'വിജയത്തിനാധാരം ഭാഗ്യമോ, വിധിയോ അല്ല'; ബീന കണ്ണന്‍ പറയുന്നു

Update:2019-08-01 10:40 IST

ബിസിനസില്‍ ഭാഗ്യം, വിധി എന്നൊന്നുമില്ല, ഉള്ളത് കഠിനാധ്വാനം മാത്രമാണ്. സമയത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും കഴിയണം. എന്നെ നാല് പതിറ്റാണ്ടിലെ ബിസിനസ് ജീവിതം പഠിപ്പിച്ചത് ഇതാണ്. ഉപഭോക്താവിന്റെ ഏതാവശ്യവും സാധിച്ചുകൊടുക്കാനാകണം. നേരത്തെ കടയില്‍ വെക്കുന്ന വസ്ത്രങ്ങളെന്തായാലും അവര്‍ വാങ്ങുമായിരുന്നു. ഇന്ന് സ്ഥിതി മാറി. അവര്‍ കൂടുതല്‍ ആവ ശ്യങ്ങളുന്നയിക്കുന്നു. അപ്പോള്‍ അതിനൊത്ത് ഉയരാനാകണം.

കസ്റ്റമര്‍ സൈക്കോളജി അറിയുക

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ മില്ലുകളില്‍ പോയി തുണിത്തരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ ആവശ്യങ്ങളും അഭിരുചികളും എന്റെ മനസിലുണ്ടാകും. 'കസ്റ്റമര്‍ സൈക്കോളജി' അറിഞ്ഞിരുന്നാലേ ഇത് സാധിക്കൂ. ഇത് അനുഭവത്തിന്റെ വെളിച്ചത്തില്‍ ലഭിക്കുന്നതാണ്. ആയിരക്കണക്കിന് വസ്ത്രങ്ങളുടെ ഇടയില്‍ നിന്ന് കേരളത്തിലെ വനിതകള്‍ക്കിഷ്ടമാകുന്നവ തെരഞ്ഞെടുക്കാന്‍ നിമിഷങ്ങള്‍ മതിയാകും. നാമെപ്പോഴും അമ്പും വില്ലുമൊരുക്കി തയാറായിരുന്നാലേ ഇതെല്ലാം സാധ്യമാകൂ. ഏത് സമയത്തും ജാഗരൂകരായിരിക്കണം.

ബിസിനസ് ആസ്വദിക്കണം

ബിസിനസിനെ ജീവിതത്തിന്റെ ഭാഗമായി കണ്ടാല്‍ ബോറടിക്കില്ല. നിറങ്ങളും വസ്ത്രങ്ങളും നിറഞ്ഞ ഈ രംഗത്ത് വളരെ ആസ്വദിച്ചാണ്

ഞാന്‍ മുഴുകുന്നത്. ഒരേ താളത്തില്‍ 24 മണിക്കൂറും ബിസിനസില്‍ മുഴുകാനാകുന്നതും ഇക്കാരണത്താലാണ്. പക്ഷേ ജീവനക്കാര്‍ക്ക് ഒരു ഘട്ടം കഴിഞ്ഞാല്‍ വിശ്രമം നല്‍കണം. അവരാണ് ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നത്. അതുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് ജീവനക്കാര്‍ക്ക് അവസരമൊരുക്കിക്കൊടുക്കണം.

പരിഭ്രാന്തി വേണ്ട

മല്‍സരം എത്ര രൂക്ഷമായാലും ഓരോരുത്തര്‍ക്കും സ്വന്തം 'ലോയല്‍ കസ്റ്റമേഴ്സ്' ഉണ്ടാകും. അവര്‍ മറ്റെവിടെയും പോകില്ല. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും കിട്ടാനുള്ളത് കിട്ടും. ഒരു കാര്യം മാത്രം, നാം കരുത്ത് നിലനിര്‍ത്തണം.വായ്പ വാങ്ങി ബിസിനസ് ചെയ്യുമ്പോള്‍ ഇതില്‍ ഓരോ പൈസയും മടക്കി നല്‍കേണ്ടതാണെന്ന വിചാരത്തോടെയേ ചുവടുവെക്കാവൂ. ഉപഭോക്താവിനോടും ഡീലറോടുമൊക്കെ മര്യാദ കാണിക്കുകയും അവരെ ബഹുമാനിക്കുകയും വേണം. പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പരിഭ്രാന്തരാകേണ്ടതില്ല. ഓരോ ദിവസവും കൃത്യമായി പ്ലാന്‍ ചെയ്യുക. മനസില്‍ തന്നെ ഒരുങ്ങാം.

(ധനം മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്- 2010 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ചത്)

Similar News