലൂടെ കേരളത്തിലെ എംഎസ്എംഇ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നും കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ചടങ്ങില്‍ സംസാരിച്ചു. സംസ്ഥാനത്തെ വ്യവസായിക സൗഹൃദ അന്തരീക്ഷവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതില്‍ വ്യാപാര്‍ പ്രധാനമാണെന്നും എംഎസ്എംഇകളിലൂടെ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കേരളം ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെ ബിപ്പ് സി.ഇ.ഒ സൂരജ് എസ്., ഫിക്കി ചെയര്‍മാന്‍. ദീപക് എല്‍. അസ്വാനി, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് തുടങ്ങിയവരും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം ബയര്‍മാരും മൂന്നൂറിലധികം എംഎസ്എംഇ പ്രമോട്ടര്‍മാരും ഭാഗമാകുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കും.
ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റെയില്‍വേ-പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിടുബി മീറ്റില്‍ പങ്കെടുക്കും. നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് എക്്‌സിബിഷനില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്.