ഒരു മലയാളി സ്റ്റാര്‍ട്ടപ്പ് ടാറ്റ ഗ്രൂപ്പിലെത്തിയ കഥ
സോള്‍ഫുള്‍ എന്ന ബ്രാന്‍ഡില്‍ റാഗി ഉള്‍പ്പടെയുള്ള ചെറുധാന്യങ്ങള്‍ അധിഷ്ഠിതമാക്കി പുതിയ കാലത്തിന് യോജിച്ചവിധമുള്ള പ്രാതല്‍ ഇനങ്ങള്‍ വിപണിയിലിറക്കിയ കൊട്ടാരം അഗ്രോ ഫുഡ്‌സിന്റെ 100 ശതമാനം ഓഹരികളും 155 കോടിയിലേറെ രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്.
2021 ഫെബ്രുവരിയില്‍ ഒരു വാര്‍ത്ത പുറത്തുവന്നു. മലയാളിയായ സ്റ്റാര്‍ട്ടപ്പ് സംരംഭകന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് & വെല്‍നസ് ഫുഡ് രംഗത്തെ ബ്രാന്‍ഡിനെ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് ഏറ്റെടുക്കുന്നു എന്നതായിരുന്നു അത്. സോള്‍ഫുള്‍ എന്ന ബ്രാന്‍ഡില്‍ റാഗി ഉള്‍പ്പടെയുള്ള ചെറുധാന്യങ്ങള്‍ അധിഷ്ഠിതമാക്കി പുതിയ കാലത്തിന് യോജിച്ചവിധമുള്ള പ്രാതല്‍ ഇനങ്ങള്‍ വിപണിയിലിറക്കിയ കൊട്ടാരം അഗ്രോ ഫുഡ്‌സിന്റെ 100 ശതമാനം ഓഹരികളും 155 കോടിയിലേറെ രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കൊട്ടാരം അഗ്രോ ഫുഡ്‌സ് ടാറ്റയുടെ സാമ്രാജ്യത്തിലെത്തിയ കഥയില്‍ നിന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്. വിമന്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്വര്‍ക്ക് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യു.പി.എം അഡ്വര്‍ടൈസിംഗ് സ്ഥാപക മേരി ജോര്‍ജ്, കൊട്ടാരം ഗ്രൂപ്പ് ഡയറക്റ്റര്‍ ലത പരമേശ്വരനുമായി നടത്തിയ സംഭാഷണത്തില്‍ സോള്‍ഫുള്ളിന്റെ യാത്രയ്‌ക്കൊപ്പം അനാവരണം ചെയ്യപ്പെട്ടത് ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം അടുത്ത തലത്തിലേക്ക് വളരാന്‍ വേണ്ട കാര്യങ്ങള്‍ കൂടിയാണ്.
പുതിയ കാലത്തേക്ക് രൂപമാറ്റം നടത്തിയ കാര്‍ഷിക വികാരം
സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്നുനില്‍ക്കുന്ന കുട്ടനാട്ടില്‍ കായല്‍ വയലേലയാക്കി മാറ്റിയ കാര്‍ഷിക കുടുംബത്തിന്റെ പാരമ്പര്യമുള്ള പരമേശ്വരന്‍-ലത പരമേശ്വരന്‍ ദമ്പതികളുടെ മകനായ പ്രശാന്ത് പരമേശ്വരനാണ് കൊട്ടാരം അഗ്രോ ഫുഡ്‌സിന് 2013ല്‍ തുടക്കമിട്ടത്. 'കുട്ടനാട്ടിലെ പ്രൗഢമായ കാര്‍ഷിക കുടുംബമായിരുന്നു ഭര്‍ത്താവിന്റേത്. ബിരുദ പഠനം കഴിഞ്ഞ് 19ാം വയസില്‍ ആ കുടുംബത്തിന്റെ മരുമകളായെത്തിയ എന്നെ ബിസിനസ് മേഖലയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതും ജീവിതപങ്കാളിയും അദ്ദേഹത്തിന്റെ മാതാപിതാക്കളുമാണ്'-ലത പറയുന്നു. ലത കൂടി നേതൃത്വം നല്‍കുന്ന കൊട്ടാരം ഗ്രൂപ്പ് ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ കേരളത്തിലെ വിതരണക്കാരാണ്. നാല് പതിറ്റാണ്ടിലേറെയായി വന്‍കിട കോര്‍പ്പറേറ്റുകളോടൊപ്പമാണ് ലത പരമേശ്വരന്റെ സംരംഭക സഞ്ചാരം.
