സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ: നേടാം വനിതകള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും ഒരുകോടി വരെ വായ്പ

ഇതുവരെ അപേക്ഷിച്ചത് 1.8 ലക്ഷത്തിലധികം വനിതകള്‍; സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും പദ്ധതിയില്‍

Update:2023-05-31 12:11 IST

Image : Canva

എസ്.സി., എസ്.ടി വിഭാഗങ്ങളിലുള്ളവരെയും വനിതകളെയും സംരംഭക ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ ആവിഷ്‌കരിച്ചതാണ് 'സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ' (Stand Up India) സ്‌കീം. സംരംഭങ്ങള്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപ മുതല്‍ ഒരുകോടി രൂപവരെ വായ്പ ലഭ്യമാക്കുന്ന സ്‌കീമാണിത്.

വായ്പയ്ക്ക് അപേക്ഷിക്കുന്നത് മുതല്‍ സംരംഭം മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള വൈദഗ്ദ്ധ്യ പരിശീലനം, ഉപദേശം (Mentoring) തുടങ്ങിയ പിന്തുണകളും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ നല്‍കും.
രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍
ഇതുവരെ സ്‌കീം പ്രകാരം വായ്പയ്ക്കായി ലഭിച്ചത് 2.07 ലക്ഷം അപേക്ഷകളാണെന്ന് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പോര്‍ട്ടലിലെ (https://standupmitra.in/) കണക്കുകള്‍ വ്യക്തമാക്കുന്നു. 48,701.73 കോടി രൂപ മതിക്കുന്ന വായ്പകള്‍ക്കുള്ള അപേക്ഷകളാണ് സ്‌കീം പ്രകാരം ബാങ്കുകളില്‍ ലഭ്യമായത്. ഇതില്‍ 1.86 ലക്ഷം അപേക്ഷകള്‍ ഇതിനകം അംഗീകരിച്ചു; 42,052.31 കോടി രൂപയുടെ വായ്പകളും വിതരണം ചെയ്തു.
സംരംഭങ്ങളും വായ്പയും പലിശയും
എസ്.സി., എസ്.ടി വിഭാഗങ്ങള്‍, വനിതകള്‍ എന്നിവരാണ് പദ്ധതിയില്‍ വായ്പയ്ക്കായി അപേക്ഷിക്കാന്‍ അര്‍ഹര്‍. പുതിയ സംരംഭങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. സംരംഭങ്ങള്‍ മാനുഫാക്ചറിംഗ്, സേവനം, കൃഷി, കാര്‍ഷികാനുബന്ധമേഖകള്‍, വ്യാപാരം (Trading) എന്നീ വിഭാഗങ്ങളിലുമായിരിക്കണം.
പങ്കാളിത്ത പദ്ധതികളാണെങ്കില്‍ ഭൂരിപക്ഷ ഓഹരിയുടമകള്‍ (കുറഞ്ഞത് 51 ശതമാനം) എസ്.സി., എസ്.ടി വിഭാഗത്തില്‍ നിന്നുള്ളവരോ സ്ത്രീകളോ ആയിരിക്കണം.
10 ലക്ഷം രൂപ മുതല്‍ ഒരുകോടി രൂപവരെയാണ് വായ്പ ലഭിക്കുക. സംരംഭത്തിന്റെ 85 ശതമാനം വരെ തുക വായ്പയായി ലഭിക്കും. 10-15 ശതമാനം തുക സംരംഭകര്‍ വഹിക്കണമെന്നാണ് നിബന്ധന. ബാങ്കുകളുടെ അടിസ്ഥാന പലിശനിരക്കിന് ആനുപാതികമായ (എം.സി.എല്‍.ആര്‍) പലിശയാണ് ഈടാക്കുക. ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. 18 മാസം മോറട്ടോറിയവും അനുവദിക്കും.
മികച്ച സ്ത്രീപങ്കാളിത്തം
വനിതകളില്‍ നിന്ന് കഴിഞ്ഞ ഏപ്രില്‍ പ്രകാരം ആകെ ലഭിച്ചത് 1.8 ലക്ഷത്തിലധികം അപേക്ഷകളാണ്; ഇതിന്റെ മൂല്യം 40,710 കോടി രൂപ. ഇതുവരെ അംഗീകരിച്ചത്  1.44 ലക്ഷം അപേക്ഷകള്‍ഇതുവഴി വിതരണം ചെയ്തത്‌  33,152 കോടി രൂപയുടെ വായ്പകളും.  പദ്ധതിയില്‍ അപേക്ഷിച്ചവരില്‍ 80 ശതമാനവും വനിതകളാണ്.
വായ്പയ്ക്കായി എങ്ങനെ അപേക്ഷിക്കാം?
https://standupmitra.in/ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഹോംപേജിലെ Apply for a loan ലിങ്കില്‍ ക്ലിക്ക് ചെയ്ത് വായ്പയ്ക്കായി അപേക്ഷിക്കാം.
സംരംഭകര്‍ ഏത് വിഭാഗത്തില്‍ നിന്നുള്ളവരാണ് (എസ്.സി., എസ്.ടി., വനിത) വ്യക്തമാക്കുന്ന രേഖകള്‍ അനിവാര്യമാണ്. തിരിച്ചറിയല്‍ രേഖ (ID Proof), സംരംഭത്തിന്റെ മേല്‍വിലാസ രേഖ, പങ്കാളിത്ത സംരംഭമാണെങ്കില്‍ അതിന്റെ രേഖ, ആദായ നികുതി റിട്ടേണ്‍ രേഖകള്‍, എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ (ആവശ്യമെങ്കില്‍), അടുത്ത രണ്ടുവര്‍ഷത്തെ പ്രതീക്ഷിത ബാലന്‍സ് ഷീറ്റ്, വാടക/പാട്ട വിവരങ്ങള്‍ തുടങ്ങിയ രേഖകള്‍ പകര്‍പ്പ് (ഫോട്ടോകോപ്പി) സഹിതം കരുതിവച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്.
Tags:    

Similar News