കേള്‍ക്കാം സംരംഭകത്വ കഥകള്‍; ടൈ-കേരളയുടെ വിമന്‍ ഇന്‍ ബിസിനസ് (WIB) കോണ്‍ഫറന്‍സ് കൊച്ചിയില്‍
സംരംഭകത്വത്തിന് ജെന്‍ഡര്‍ വ്യത്യാസങ്ങള്‍ ഉണ്ടോ? ഇല്ലെന്ന് ഉറക്കെ വിളിച്ചു പറയുന്ന നിരവധി വിജയകഥകള്‍ നമുക്ക് ചുറ്റുമുണ്ട്. തങ്ങളുടെ മേഖലകളില്‍ വിജയചരിത്രങ്ങള്‍ കുറിച്ച നിരവധി സ്ത്രീസരംഭകരും മികച്ച ലീഡര്‍ഷിപ്പിലൂടെ തങ്ങളുടെ പ്രസ്ഥാനത്തെ നയിക്കുന്ന വനിതാ പ്രതിഭകളും തങ്ങളുടെ അനുഭവകഥകളിലൂടെ പങ്കുവയ്ക്കുകയാണ് അവര്‍ പോരാടി തെളിഞ്ഞ സംരംഭക പാഠങ്ങള്‍. ടൈ കേരളയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഈ മാസം 21 ന് നടക്കുന്ന വിമന്‍ ഇന്‍ ബിസിനസ് കോണ്‍ഫറന്‍സില്‍ സംസാരിക്കാനെത്തുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിജയിച്ച വ്യക്തിത്വങ്ങളാണ്. സ്ത്രീ പുരുഷഭേദമന്യെ സംരംഭകരാകാനാഗ്രഹിക്കുന്നവര്‍ക്കും സംരംഭത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താനാഗ്രഹിക്കുന്നവര്‍ക്കുമെല്ലാം ഉപകരിക്കുന്ന നിരവധി അനുഭവകഥകളുമായാണ് ഇവര്‍ എത്തുന്നത്. പാലാരിവട്ടം ഹോട്ടല്‍ മണ്‍സൂണ്‍ എംപ്രസില്‍ നടക്കുന്ന ചടങ്ങിന്റെ മുഖ്യ ആകര്‍ഷകത്വവും വിശിഷ്ടാതിഥികള്‍ പങ്കുവയ്ക്കുന്ന കഥകള്‍ തന്നെയാണ്.
കേന്ദ്ര ടെലികോം സെക്രട്ടറിയായിരുന്ന അരുണ സുന്ദരരാജന്‍ ആണ് കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയാകുന്നത്. ടൈ കേരള പ്രസിഡന്റ് എംഎസ്എ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് സംസാരിക്കും. വി സ്റ്റാര്‍ മാനേജിംഗ് ഡയറക്റ്ററും വിമന്‍ ഇന്‍ ബിസിനസ് 2019 കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണുമായ ഷീല കൊച്ചൗസേപ്പ് ചടങ്ങില്‍ സംസാരിക്കും. സംവിധായിക അഞ്ജലി മേനോനുമായി എംഎസ്എ കുമാര്‍ നടത്തുന്ന ഫയര്‍ സൈഡ് ചാറ്റാണ് പിന്നീട്. സിനിമയെ ഒരു സംരംഭം പോലെ കണ്ട് ഓരോ സംരംഭക തലത്തിലെയും പോലെ സിനിമയുടെ ഓരോ തലങ്ങളിലും താന്‍ നേരിട്ട വെല്ലുവിളികളെയും അവയെ നേരിടാന്‍ ആര്‍ജിച്ചെടുത്ത കഴിവുകളെയും കുറിച്ചുള്ള അനുഭവ കഥകള്‍ അഞ്ജലി മേനോന്‍ പങ്കുവയ്ക്കും.
സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന നിരവധി സെഷനുകളാണ് കോണ്‍ഫറന്‍സിന്റെ ഹൈലൈറ്റ്. Characteristics of High Performance Individuals എന്ന വിഷയത്തില്‍ കെപിഎംജി പീപ്പ്ള്‍ പെര്‍ഫോര്‍മന്‍സ് ആന്‍ഡ് കള്‍ചര്‍ ഹെഡ്ഡ് ശാലിനി പിള്ള പ്രഭാഷണം നടത്തും. Men or Women don't matter: How to skill, scale and speed your business എന്ന വിഷയത്തില്‍ ടൈ കോയമ്പത്തൂര്‍ പ്രസിഡന്റും ആംപിയര്‍ വെഹിക്ക്ള്‍സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ഹേമലത അണ്ണാമലൈ തന്റെ അനുഭവ വഴികള്‍ സംരംഭകത്വത്തിന് കരുത്തേകിയ അനുഭവങ്ങള്‍ പങ്കുവെയ്ക്കും. Funding options for Women in Business എന്ന വിഷയത്തില്‍ ചെന്നൈ ഏഞ്ചല്‍സിന്റെ പത്മ ചന്ദ്രശേഖരന്‍ എന്നിവരാണ് സംസാരിക്കുന്നത്.
യുവസംരംഭകര്‍ക്കും സംരംഭകത്വത്തില്‍ തുടക്കക്കാരായവര്‍ക്കും പകര്‍ത്താനുണ്ട് യുവ ബിസിനസ് കാഴ്ചപ്പാടുകള്‍. The Young and the Restless എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കസാരോ ക്രീമെറിയുടെ സഹസ്ഥാപക അനു ജോസഫ്, ദി ബ്ലൂ ബീന്‍സ് സ്ഥാപക പാര്‍ട്ണര്‍ നികിത ബര്‍മന്‍, ട്രാഷ്‌കോണ്‍ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ നിവേദ ആര്‍ എം എന്നിവര്‍ പങ്കെടുക്കും. ചെമ്മണ്ണൂര്‍ അക്കാദമി & സിസ്റ്റംസ് മാനേജിംഗ് ഡയറക്റ്റര്‍ അനീഷ ചെറിയാന്‍ മോഡറേറ്ററാകും.
Success Stories of Kudumbashree Entrepreneurs എന്ന വിഷയത്തില്‍ കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍സിലെ ബീന പോള്‍, കുടുംബശ്രീ മാട്രിമോണിയലിലെ സിന്ധു ബാലന്‍ എന്നിവര്‍ സംസാരിക്കും. ''God's own Weavers: A Story of Resilience'' എന്ന വിഷയത്തില്‍ , സേവ് ദി ലൂം ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍ രമേഷ് മേനോന്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ വഴരെ വ്യത്യസ്തവും എന്റര്‍ട്ടെയ്‌നിംഗുമായ ഒരു പാനല്‍ ചര്‍ച്ചയാണ്. പ്രശസ്ത ഇന്ത്യന്‍ പോപ് ഗായിക ഉഷാ ഉതുപ്പ്, ഉഷ ഉതുപ്പിന്റെ മകളും ആര്‍ജെയുമായ അഞ്ജലി കുര്യന്‍, പേരക്കുട്ടി അയേഷ ജോണ്‍ എന്നിവരും Multi Generation Success Story in Music എന്ന വിഷയത്തില്‍ സംസാരിക്കും. ഇതിനോടനുബന്ധിച്ച് മൂന്ന് ഗാനങ്ങളും വേദിയില്‍ അവതരിപ്പിക്കുന്നുണ്ട്.
സ്ത്രീപുരുഷ ഭേദ്യമെന്യേ സംരംഭകര്‍, സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍, മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, വിവിധ സംരംഭക സംഘടനാ അംഗങ്ങള്‍ തുടങ്ങി ഏത് വിഭാഗത്തില്‍ പെട്ടവര്‍ക്കും പങ്കെടുക്കാനും അനുഭവസമ്പത്തുകളില്‍ നിന്ന് പാഠങ്ങളുള്‍ക്കൊള്ളാനും വേദിയൊരുക്കുകയാണ് ഈ കോണ്‍ഫറന്‍സ്. 1000 രൂപയാണ് ഡെലിഗേറ്റ് ഫീ. WEN അംഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം ഫീസില്‍ ഇളവുണ്ട്.
വിശദ വിവരങ്ങള്‍ക്ക്; ഫോണ്‍: 96455 22105. 0484 4015752, ഇമെയ്ല്‍: info@tieconkerala.org, www.tieconkerala.org