ചെറുകിട സംരംഭകര്‍ക്കുള്ള ഹെല്‍പ് ഡെസ്‌ക് സെപ്റ്റംബര്‍ 2 മുതല്‍

പുതിയ സംരംഭകര്‍ക്ക് സുസ്ഥിര ബിസിനസ് വളര്‍ത്തിയെടുക്കാന്‍ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവിടെ ലഭ്യമാകും

Update:2023-08-19 17:26 IST

 എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു

സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി (എം.എസ്.എം.ഇ) സര്‍ക്കാരും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ) ചേര്‍ന്നൊരുക്കുന്ന സൗജന്യ ഹെല്‍പ് ഡെസ്‌ക് പദ്ധതി ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യുടെ കേരള ചാപ്റ്ററും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് പദ്ധതി നടപ്പാക്കുന്നത്.

22 മേഖലകള്‍ക്ക് ഊന്നല്‍
പുതിയ സംരംഭകര്‍ക്ക് സുസ്ഥിര ബിസിനസ് വളര്‍ത്തിയെടുക്കാന്‍ വേണ്ട എല്ലാ സാമ്പത്തിക മാര്‍ഗനിര്‍ദ്ദേശങ്ങളും എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്‌കുകള്‍ വഴി ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ സംരംഭങ്ങളേയും ഐ.സി.എ.ഐ പോലുള്ള പ്രൊഫഷണല്‍ സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വിദഗ്ദ്ധ സേവനം ലഭ്യമാക്കി വ്യാവസായിക വളര്‍ച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വ്യാവസായികാന്തരീക്ഷത്തിന് മുന്‍തൂക്കം നല്‍കുന്ന 22 മേഖലകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സേവനം സെപ്റ്റംബര്‍ രണ്ടിന് 

വ്യവസായ സംരംഭങ്ങള്‍ക്കായുള്ള എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്‌കുകളുടെ സേവനം സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും വിദഗ്ധ സേവനം ലഭ്യമാകുക. മാസത്തിലെ ആദ്യ ശനിയാഴ്ച എം.എസ്.എം.ഇകള്‍ക്ക് ഐ.സി.എ.ഐയുടെ കീഴിലുള്ള ഒമ്പത് മേഖല ഓഫീസുകളില്‍ നിന്ന് ഹെല്‍പ്പ് ഡെസ്‌ക് സേവനം സൗജന്യമായി ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഐ.സി.എ.ഐ ചാപ്റ്ററില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ഉണ്ടായിരിക്കും. ബിസിനസ് ഘടന, ടാക്‌സേഷന്‍, ലോണിനായുള്ള ഡി.പി.ആര്‍ (Detailed Project Report) തയ്യാറാക്കല്‍ തുടങ്ങിയവയില്‍ ഐ.സി.എ.ഐ പ്രതിനിധികളും സബ്‌സിഡി, ഫെസിലിറ്റേഷന്‍, ലൈസന്‍സ് തുടങ്ങിയവയില്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനും സംരംഭകര്‍ക്ക് ഉപദേശങ്ങള്‍ നല്‍കും.
Tags:    

Similar News