വിജയകരമായൊരു ബിസിനസായി നിലനില്‍ക്കുക. ഇക്കാലത്തെ ഏതൊരു സംരംഭകനോട് ചോദിച്ചാലും പറയും; ഇതത്ര എളുപ്പമുള്ള കാര്യമല്ലെന്ന്. തുടര്‍ വിജയത്തോടെ, പ്രസക്തിയോടെ ബിസിനസ് നിലനില്‍ക്കാന്‍ ഇപ്പോള്‍ ഇരട്ടി കഠിനാധ്വാനം വേണം. കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത പോലെ, സാധാരണ നിലയില്‍ ബിസിനസ് നടത്തിക്കൊണ്ടുപോയതുകൊണ്ട് വലിയ കാര്യമില്ല.
നിങ്ങളുടെ ബിസിനസിന് ഇക്കാലത്തെ പ്രസക്തി എന്താണ് എന്നതാണ് ചോദ്യം. പ്രസക്തമായി നില്‍ക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ വെല്ലു
വിളിയും.
നിങ്ങള്‍ നോക്കൂ. നമ്മള്‍ കണ്ട് പരിചയമുള്ള എത്രയോ സിനിമാതാരങ്ങളുണ്ട് ഇവിടെ. 25ഉം 30ഉം വര്‍ഷമായി സിനിമയിലുള്ളവര്‍. അവര്‍ സ്ഥിരം ചെയ്തുവരുന്ന റോളുകളും അഭിനയവുമാണോ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. അല്ല. അവര്‍ ബോധപൂര്‍വ്വം വഴിമാറി നടക്കുന്നു. എന്തുകൊണ്ടാണത്? ഇക്കാലത്തില്‍ അവര്‍ക്ക് നിലനില്‍ക്കണം.
വിജയം മത്തുപിടിക്കുന്ന ഒന്നാണ്. ഇതിനൊരു പാര്‍ശ്വഫലമുണ്ട്. കൂടുതല്‍ വിജയങ്ങളിലേക്ക് പോകാനുള്ള അടങ്ങാത്ത വിശപ്പിനെ ഇത് ഇല്ലാതാക്കും. വിജയത്തിനുള്ള വിശപ്പില്ലാതെ വന്നാല്‍ വളര്‍ച്ച മുരടിക്കും.
ലീ കുന്‍ ഹീയുടെ ആ 200 പേജ്
സൗത്ത് കൊറിയന്‍ ബിസിനസ് പ്രതിഭയും സാംസഗിന്റെ ചെയര്‍മാനുമായ ലീ കുന്‍ ഹി (Lee kun hee) ഒരിക്കല്‍ അമേരിക്കയിലെത്തിയപ്പോള്‍ അവിടെ ഷോപ്പുകള്‍ സന്ദര്‍ശിച്ചു. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിരയില്‍ സോണിയും പാനസോണിക്കും ഷോപ്പുകളില്‍ രാജാവായി വിലസുമ്പോള്‍ സാംസംഗിന്റെ ഉല്‍പ്പന്നങ്ങള്‍ പിന്നിലെവിടെയോ പൊടിയടിഞ്ഞ് ആരും തിരിഞ്ഞുനോക്കാതെ ഇരിക്കുന്നതു കണ്ടു. ആ വിപണിയില്‍ സാംസംഗിന് പ്രസക്തിയില്ലെന്ന തിരിച്ച
റിവ് അദ്ദേഹത്തെ അസ്വസ്ഥനാക്കി.
തിരികെ കമ്പനി ആസ്ഥാനത്തെത്തിയ ലീ, സ്വന്തം ടീമിനെ വിളിച്ചുകൂട്ടി. ''നമ്മള്‍ അടിമുടി മാറണം. നിങ്ങളുടെ ഭാര്യയേയും കുട്ടികളേയും ഒഴികെ എല്ലാത്തിനെയും മാറ്റിയേ തീരൂ,'' ലീ പറഞ്ഞു. മൂന്നു ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊടുവില്‍ ലീ 200 പേജുള്ള ഒരു രേഖ എഴുതി തയ്യാറാക്കി. സാംസംഗിനെ മാറ്റി മറിച്ച ആധാരരേഖയായിരുന്നു അത്. അന്നു മുതല്‍ സാംസംഗ് മാറി. എല്ലാ വിപണിയിലും പ്രസക്തിയോടെ നിലനിന്ന് വിജയത്തിലേക്ക് കുതിച്ചു.
