ടാലന്റ് അക്കാദമിയെയും പബ്ലിക്കേഷനെയും വെരാൻഡ ഏറ്റെടുക്കുന്നു

ഇരു സ്ഥാപനങ്ങളുടെയും അടുത്ത രണ്ട് വർഷത്തെ പ്രവർത്തന മികവനുസരിച്ചു കരാർ മൂല്യം ഉയരും

Update:2023-06-08 21:37 IST

Image : Canva

ചെന്നൈ ആസ്ഥാനമായ ലിസ്റ്റഡ് കമ്പനിയായ വെരാൻഡ ലേണിംഗ് സൊല്യൂഷന്‍സ് കേരളത്തിലെ പ്രമുഖ പരിശീലന സ്ഥാപനമായ നെയ്യാര്‍ അക്കാദമിയേയും സ്റ്റഡി മെറ്റീരിയലുകള്‍ പ്രസിദ്ധീകരിക്കുന്ന നെയ്യാര്‍ പബ്ലിക്കേഷന്‍സിനേയും ഏറ്റെടുക്കുന്നു. ടാലന്റ് അക്കാദമിക്കു കീഴിലാണ് പി.എസ്.സി പരീക്ഷകള്‍ക്കും മറ്റു മത്സര പരീക്ഷകള്‍ക്കും നെയ്യാര്‍ അക്കാഡമി പരിശീലനം നല്‍കുന്നത്. കൂടാതെ ടാലന്റ് പബ്ലിക്കേഷനിലൂടെ മത്സര പരീക്ഷകള്‍ക്കുള്ള സ്റ്റഡി മെറ്റീരിയലുകള്‍ നെയ്യാര്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്നു.

ആദ്യഘട്ടത്തിൽ ഇരു കമ്പനികളുടേയും 76 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിന് 22.3 കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഇരു കമ്പനികളുടേയും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിച്ചത്. എന്നാല്‍ ജൂലൈ 31 ന് ഇടപാടു പൂര്‍ത്തിയാകുമ്പോള്‍ ഈ തുക ഉയരും. 2025 ല്‍ കമ്പനികളുടെ ബാക്കി 24 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കും.  അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന മികവ് കണക്കിലെടുത്തായിരിക്കും അവയുടെ  മൂല്യം നിശ്ചയിക്കുക. ഓഹരികളായും പണമായും പേയ്‌മെന്റ് നല്‍കും.

ബിസിനസ് ശക്തിപ്പെടുത്താന്‍

മലയാളിയായ ഗിരീഷ് നെയ്യാര്‍ സ്ഥാപിച്ച നെയ്യാര്‍ അക്കാദമി കഴിഞ്ഞ 15 വര്‍ഷമായി മത്സരപരീക്ഷാ പരിശീലനരംഗത്ത് സജീവമാണ്. ദേശിയ തലത്തില്‍ ഐ.എ.എസ്, യു.പി.എസ് ഇ, എസ്.എസ്.സി, ഇന്‍ഷുറന്‍സ്- ബാങ്കിംഗ് ജോലികള്‍ക്കുള്ള പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന പ്രമുഖ സ്ഥാപനമാണ്  വെരാൻഡ ലേണിംഗ് സൊല്യൂഷന്‍സ്.

ഇരു കമ്പനികള്‍ക്കും തങ്ങളുടെ ബിസിനസ് ശക്തിപ്പെടുത്താന്‍ പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് കരുതുന്നു. ഇതു കൂടാതെ മറ്റ് അഞ്ച് സ്ഥാപനങ്ങളുമായും വെരാൻഡ പങ്കാളിത്തത്തിലേര്‍പ്പെട്ടുണ്ട്. 400 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ലാഭം(EBITDA) 100 കോടി രൂപയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.56 കോടി രൂപയായിരുന്നു നെയ്യാര്‍ അക്കാദമിയുടെ വരുമാനം. നെയ്യാര്‍ പബ്ലിക്കേഷന്‍ 4.17 കോടി രൂപയും വരുമാനം നേടി. കോവിഡ് കാലത്തിനു മുന്‍പ് 2020 സാമ്പത്തിക വര്‍ഷത്തില്‍ നെയ്യാര്‍ പബ്ലിക്കേഷൻസിന്റെ വരുമാനം 11.04 കോടി രൂപയായിരുന്നു.

Tags:    

Similar News