കോപ്പി ചെയ്യാനാകില്ല ഈ 'ഫ്ളേവര്‍'!
ദി അര്‍ബന്‍ ഫ്ളേവര്‍ (TUF) (ക്ലൗഡ് കിച്ചണ്‍)
→ നൈനാന്‍ (19 വയസ്), ഐവിന്‍ (23 വയസ്)
→ 2018 മുതല്‍ പ്രവര്‍ത്തിക്കുന്നു
നൈനാന്‍ ബെംഗളുരു സെന്റ് ജോസഫ്സ് കോളെജില്‍ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഐവിന്‍ സെന്റ് സേവ്യേഴ്സില്‍ നിന്നും ബികോം പഠനം പൂര്‍ത്തിയാക്കി.
പ്ലസ് വണ്‍ പഠന കാലത്താണ് നൈനാന്‍ ജോര്‍ജിന്റെ മനസ്സില്‍ ബിസിനസ് എന്ന ആശയം കടന്നുവരുന്നത്. സമുദ്രോല്‍പ്പന്ന കയറ്റുമതി രംഗത്ത് ഏറെ കാലമായുള്ള ബോബി െൈമെറന്‍ ബിസിനസ് കുടുംബത്തിലെ ഇളയ ആള്‍. ജോര്‍ജ് കെ നൈനാന്റെയും രൂപ ജോര്‍ജിന്റെയും മകന്‍. ചെറുപ്പം മുതല്‍ ബിസിനസ് കേട്ട് വളര്‍ന്ന നൈനാന് ആരുടെയും സാമ്പത്തിക പിന്തുണയില്ലാതെ ഒരു ബിസിനസ് ചെയ്യണമെന്നതായിരുന്നു ആഗ്രഹം. അപ്പോഴാണ് സ്‌കൂളില്‍ സീനിയറായി പഠിച്ചിരുന്ന ഐവിനും ഡിഗ്രി പഠനത്തോടൊപ്പം ബിസിനസ് ചെയ്യാനൊരുങ്ങുന്നതായി അറിഞ്ഞത്. നൈനാനും ഐവിനും തങ്ങളുടെ ബിസിനസ് ആശയങ്ങള്‍ പങ്കിട്ടു. അധികം മുതല്‍മുടക്കില്ലാതെ തുടങ്ങാന്‍ കഴിയുന്ന ക്വാളിറ്റി ഉള്ള ഒരു ബ്രാന്‍ഡ് ആയിരുന്നു ലക്ഷ്യം. 'ദി അര്‍ബന്‍ ഫ്ളേവര്‍' അഥവാ ഠഡഎ എന്ന പേരില്‍ ക്ലൗഡ് കിച്ചണ്‍ ആരംഭിച്ചു. വിദേശ രാജ്യങ്ങളിലും ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളിലും 'ക്ലൗഡ് കിച്ചണ്‍' സുപരിചിതമാണെങ്കിലും കേരളത്തില്‍ താരതമ്യേന പുതിയതാണ് ഈ ആശയം. എന്നാല്‍ സൊമാറ്റോയും സ്വിഗ്ഗിയും ശീലിച്ച കൊച്ചിക്കാര്‍ക്കിടയിലേക്ക് വോഫ്ള്‍സ് രുചികളുമായി എത്തിയ ടിയുഎഫ് ക്ലൗഡ് കിച്ചണും തരംഗമായി.
ആളുകള്‍ ഇരുന്നു കഴിക്കുന്ന ഡൈന്‍ ഇന്‍ ഏരിയ കുറച്ച് കിച്ചണ്‍ സ്പെയ്സ് വര്‍ധിപ്പിച്ച് വരുമാനം നേടാന്‍ കഴിയുന്നതാണ് ക്ലൗഡ് കിച്ചണ്‍ ബിസിനസ് മോഡല്‍. ഉപയോക്താവിന്റെ താല്‍പര്യം, ഡിമാന്‍ഡ് എന്നിവയറിഞ്ഞുകൊണ്ടുള്ള മെനുവാണ് ക്ലൗഡ് കിച്ചണുകളുടെ പ്രത്യേകത. ഇന്ത്യയൊട്ടാകെ ഡൈന്‍ ഇന്‍ റസ്റ്ററന്റുകളുടെ ബിസിനസ് കുറയുമ്പോഴും ക്ലൗഡ് കിച്ചണുകളുടെ ഡിമാന്‍ഡ് ഏറുകയാണ്. ഇത് തന്നെയാണ് ഈ യുവ ബിസിനസ് സാരഥികളെ സഹായിച്ചതും. 'ലോക സമ്പദ്ഘടന മാന്ദ്യത്തിലേക്ക് പോകുമ്പോഴും വിദ്യാഭ്യാസം, ഭക്ഷണം എന്നീ മേഖലിയിലെ അവസരങ്ങള്‍ കുറയുന്നില്ല. ഈ അവസരത്തെ മനസ്സിലാക്കിയാണ് ഇത്തരമൊരു ബ്രാന്‍ഡ് അവതരിപ്പിച്ചത്. ഭക്ഷണത്തോടുള്ള എന്റെ ഇഷ്ടവും ചെലവ് കുറച്ച് ബിസിനസ് മുന്നോട്ടുകൊണ്ടുപോകുള്ള ഐവിന്റെ കഴിവും പഠനത്തെയോ ജീവിതത്തെയോ ബാധിക്കാത്ത രീതിയില്‍ ബിസിനസ് മികച്ചരീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സഹായിക്കുന്നു'' നൈനാന്‍ പറയുന്നു.
എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡെലിവറി ഉറപ്പാക്കാന്‍ എംജി റോഡിനു പുറമെ തോപ്പുംപടി, കാക്കനാട് എന്നിവിടങ്ങളില്‍ ടിയുഎഫിന് ബ്രാഞ്ചുകളുണ്ട്. നോണ്‍വെജ് രുചി പകരുന്ന സേവറി വോഫ്ള്‍സ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ പ്രചാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. 80,90 രൂപയിലുള്ള മെനുവാണ് ഇവരുടെ ഹൈലൈറ്റ്. ടിയുഎഫ് എന്ന ഒഫിഷ്യല്‍ ബ്രാന്‍ഡിംഗ് പാക്കേജും സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗും ഉപഭോക്താക്കള്‍ നല്‍കുന്ന പബ്ലിസിറ്റിയുമാണ് ബ്രാന്‍ഡ് വളര്‍ച്ചയ്ക്ക് കരുത്തേകുന്നത്. പാചകം ചെയ്യുന്നവര്‍ മാറിയാലും ദി അര്‍ബന്‍ ഫ്ളേവറിന്റെ 30 ഓളം രുചിക്കൂട്ടുകള്‍ മാറില്ല. അത്തരത്തിലാണ് ഓരോ ക്ലൗഡ് കിച്ചണും പ്രവര്‍ത്തിക്കുന്നത്. ബിസിനസിലെ ലാഭം കൊണ്ട് വിപുലീകരണ പരിപാടികള്‍ ആണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.
വിവാഹ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന്...
അര്‍മാ ബ്രൈഡല്‍സ് (വിവാഹ വസ്ത്രങ്ങളുടെ നിര്‍മാണവും വിതരണവും)
→ അജ്മല്‍, മരിയ (24 വയസ്)
→ 2018 മുതല്‍ പ്രവര്‍ത്തിക്കുന്നു.
അജ്മല്‍ പിജിഡിഎം വിദ്യാര്‍ത്ഥിയും മരിയ ഇറ്റലിയില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമാണ്.
വിവാഹം എല്ലാ വ്യക്തിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ഈ ദിവസത്തെ ഏറ്റവും മനോഹരമാക്കുന്നത് വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം തന്നെ. എന്നാല്‍ വലിയൊരു തുക തന്നെയാണ് ഈ ഇനത്തില്‍ ചെലവാക്കേണ്ടി വരുന്നത്. അജ്മല്‍, മരിയ എന്നീ രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടായ ഇത്തരമൊരു ചര്‍ച്ചയില്‍ നിന്നാണ് അര്‍മാ ബ്രൈഡല്‍സ് പിറക്കുന്നത്. ബജറ്റ് ഫ്രണ്ട്ലി ആയ ബ്രൈഡല്‍ വസ്ത്രങ്ങള്‍ അണിയിച്ചൊരുക്കുന്ന ഡിസൈനര്‍ ഹബ്. രണ്ട് വര്‍ഷം മുമ്പാണ് 'അര്‍മ' യ്ക്ക് തുടക്കമാകുന്നത്. ആശയം ബജറ്റ് ഫ്രണ്ട്ലി ആയത് കൊണ്ട് തന്നെ അവതരിപ്പിച്ച് ഒരു വര്‍ഷം കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാനായി. വിവാഹ വസ്ത്ര വിപണിയിലെ മത്സരം ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷെ പരിമിതമായ ബജറ്റില്‍ നിന്ന് ഉപഭോക്താക്കളുടെ മനസ്സിലുള്ള ഡിസൈന്‍ നിര്‍മിച്ച് നല്‍കാനായത് മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ ഇവരെ പ്രാപ്തരാക്കി. ഇറ്റലിയില്‍ റിസര്‍ച്ച് വിദ്യാര്‍ത്ഥിയായ മരിയ ആണ് ക്രിസ്ത്യന്‍ വിവാഹ വസ്ത്രങ്ങളില്‍ ഇറ്റാലിയന്‍ ഡിസൈനുകള്‍ അവതരിപ്പിക്കാമെന്ന ആശയം അജ്മലിനോട് പറയുന്നത്. പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എല്ലാം അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് ഇന്‍ഡോ വെസ്റ്റേണ്‍ ഡിസൈനുകള്‍ വില്‍ക്കാന്‍ തുടങ്ങി. വിവാഹം, വിവാഹത്തോടനുബന്ധിച്ചുളള ചടങ്ങുകള്‍, പാര്‍ട്ടി തുടങ്ങിയവയ്ക്ക് അനുയോജ്യമായ എല്ലാ തരം വസ്ത്രങ്ങളും അര്‍മാ വിപണിയിലെത്തിക്കുന്നു.