'വന്‍കിട കമ്പനികളോടൊത്ത് പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ കോര്‍പ്പറേറ്റ് സംസ്‌കാരം നമ്മളും ഉള്‍ക്കൊള്ളണം. 1992ല്‍ കാഡ്ബറീസില്‍ ടഅജ വന്നപ്പോള്‍ മുംബൈയില്‍ വെച്ച് ഞങ്ങള്‍ക്ക് കൂടി അവര്‍ അതില്‍ പരിശീലനം നല്‍കിയിരുന്നു'-ലത പറയുന്നു. വിദ്യാഭ്യാസ കാലം മുതല്‍ മക്കളെയും ബിസിനസിന്റെ ഭാഗമാക്കിയാണ് പരമേശ്വരനും ലത പരമേശ്വരനും വളര്‍ത്തിയത്. കാര്‍ഷിക പാരമ്പര്യം ഉള്ളതുകൊണ്ട് ഭക്ഷ്യോല്‍പ്പന്ന രംഗത്ത് സംരംഭകനാകുകയായിരുന്നു പ്രശാന്ത്. പരിസ്ഥിതി സൗഹാര്‍ദപരവും പോഷകസമൃദ്ധവുമായ ചെറുധാന്യങ്ങളെ അടിസ്ഥാനമാക്കി ആധുനിക രീതിയിലെ 'ഹെല്‍ത്തി ഫുഡ്' വിപണിയിലെത്തിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ലത പറയുന്നു.
* സോള്‍ഫുള്‍ ബ്രാന്‍ഡില്‍ റാഗി ഫ്‌ളേക്‌സ് ഇറക്കിയപ്പോള്‍ പ്രധാന വെല്ലുവിളിഅതിന്റെ ഷെല്‍ഫ് ലൈഫായിരുന്നു. ഹെല്‍ത്തി ഫുഡ് എന്ന വിഭാഗത്തിലായതിനാല്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് കാലാവധി കൂട്ടാന്‍ സാധിക്കില്ലായിരുന്നു.
* സി.എഫ്.ടി.ആര്‍.ഐയിലെ ഗവേഷകരുടെ പിന്തുണയോടെ റാഗിയും ചെറുധാന്യങ്ങളും അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന രുചിയിലും രൂപത്തിലും സോള്‍ഫുള്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചു.
* ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്ന ഫ്‌ളേക്‌സ് വിഭാഗത്തില്‍, അധികം പണം ചെലവിടാതെ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പരസ്യതന്ത്രങ്ങള്‍ സോള്‍ഫുള്‍ സ്വീകരിക്കേണ്ടി വന്നു. ഇങ്ങനെ സാധ്യമായത്ര തലത്തില്‍ നടത്തിയ പുതിയ മാറ്റങ്ങളാണ് സോള്‍ഫുള്ളിനെ വ്യത്യസ്തമാക്കിയത്.
ചങ്കിടിപ്പിന്റെ നിമിഷങ്ങള്‍
മുന്‍ തലമുറ സമ്പാദിച്ചുവെച്ച സമ്പത്തെടുത്ത് ബിസിനസ് ചെയ്യുന്നതിനപ്പുറംകുടുംബത്തിലേക്ക് കൂടുതല്‍ മൂല്യം ചേര്‍ത്തുവെയ്ക്കാനാണ് തങ്ങളുടെ കുടുംബത്തിലുള്ള ഓരോ തലമുറയും ശ്രമിക്കുന്നതെന്ന് ലത പറയുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ബിസിനസുകള്‍ പുനഃക്രമീകരിക്കാനും ചില ബിസിനസുകളില്‍ നിന്ന് പുറത്തുകടക്കാനുമൊക്കെ ഇവര്‍ തീരുമാനിക്കുന്നത്. 'കൊട്ടാരം അഗ്രോ ഫുഡ്‌സില്‍ നിന്ന് പുറത്തുപോകാന്‍ ആലോചിച്ചപ്പോള്‍ പല കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ ടാറ്റ ഗ്രൂപ്പ് അനുകൂലമായി പ്രതികരിച്ചു. പ്രായപൂര്‍ത്തിയായ മകള്‍ക്ക് അനുയോജ്യനായ വരനെ കണ്ടെത്തുന്നത് പോലെയാണ് നാം ഏറെ അധ്വാനിച്ച് കെട്ടിപ്പടുത്ത, താലോലിച്ച് വളര്‍ത്തിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയെ അടുത്തതലത്തിലേക്ക് വളര്‍ത്താന്‍ പറ്റിയ ഗ്രൂപ്പുകളെകണ്ടെത്തുന്നതും. ടാറ്റ ഗ്രൂപ്പ് അക്കാര്യത്തില്‍ ഏറ്റവും അനുയോജ്യമായൊരു തെരഞ്ഞെടുപ്പാണ്' -ലത പറയുന്നു.
അങ്ങേയറ്റം നൂതനമായ ഉല്‍പ്പന്നം, ഹെല്‍ത്ത് & വെല്‍നസ് വിഭാഗത്തില്‍ ഗുണമേന്മയും രുചിയും പോഷണവുമെല്ലാം ഒരുമിക്കുന്ന ഭക്ഷ്യോല്‍പ്പന്നം, ഉപഭോക്താക്കളുടെ സ്വീകാര്യത എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് സോള്‍ഫുള്ളിന് കരുത്തായതെന്ന് ലത പറയുന്നു. 'ടാറ്റ ഏറ്റെടുക്കുമ്പോള്‍ കൊട്ടാരം അഗ്രോ ഫുഡ്‌സിന് 40 കോടിയായിരുന്നു വിറ്റുവരവ്. ഇപ്പോള്‍ 100 കോടിയായി. ബിസിനസില്‍ നൈതികതയും മൂല്യവും കാത്തുസൂക്ഷിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്നാലേ ഇതുപോലെ വളര്‍ച്ച നേടാനാകൂ'- ലത ചൂണ്ടിക്കാട്ടുന്നു.