സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയ ഇന്‍ക്യുബേഷന്‍ സെന്റര്‍ കൊച്ചിയില്‍ ഒരുങ്ങുന്നു

Update:2019-10-27 11:39 IST

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും പിറവം ടെക്‌നോ ലോഡ്ജിന്റെയും നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയൊരു ഇന്‍ക്യുബേഷന്‍ സെന്റര്‍ കൂടി ഒരുങ്ങുന്നു. എറണാകുളം കളമശേരി എച്ച്എംടി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കെഎസ്എസ്‌ഐഎയില്‍ ആണ് പുതിയ ഇന്‍ക്യുബേഷന്‍ സെന്റര്‍ വരുന്നത്. സംരംഭം തുടങ്ങാനും വിപുലമാക്കാനും ഫണ്ട് കണ്ടെത്താനുമെല്ലാം സഹായകമാകുന്ന ഈ ടെക്‌നോസിറ്റിയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, മുഴുവന്‍ സമയ വൈദ്യുതി, യുപിഎസ്, ജനറേറ്റര്‍, ശീതീകരിച്ച ലാബ്, കാബിനുകള്‍ എന്നീ സൗകര്യങ്ങള്‍ സംരംഭകര്‍ക്കായി ഒരുക്കും.

30 സ്റ്റാര്‍ട്ടപ് കമ്പനികളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, നാസ്‌കോം, കേരള ഐടി മിഷന്‍, കെഎസ്‌ഐഡിസി തുടങ്ങിയവയുടെ പിന്തുണയും ടെക്‌നോസിറ്റിയിലെ സംരംഭകര്‍ക്കു ലഭ്യമാകും. സോഫ്റ്റ് ലോഞ്ചിംഗ് നടന്ന ടെക്‌നോസിറ്റിയുടെ ഉദ്ഘാടനം അടുത്ത മാസം ആണ്. ആദ്യഘട്ടത്തില്‍ ഐടി സ്റ്റാര്‍ട്ടപ്പുകളാണു ടെക്‌നോസിറ്റിയില്‍ റജിസ്റ്റര്‍ ചെയ്തത്. കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിലുണ്ട്.

യുവസംരംഭകര്‍ക്കു തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ മൂലധനം കണ്ടെത്താന്‍ നിക്ഷേപകരെയും സംരംഭകരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് കഫേ, സംരംഭക രംഗത്തു വിജയം നേടിയവരെ ഉള്‍പ്പെടുത്തിയുള്ള ടെക്‌നോസിയം- ഈവനിംഗ് ഇവന്റ്‌സ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ടെക്‌നോസിറ്റിയിലുണ്ടാകും. സംശയനിവാരണത്തിനു വിദഗ്ധരുടെ സേവനവും ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്. മികച്ച ആശയങ്ങളുള്ളവര്‍ക്ക് സംരംഭകരാകാന്‍ വിദഗ്‌ധോപദേശം സാധ്യമാകുമെന്നതിനാല്‍ സംരംഭകത്വത്തിലേക്ക് ചുവടുവയ്ക്കുന്നവര്‍ക്ക് പ്രോത്സാഹനമാകും പുതിയ ടെക്‌നോസിറ്റി.

Similar News