5000 രൂപമുതല്‍ 55000 രൂപ വരെയുള്ള ബ്രൈഡല്‍ വസ്ത്രങ്ങള്‍ അര്‍മ ഇതിനോടകം തന്നെ വിപണിയിലിറക്കി കഴിഞ്ഞു. തൃശൂര്‍ മാളയിലാണ് അര്‍മ ബ്രൈഡല്‍സ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഫെയ്സ്ബുക്ക് മാര്‍ക്കറ്റിംഗിലൂടെ ഇന്ത്യയിലെവിടെയും ഇവര്‍ക്ക് വിപണി കണ്ടെത്താനും ഡെലിവറി ചെയ്യാനും കഴിയുന്നു. 'കോവിഡ് പ്രതിസന്ധി വന്നപ്പോഴാണ് ഓണ്‍ലൈന്‍ മാത്രമായും ഇത്തരമൊരു ബിസിനസിന് നിലനില്‍ക്കാനാകുമെന്ന് മനസ്സിലാക്കുന്നത്. ഉപഭോക്താക്കളുമായി ഓണ്‍ലൈനിലൂടെ ഡിസൈന്‍ ചര്‍ച്ച ചെയ്ത് പരിമിതമായ ജീവനക്കാരെ കൊണ്ട് സ്ഥാപനം മുന്നോട്ട് പോകുന്നു. അതിനാല്‍ തന്നെ ഓര്‍ഡറുകള്‍ ലഭിക്കുമ്പോള്‍ മാത്രമായി പ്രവര്‍ത്തന ചെലവുകളും ചുരുക്കാന്‍ കഴിയുന്നു. സോഷ്യല്‍മീഡിയയിലൂടെ നിരന്തരം ഉപഭോക്താക്കളുമായി സംസാരിക്കുന്നത് കസ്റ്റമൈസേഷന് പൂര്‍ണത നല്‍കുന്നു'' അജ്മല്‍ പറയുന്നു. ഇപ്പോള്‍ നാട്ടിലാണെങ്കിലും ഇറ്റലിയിലേക്ക് പഠനത്തിന്റെ ഭാഗമായി തിരികെ പോയാലും അര്‍മ ബ്രൈഡല്‍സിന്റെ എല്ലാ കാര്യങ്ങളിലും തനിക്കും പങ്കാളിയാകാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മരിയയ്ക്കുള്ളത്.