അപ്പോള്‍ നിങ്ങളുടെ ബിസിനസിനെ പ്രസക്തമാക്കാന്‍ എന്താണ് വഴി?
നിര്‍ണായകമായ ആറ് പ്രമാണങ്ങള്‍ ഇതിനായുണ്ട്.
1. കഴിഞ്ഞ കാലത്തെ കുറിച്ചുള്ള വികാരതീവ്രമായ ഓര്‍മകള്‍ ഉപേക്ഷിക്കുക.
2. ധൈര്യത്തെ പ്രോത്സാഹിപ്പിക്കുക. തോല്‍വിയെ പുണരാന്‍ സജ്ജ
മാകുക.
3. വഴി മാറി നടക്കുക.
4. സ്വന്തം ബിസിനസിനെ സ്വയം വിഴുങ്ങുക. നിങ്ങളുടെ ബിസിനസിന്
പുറത്തേക്ക് നിങ്ങളെ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവയെ കൈയൊഴിയുക.
5. നിങ്ങള്‍ നിങ്ങളുടെ ധാരണകളെ വെല്ലുവിളിക്കുക. പരിമിതികളെ നിരാകരിക്കുക.
6. വരുംകാല സാധ്യതകളെ കുറിച്ച് ചിന്തിക്കുക.
ഇനി ഇവയെന്താണെന്ന് വിശദീകരിക്കാം.
നൊസ്റ്റാള്‍ജിയ വേണ്ട, മുമ്പോട്ടു നോക്കാം
വിജയങ്ങളുടെ ഏറ്റവും വലിയ ശത്രു അല്ലെങ്കില്‍ തടസമെന്താണെന്നറിയാമോ? അത് മുന്‍കാലങ്ങളിലെ വിജയം തന്നെയാണ്. കഴിഞ്ഞ കാലത്തെ വന്‍ വിജയകരമായ പ്രസ്ഥാനം... ഇന്നത്തെ ഇടത്തരം, സാധാരണമായ സംരംഭം... നാളത്തെ പരിഹാസപാത്രം. ഇതാണ് പൊതുവേ സംഭവിക്കുന്നത്.
സുസ്ഥിരമായ വളര്‍ച്ചയ്ക്കുള്ള മറ്റൊരു വെല്ലുവിളി, സ്വന്തം അനുഭവ സമ്പത്തുതന്നെയാണ്. നിങ്ങളുടെ ബിസിനസിനെ കഴിഞ്ഞ കാലത്ത് വിജയത്തിലെത്തിച്ച ചില രീതിയുണ്ട്. അല്ലെങ്കില്‍ ശൈലിയുണ്ട്. ബിസിനസ് മോഡലുണ്ട്. നിങ്ങള്‍ക്ക് ഏറെ പരിചിതമായ ഒന്ന്. വിജയത്തിന് ആ മോഡല്‍ മാത്രമാണ് നല്ലതെന്ന് നിങ്ങള്‍ ധരിക്കും. മറ്റൊന്നും നിങ്ങള്‍ അറിയാന്‍ ശ്രമിക്കില്ല. സ്വന്തം ശരിയില്‍ വിശ്വസിക്കും. ഇതോടെ സംരംഭങ്ങളുടെ പ്രസക്തിയില്ലാതാകുകയും ചെയ്യും.
ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ വിഖ്യാത ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജാക്ക് വെല്‍ഷ് ഒരിക്കല്‍ സ്വന്തം കമ്പനിയിലെ, ടെക്‌നോളജി വിദഗ്ധനായ 21 കാരനെ മെന്ററാക്കി.
എന്താണ് ഭാവിയില്‍ വരുന്നത്? കാത്തിരിക്കുന്ന അവസരങ്ങളെന്തൊക്കെയാണ്? ബിഗ് ഡാറ്റ, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി... അങ്ങനെയങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ജാക്ക് വെല്‍ഷ് സ്വീകരിച്ച ഈ രീതിക്ക് പ്രസക്തിയുണ്ട്. കാരണം മാറ്റങ്ങളെ ഒപ്പിയെടുക്കുന്ന പുതുതലമുറ പ്രൊഫഷണലുകളാണ് വരും സാധ്യതകളെ മുന്‍കൂട്ടി കാണുക. അന്ന് ജാക്ക് വെല്‍ഷ് സ്വന്തം ടീമിലെ ലീഡര്‍മാരോട് ഇതേ വഴി പിന്തുടരാന്‍ ഉപദേശിക്കുകയും ചെയ്തു.
