സാജന്‍ പിള്ള എന്തുകൊണ്ട് ഒരു വയോജനപരിചരണ സംരംഭം തുടങ്ങി?

Update:2019-07-13 12:30 IST

ഓരോ സംരംഭത്തിന്റെയും തുടക്കത്തിന് പിന്നില്‍ ആരുമറിയാത്ത ഒരു കഥയോ കാരണമോ ഉണ്ടായിയിരിക്കും. യു.എസ്.ടി ഗ്ലോബലിന്റെ മുന്‍ സിഇഒയും അമേരിക്കയിലെ മികച്ച 100 സിഇഒമാരില്‍ ഒരാളായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്ത സാജന്‍ പിള്ള വയോജനപരിചരണത്തിനായി കേരളത്തില്‍ എസ്.പി ലൈഫ്‌കെയര്‍ എന്ന പുതിയൊരു സംരംഭം തുടങ്ങിയതിന് പിന്നിലും അത്തരമൊരു കഥയുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സാജന്‍ പിള്ളയുടെ പിതാവ് രോഗബാധിതനായി മരണമടഞ്ഞത്. പിതാവിന് അസുഖം ബാധിച്ചപ്പോള്‍തന്നെ അമേരിക്കയില്‍ നിന്നും മടങ്ങാന്‍ ഏക മകനായ സാജന്‍ പിള്ള തയ്യാറായെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അത് അനുവദിച്ചില്ല.

'ഇത്തരം സാഹചര്യങ്ങളില്‍ എത്ര പണമോ മറ്റ് സംവിധാനങ്ങളോ ഉണ്ടെങ്കിലും അത് നമ്മളെ തൃപ്തരാക്കില്ല. പകരം നമ്മള്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ഉണ്ടായിരുന്നേ മതിയാകൂ' സാജന്‍ പിള്ള പറഞ്ഞു. വാര്‍ദ്ധക്യകാലത്തുണ്ടാകുന്ന ഒറ്റപ്പെടലിന്റെ വേദന അപ്പോഴാണ് സാജന്‍ പിള്ള മനസ്സിലാക്കിയത്. കേരളത്തില്‍ അത് വളരെയേറെ വര്‍ദ്ധിച്ചുവരികയാണെങ്കിലും അതേക്കുറിച്ച് സാമൂഹിക, സാംസ്‌ക്കാരിക കാരണങ്ങളാല്‍ പരസ്യമായി സംസാരിക്കാന്‍ എല്ലാവരും മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വയോജനങ്ങളെ മാത്രമല്ല വിദേശത്തുള്ള അവരുടെ മക്കളെയും ബാധിക്കുന്നൊരു പ്രശ്‌നമാണിതെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിനൊരു പരിഹാരം കണ്ടെത്തണമെന്ന് സാജന്‍ പിള്ള തീരുമാനിച്ചത്. ലോകത്താകമാനം ഈയൊരു പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ വയോജന പരിചരണത്തിനായി ആദ്യം കേരളത്തില്‍ ഒരു സംരംഭം തുടങ്ങുകയും പിന്നീടതിനെ ലോകമൊട്ടാകെ വ്യാപിപ്പിക്കുന്നതിനും സാജന്‍ പിള്ള തയ്യാറായതോടെയാണ് എസ്.പി ലൈഫ്‌കെയര്‍ എന്ന പുതിയ സംരംഭത്തിന് തുടക്കമായത്.

തലസ്ഥാനത്തെ ആശ കെയര്‍ ഹോംസിനെ ഏറ്റെടുത്തുകഴിഞ്ഞ എസ്.പി ലൈഫ് കെയര്‍ ഇപ്പോള്‍ 275 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള താമസസൗകര്യം മാത്രമല്ല അസിസ്റ്റ്ഡ് ലിവിംഗ്, ഹോം നേഴ്‌സിംഗ് തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന സേവനങ്ങളാണ് കമ്പനി ലഭ്യമാക്കാനൊരുങ്ങുന്നത്. സാമ്പത്തികശേഷി കുറഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു ട്രസ്റ്റ് രൂപീകരിച്ച് സൗജന്യ സേവനങ്ങള്‍ നല്‍കുന്നതിനും സാജന്‍ പിള്ള ആലോചിക്കുന്നു.

Similar News