പ്രകൃതിയോടിണങ്ങി ഒരു സംരംഭം
ഡ്യോകാര, ലിവിംഗ് ഇന്‍ സ്‌റ്റൈല്‍
→ പോള്‍, നേഹ (21 വയസ്)
അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ആര്‍കിടെക്ചര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
→ 2020 സെപ്റ്റംബര്‍ മുതല്‍ പ്രവര്‍ത്തിക്കുന്നു
സഹപാഠികളും സുഹൃത്തുക്കളുമായ പോളും നേഹയും പഠനത്തിന്റെ ഭാഗമായാണ് 'സീറോ വേസ്റ്റേജ്' എന്ന ആശയത്തില്‍ നിന്നുകൊണ്ട് ഫര്‍ണിച്ചറും ഹോം ഡെക്കര്‍ സാമഗ്രികളും നിര്‍മിച്ചു തുടങ്ങിയത്. ഇന്റീരിയര്‍ ഡെക്കര്‍ ബിസിനസ് ചെയ്യുന്ന നേഹയുടെ പിതാവിന്റെ മാനുഫാക്ചറിംഗ് യൂണിറ്റില്‍ നിന്നും ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുമ്പോള്‍ ബാക്കി വരുന്ന തടിക്കഷണങ്ങള്‍ പെറുക്കിയെടുത്തായിരുന്നു ആദ്യ ശ്രമം. തടിയുടെ ചതുരക്കട്ടകള്‍ നിരത്തി വച്ച് കൊണ്ടുള്ള ഒരു ക്ലോക്ക്. സംഗതി കോളെജില്‍ മാത്രമല്ല ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അവരുടെ പരിചയക്കാരുമെല്ലാം ഇടയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇത്തരത്തിലൊരു വ്യത്യസ്തമായ ക്ലോക്ക് തങ്ങള്‍ക്ക് കൂടി നിര്‍മിച്ച് തരണമെന്നു പലരും പറഞ്ഞു. കുറച്ച് ക്ലോക്കുകള്‍ക്ക് ഓര്‍ഡറും വന്നു. പോളും നേഹയും തീര്‍ത്തും ക്രിയേറ്റീവ് ആയി തുടങ്ങിവച്ച ആശയം ബിസിനസിലേക്ക് വഴിമാറുന്നത് അങ്ങനെയാണ്. ആദ്യം ചെയ്തത് ഡ്യോകാര എന്ന ബ്രാന്‍ഡില്‍ ഒരു ഇന്‍സ്റ്റാഗ്രാം പേജ് ആരംഭിക്കുകയും അത് പരമാവധി ഷെയര്‍ ചെയ്യുകയുമായിരുന്നു. ഫോളോവേഴ്സ് ആയപ്പോള്‍ ഓര്‍ഡറുകളും വന്നു തുടങ്ങി. പെയിന്റിംഗ് ചെയ്യുന്ന നേഹയുടെ കരവിരുതും ഫോട്ടോഗ്രഫിയും വ്ളോഗും വശമുള്ള പോളും ചേര്‍ന്ന് മനോഹരമായ ഉല്‍പ്പന്നങ്ങളും അവയെ മികച്ച രീതിയില്‍ ആളുകളിലേക്കെത്തിക്കുന്ന ടെക്നിക്കും വിജയമാക്കി.
ഫിനിഷിംഗ് അധികം നല്‍കാത്തതും എന്നാല്‍ പ്രകൃതിയടിണങ്ങി നില്‍ക്കുന്നതുമായ ഡിസൈനര്‍ ഉല്‍പ്പന്നങ്ങളാണ് ഡ്യോകാര വിപണിയിലെത്തിക്കുന്നത്. വുഡന്‍ ട്രേകള്‍, കീ ഹോള്‍ഡറുകള്‍, ഷെല്‍ഫുകള്‍, ക്രിസ്മസ് അലങ്കാരങ്ങള്‍, ഇന്റീരിയര്‍ ഡെക്കറേഷനുപയോഗിക്കുന്ന തടി ഉല്‍പ്പന്നങ്ങള്‍ അങ്ങനെ കസ്റ്റമൈസ്ഡ് നേം പ്ലേറ്റുകള്‍ വരെ വലിയൊരു ശ്രേണിയാണ് ഡ്യോകാര വിപണിയിലെത്തിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകളെടുത്ത് ഇന്ത്യയിലെവിടെയും എത്തിക്കുന്നു. ''പ്രകൃതിയില്‍ നിന്നും നമ്മള്‍ വിവിധ ആവശ്യത്തിനായി മരം മുറിക്കുന്നു. എന്നാല്‍ തടി ഉല്‍പ്പന്നമാകുമ്പോള്‍ നമുക്ക് ആവശ്യമുള്ളതിനേക്കാള്‍ അധികം പാഴായി പോകാറാണ് പതിവ്. ഇത് ഒഴിവാക്കുന്നതോടൊപ്പം ഇന്റീരിയറിന് മിഴിവേകുന്ന കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ബ്രാന്‍ഡ് ആകുക എന്നതാണ് ലക്ഷ്യം. പഠനത്തോടൊപ്പം മികച്ച വരുമാനവും ഈ ബിസിനസിലൂടെ ഇന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്നു. ഒപ്പം സംതൃപ്തിയും'' നേഹയും പോളും വ്യക്തമാക്കുന്നു.