സ്റ്റീവ് ജോബ്‌സ് പറഞ്ഞു; ഒരു ലീഡറെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഇതാണ്!
ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നാൽ ചെറിയ കാര്യമല്ല. നിരവധി വെല്ലുവിളികളെയാണ് ഒരു ടീം ലീഡർ നേരിടേണ്ടി വരിക. വഴിയിൽ പരാജയം സംഭവിക്കുന്നത് സ്വാഭാവികം. എന്നാൽ ഈ പരാജയത്തെ എങ്ങനെയാണ് ഒരാൾ അഭിമുഖീകരിക്കുന്നതെന്ന് നിരീക്ഷിച്ചാൽ അയാൾ യഥാർത്ഥ ലീഡർ ആണോ എന്ന് മനസിലാക്കാനാവും.
ജോൺ റോസ്‌മാന്റെ 'തിങ്ക് ലൈക്ക് ആമസോൺ' എന്ന പുസ്തകത്തിൽ ആപ്പിൾ സഹ-സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഒരു ടോക്കിനെക്കുറിച്ച് പറയുന്നുണ്ട്. ആപ്പിൾ കമ്പനിയിൽ വൈസ് പ്രസിഡന്റുമാരായി പ്രൊമോഷൻ ലഭിച്ച ഒരു കൂട്ടം ജീവനക്കാരോട് ഒരിക്കൽ ജോബ്സ് പറഞ്ഞതാണിക്കാര്യം.
ഒരു ദിവസം തന്റെ മുറിയിലെ വേസ്റ്റ് ബിൻ വൃത്തിയാക്കാതിരുന്ന ജാനിറ്ററോട് ജോബ്‌സ് വിശദീകരണം ആവശ്യപ്പെട്ടു. മുറിയുടെ ലോക്ക് മാറിയതുകൊണ്ട് പുതിയ താക്കോൽ തന്റെ കൈവശമില്ലായിരുന്നെന്നും അതിനാലാണ് തന്റെ ജോലിചെയ്യാൻ സാധിക്കാതെ പോയതെന്നും ജാനിറ്റർ മറുപടി നൽകി.
ജോബ്‌സിന്റെ അഭിപ്രായത്തിൽ ജാനിറ്ററിന് ഒഴിവുകഴിവ് പറയാം. കാരണം അദ്ദേഹം ഒരു ജീവനക്കാരൻ മാത്രമാണ്. എന്നാൽ വെറും ജീവനക്കാരനിൽ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അവിടെനിന്ന് സിഇഒ സ്ഥാനത്തേക്കും മാറുമ്പോൾ ഇത്തരം ന്യായീകരങ്ങൾക്ക് സ്ഥാനമില്ലാതാകും.
"ഒരു മഹാനായ നേതാവ് തന്റെ പരാജയത്തെ ന്യായീകരിക്കുകയോ, കാരണങ്ങൾ നിരത്തുകയോ ചെയ്യാറില്ല," ജോബ്‌സ് പറഞ്ഞു. നിങ്ങളുടെ അധികാര പരിധിയിൽ എന്ത് തെറ്റ് സംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യം , അതാണ് ഒരു ലീഡറെ വ്യത്യസ്തനാക്കുന്ന ഘടകം.
ജാനിറ്ററിൽ നിന്ന് സിഇഒ ആയി മാറുമ്പോൾ, കാരണങ്ങൾക്ക് വിലയില്ലാതാകും, ജോബ്സ് പറയുന്നു.
- ഒരിക്കലും ന്യായം പറയരുത്.
- ഒരിക്കലും കാരണങ്ങൾ നിരത്തരുത്.
- ഒരിക്കലും ആർക്കുനേരെയും വിരൽ ചൂണ്ടരുത്; ഇവയാണ് ജോബ്‌സിന്റെ അഭിപ്രായത്തിൽ ഒരു ലീഡറിൽ മാത്രം കാണുന്ന പ്രത്യേകതകൾ.