നിങ്ങളുടെ ഉല്‍പ്പന്നം വന്‍കിടകമ്പനികള്‍ക്ക് വില്‍ക്കണോ? വഴികളറിയാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വന്‍ കമ്പനികളുടെയും വെണ്ടര്‍ പട്ടികയില്‍ ഇടം നേടാനുള്ള വഴികളറിയാം

Update:2022-10-25 17:34 IST

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വന്‍കിട കമ്പനികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സംരംഭകനാകണോ? അതിനുള്ള വഴികളറിയാനുള്ള പരിശീലന പരിപാടി നവംബര്‍ 17 - 18 തിയതികളില്‍ കൊച്ചിയിലെ ഗോകുലം പാര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

തൃശൂരിലെ എംഎസ്എംഇ ഡെവലപ്‌മെന്റ് ഫെസിലിറ്റേഷന്‍ ഓഫീസും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണല്‍ വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം 2022യില്‍ പരിശീലന പരിപാടിക്ക് പുറമേ ബിടുബി മീറ്റും പ്രദര്‍ശനങ്ങളുമുണ്ടാകും.

 ഐഎന്‍എസ് - വിക്രാന്തിനൊപ്പം കൂട്ടുചേര്‍ന്ന കഥ!

ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വ്യോമവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണവുമായി പങ്കാളികളായത് 128 എംഎസ്എംഇകളാണ്. രാജ്യത്തിന്റെ അഭിമാനമായ ഈ പദ്ധതിയുടെ ഭാഗമാകാന്‍ ചെറുകിട സംരംഭകര്‍ക്ക് സാധിച്ചതെങ്ങനെയെന്നതും പരിശീലനപരിപാടിയില്‍ വിശദീകരിക്കുന്നുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി എങ്ങനെ ബിസിനസ് ചെയ്യാമെന്നതും ഇതോടൊപ്പം ചര്‍ച്ച ചെയ്യും.

 പബ്ലിക് പ്രൊക്യൂര്‍മെന്റ് പോളിസി

25 ശതമാനം പ്രൊക്യൂര്‍മെന്റ് എംഎസ്എംഇകളില്‍ നിന്ന് നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പബ്ലിക് പ്രൊക്യൂര്‍മെന്റ് പോളിസിയെ കുറിച്ച് സംരംഭകരില്‍ അവബോധം സൃഷ്ടിക്കാനുള്ള സെഷനും പരിശീലന പരിപാടിയിലുണ്ട്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി എങ്ങനെ ബിസിനസ് ചെയ്യാം? അവയുടെ വെണ്ടര്‍ ലിസ്റ്റില്‍ എങ്ങനെ കയറാം? അതിനുള്ള നടപടിക്രമങ്ങള്‍, ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസ് (GeM), ഒ എന്‍ ഡി സി എന്നിവയിലെ മാര്‍ക്കറ്റിംഗ് അവസരങ്ങള്‍, മറ്റ് ഇ കോമേഴ്‌സ് സൈറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍, എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ഏറ്റവും പുതുതായി ചെയ്തിരിക്കുന്ന കാര്യങ്ങള്‍, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കീഴിലായുള്ള പദ്ധതികള്‍ ഉപയോഗപ്പെടുത്തി വിജയം കൊയ്തവരുടെ കഥകള്‍. ZED സര്‍ട്ടിഫിക്കേഷന്‍ സ്‌കീം എന്നിവയെ കുറിച്ചെല്ലാം രണ്ടുദിവസത്തെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൗജന്യ പരിശീലന പരിപാടിയെ കുറിച്ചറിയാന്‍ എംഎസ്എംഇ - ഡിഎഫ്ഒ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 8330080536, 0487 2360536, 2360686, 2973636.

Tags:    

Similar News