എട്ടുമാസവും ഏഴ് ദിവസവും: ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് പുതിയ ഉണര്‍വിലേക്ക് സംരംഭക കേരളം

സംരംഭക വര്‍ഷം പദ്ധതിയിലൂടെ തുടക്കമിട്ട സംരംഭങ്ങള്‍ക്ക് തുടര്‍ പിന്തുണ നല്‍കുമെന്ന ഉറപ്പും വ്യവസായമന്ത്രി പി. രാജീവ് നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.

Update:2022-12-10 14:11 IST

സംരംഭക രംഗത്ത് കേരളം ഇനി കൊച്ചുകേരളമല്ല. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം എട്ടുമാസവും ഏഴ് ദിവസവും കൊണ്ട് നേടിയെടുത്തതോടെ സംരംഭക രംഗത്ത് വലിയൊരു സന്ദേശമാണ് സംസ്ഥാനം നല്‍കിയിരിക്കുന്നത്. സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത് കൃഷി - ഭക്ഷ്യ സംസ്‌കരണ മേഖലയിലാണ്. 17,958 സംരംഭങ്ങള്‍.

250 ദിവസങ്ങള്‍ കൊണ്ട് 1,02,532 സംരംഭങ്ങളാണ് തുടങ്ങിയിരിക്കുന്നത്. ഇതിലൂടെ 6,337 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ''കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരമൊരു മുന്നേറ്റം സംരംഭകത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിയ്ക്കാന്‍ കാരണമായിട്ടുണ്ട്. ഈ സംരംഭങ്ങള്‍ തളരാതെ തകരാതെ കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും സമൂഹത്തിന്റെയും എല്ലാം ഉത്തരവാദിത്തമാണ്. തുടര്‍ പിന്തുണയാണ് എല്ലാവരും ഉറപ്പാക്കേണ്ടത്,'' വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ടി എസ് ചന്ദ്രന്‍ പറയുന്നു.

സഹായം ലഭ്യമാക്കും

അതേസമയം സംരംഭക വര്‍ഷം പദ്ധതിയിലൂടെ തുടക്കമിട്ട സംരംഭങ്ങള്‍ക്ക് തുടര്‍ പിന്തുണ നല്‍കുമെന്ന ഉറപ്പും വ്യവസായമന്ത്രി പി. രാജീവ് നല്‍കുന്നുണ്ട്. എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംരംഭകര്‍ക്ക് നാല് ശതമാനം പലിശയ്ക്ക് വായ്പ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് എന്നിവയെല്ലാം വ്യവസായ വകുപ്പ് ഉറപ്പ് നല്‍കുന്നുണ്ട്.

സംരംഭകര്‍ക്ക് സഹായം നല്‍കാന്‍ 1153 ഇന്റേണുകളാണ് കേരളത്തിലെ ഓരോ പഞ്ചായത്തുകളിലുമായി ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജനുവരിയില്‍ എറണാകുളത്ത് സംരംഭക വര്‍ഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ സംഗമം നടത്താനും വ്യവസായ വകുപ്പ് പദ്ധതിയിട്ടുണ്ട്.

സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിന് പിന്തുണ നല്‍കുന്നതിനൊപ്പം ഓണ്‍ലൈന്‍ വിപണനത്തിന്റെ സാധ്യതകള്‍ സംരംഭകരിലേക്ക് എത്തിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡിംഗ് നല്‍കുന്നതിനും ശ്രമങ്ങളുണ്ട്.

''ഇത് വലിയൊരു ചുവടുവെപ്പാണ്. മുന്‍പും കേരളത്തില്‍ സംരംഭങ്ങളെ മാപ് ചെയ്യാനും മറ്റുമുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. പക്ഷേ പിന്നീട് അവയില്‍ ബഹുഭൂരിപക്ഷവും പൂട്ടിപോകുന്ന ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങളും ഉണ്ടായിട്ടുണ്ട്. തുടങ്ങിയ എല്ലാ സംരംഭങ്ങളും പൂര്‍ണ വിജയത്തിലേക്ക് നടന്നുകയറണമെന്ന് പറയാനാകില്ല. പക്ഷേ അവയ്ക്ക് സംരംക്ഷണം നല്‍കേണ്ടത് അനിവാര്യമാണ്. സംരംഭകരോടും സംരംഭകത്വത്തോടുമുള്ള മാറിയ ഈ കാഴ്ചപ്പാട് കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ സംഭാവന നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല,'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യവസായി പറയുന്നു.

Tags:    

Similar News