നൊസ്റ്റാള്‍ജിയ ഉപേക്ഷിച്ച് മുന്‍പോട്ടു നോക്കി കുതിക്കുകയാണ്
വേണ്ടത്. മാത്രമല്ല, യുവതലമുറയെ മെന്റര്‍ ചെയ്യാന്‍ ഇരുത്തം വന്ന പ്രമുഖര്‍ തയാറാകുന്നതു പോലെ യുവതലമുറയില്‍ നിന്ന് മെന്ററിംഗ് സ്വീകരിക്കാന്‍,
റിവേഴ്‌സ് മെന്ററിംഗിന് കൂടി തയ്യാറാകണം. മാത്രമല്ല, മിലേനിയലുകളില്‍ നിന്ന്, (അതായത് യുവാക്കളില്‍ നിന്ന്) മാര്‍ഗനിര്‍ദേശം തേടാന്‍ സജ്ജരാകണം.
ധൈര്യത്തെ പ്രോത്സാഹിപ്പിക്കുക, തോല്‍ക്കാന്‍ സജ്ജരാകുക
നിങ്ങളുടെ ബിസിനസില്‍, നിങ്ങളുടെ ടീമില്‍ നിങ്ങളേക്കാള്‍ സുന്ദരമായ ആശയങ്ങളുള്ളവരുണ്ടാകും. അവര്‍ക്ക് പുറത്തുപോയി ഒരു സംരംഭം തുടങ്ങി അതില്‍ സ്വന്തം ആശയം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണമെന്നില്ല. അതുകൊണ്ട് കൂടിയാകാം അവര്‍ നിങ്ങളുടെ ടീമില്‍ തുടരുന്നത്. ഇവരുടെ ഈ ആശയങ്ങള്‍ തുറന്നുപറയാനുള്ള സാഹചര്യം ഒരുക്കേണ്ടത് അനിവാര്യമാണ്. ഞാനതിനെ 'speak out culture' എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ജീവനക്കാരനും സ്വന്തം ആശയം വെളിപ്പെടുത്താനുള്ള ധൈര്യം കൊടുക്കുന്ന സംസ്‌കാരമാകണം ബിസിനസിലേത്. ഇത്തരത്തിലുള്ള പുതിയ ആശയങ്ങള്‍ ബിസിനസിനെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും.
ആമസോണില്‍ ഒരു ശൈലിയുണ്ട്. 'Yes initiative' എന്നാണത് അറിയപ്പെടുന്നത്. ആമസോണിലെ ഏത് ജീവനക്കാരനും സ്വന്തം ആശയം സ്വന്തം റിപ്പോര്‍ട്ടിംഗ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കാം. അത് മികച്ചതാണെങ്കില്‍ സ്വീകരിക്കണം. അതല്ല നിരസിക്കുന്നുവെങ്കില്‍ അതിന്റെ കാരണം ഏറ്റവും കുറഞ്ഞത് രണ്ട് പേജിലെങ്കിലും വിശദമായി കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കണം.
അടുത്ത ഘടകം, തോല്‍വിയെ പുല്‍കുക എന്നതാണ്. സിലിക്കണ്‍ വാലിയില്‍ ഒരു പ്രമാണമുണ്ട്. Fail Cheaper, Fail Fast, Fail Forward.
അതായത്, നവീന ആശയങ്ങള്‍ പരീക്ഷിച്ച് തോല്‍ക്കാന്‍ തയ്യാറാകുക. എന്നാല്‍ അതൊരിക്കലും കമ്പനിയുടെ നിലനില്‍പ്പിന്റെ ചെലവിലാകരുത്. തോല്‍വിയുടെ ഫലമായി കമ്പനിയുടെ വേരറ്റുപോകരുത്. തോല്‍വിക്ക് കൊടുക്കുന്ന വില കുറവായിരിക്കണം. മറ്റൊന്ന് പരാജയത്തിന്റെ കാലയളവ് ചുരുങ്ങിയതാകണം. പരാജയത്തിന്റെ പ്രഭാവം ദീര്‍ഘകാലം കമ്പനിയില്‍ നിഴല്‍ വീഴ്ത്തരുത്. അതുപോലെ പരാജയത്തില്‍ നിന്നുള്ള പാഠമുള്‍ക്കൊണ്ട് മുന്നോട്ടു
പോകണം.
