പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി ഉജാല രാമചന്ദ്രന്‍
സഹ്യാദ്രി ബയോ ലാബ്‌സ് എന്ന പുതിയ കമ്പനി കേശ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമുള്ള സവിശേഷമായ ഉല്‍പ്പന്നം ഉടന്‍ വിപണിയില്‍ അവതരിപ്പിക്കും.
ജ്യോതി ലബോറട്ടറീസ് സ്ഥാപകനായ എം പി രാമചന്ദ്രന്‍ പുതിയ സംരംഭവുമായി പേഴ്‌സണല്‍ കെയര്‍ രംഗത്തേക്ക്. കഴിഞ്ഞ വര്‍ഷം ജ്യോതി ലബോറട്ടറീസിന്റെ നേതൃപദവി പൂര്‍ണമായും മകള്‍ ജ്യോതിയെ ഏല്‍പ്പിച്ച രാമചന്ദ്രന്‍ സഹ്യാദ്രി ബയോ ലാബ്‌സ് എന്ന പുതിയ കമ്പനിക്കാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ബയോ ടെക്‌നോളജി സാങ്കേതിക വിദ്യയിലൂടെ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത കേശ പരിപാലനത്തിനുള്ള പുതിയ ഉല്‍പ്പന്നത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങും.
എന്നും വേറിട്ട വഴിയെ
''നമുക്ക് ചുറ്റിലുമുള്ളവരുടെ യഥാര്‍ത്ഥ ആവശ്യങ്ങളും പ്രശ്‌നങ്ങളും എന്താണെന്ന് കൃത്യമായി അറിയുക. എന്നിട്ട് അതിന് ഏറ്റവും മികച്ച പരിഹാരം നല്‍കുക. ഇതാണ് ഒരു സംരംഭകന്‍ ചെയ്യേണ്ടത്,'' ഇങ്ങനെ സംരംഭകത്വത്തെ ലളിതമായി വിവരിക്കുന്ന എം പി രാമചന്ദ്രന്‍ പുതിയ കമ്പനിയുമായി പേഴ്‌സണല്‍ കെയര്‍ രംഗത്തേക്ക് കടന്നുവരുമ്പോള്‍ പുതുമകള്‍ പ്രതീക്ഷിക്കാം.
സ്വന്തം വെള്ളവസ്ത്രങ്ങള്‍ക്ക് മികച്ച വെണ്മ കിട്ടാന്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്നാണ് രാമചന്ദ്രന്‍ ഉജാല എന്ന തുള്ളിനീലം വികസിപ്പിച്ചെടുത്തത്. 1983ല്‍ എളിയ നിലയില്‍ ആരംഭിച്ച സംരംഭം ഇന്ന് 1800 കോടി വിറ്റുവരവുള്ള, രാജ്യത്തെ പ്രമുഖ എഫ് എം സി ജി കമ്പനിയാണ്.
മകള്‍ എം ആര്‍ ജ്യോതിയെ മാനേജിംഗ് ഡയറക്റ്ററാക്കി ജ്യോതി ലബോറട്ടറീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങിയ രാമചന്ദ്രന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിലൂടെ പേഴ്‌സണല്‍ കെയറില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹ്യാദ്രി ബയോ ലാബ്‌സിന് തുടക്കമിട്ടിരിക്കുന്നത്.