ബിസിനസില്‍ ഒരു 'താന്തോന്നി'യാവുക
ഇതുവരെ ബിസിനസ് ചെയ്ത രീതിയില്‍ നിന്ന് ഒന്നു വഴിമാറി നടക്കാന്‍ ശ്രമിക്കണം. നമുക്ക് ചുറ്റിലുമുള്ള ബിസിനസ് മോഡലുകള്‍ മാറുകയാണ്. ഭക്ഷ്യസംസ്‌കരണ രംഗത്തുള്ള കമ്പനി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം അതിന്റെ ലോജിസ്റ്റിക്‌സിനും മുന്‍തൂക്കം നല്‍കുന്നുണ്ട്. കൃത്യമായി ഉപഭോക്താവിന്റെ അടുത്ത് ഉല്‍പ്പന്നം എത്തണമെങ്കില്‍ ലോജിസ്റ്റിക്‌സ് നോക്കിയേ മതിയാകൂ. അവിടെ അവരുടെ ബിസിനസ് മോഡല്‍ മാറി. ലോജിസ്റ്റിക്‌സിനും എന്ന പുതിയ മേഖല ഉദയം ചെയ്തു. ഞാന്‍ താമസിക്കുന്നത് ബാംഗ്ലൂരിലാണ്. വീട്ടില്‍ പച്ചക്കറി വാങ്ങുന്നത് മൊബീല്‍ ആപ്പിലൂടെയാണ്. ഓര്‍ഡര്‍ ചെയ്താല്‍ നമ്മുടെ ചുറ്റുവട്ടത്തുള്ള പച്ചക്കറി കൃഷിക്കാരനോ കച്ചവടക്കാരനോ അത് വീട്ടിലെത്തിക്കും. അതായത് ടെക്‌നോളജി ബിസിനസിനെ മാറ്റി മറിച്ചിരിക്കുന്നു. നിലവിലുള്ള ബിസിനസില്‍ പുതിയ മോഡലുകള്‍ വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇതുവരെ ചെയ്തിരുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ ചിലത് ചെയ്ത് നോക്കിയേ മതിയാകു.
നിങ്ങളുടെ ബിസിനസിനെ നിങ്ങള്‍ തന്നെ വിഴുങ്ങുക
ലോകമെമ്പാടും തരംഗം സൃഷ്ടിച്ച് ആപ്പിള്‍ ഫോണ്‍ കുതിച്ചു മുന്നേറുമ്പോള്‍ സ്റ്റീവ് ജോബ്‌സ് സ്വന്തം ടീമിനോട് പറഞ്ഞ കാര്യമുണ്ട്. നമ്മള്‍ ഇതിനെ വെല്ലുന്ന മറ്റൊന്ന് സൃഷ്ടിക്കണം. നമ്മുടെ ബിസിനസിനെ മറ്റാരെങ്കിലും വിഴുങ്ങും മുന്‍പ് നമ്മള്‍ തന്നെ വിഴുങ്ങണം. നിങ്ങളുടെ ഉപഭോക്താവിന് കൂടുതല്‍ മെച്ചപ്പെട്ട അനുഭവം നല്‍കാന്‍ ഇത് ചെയ്‌തേ മതിയാകു.
നിങ്ങളുടെ ബിസിനസില്‍ നിന്ന് നിങ്ങളെ വലിച്ച് പുറത്തെത്തിക്കണം. പുറമേ നിന്ന് സ്വന്തം ബിസിനസിനെ വീക്ഷിക്കണം. ബിസിനസിനുള്ളിലെ വിജയമാതൃകകളില്‍ സ്വസ്ഥമായി ഇരിക്കാന്‍ സുഖമാണ്. പക്ഷേ അത് ദീര്‍ഘകാലം തുടരാന്‍ അനുവദിച്ചാല്‍ സ്വന്തം ബിസിനസിന്റെ പ്രസക്തി പതുക്കെ ഇല്ലാതാകും.
ലോകത്തിലെ പ്രമുഖ എണ്ണയുല്‍പ്പാദക രാജ്യമാണ് സൗദി അറേബ്യ. അവര്‍ ഇപ്പോള്‍ സോളാര്‍ സാങ്കേതിക വിദ്യയില്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്. വരാനിരിക്കുന്ന കീഴ്‌മേല്‍ മറിക്കലുകളെ നേരിടാനുള്ള ഒരുക്കമാണവര്‍ നടത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ സേനയാണ് ചൈനയിലേത്. പക്ഷേ ഓട്ടോമേഷന്‍ രംഗത്ത് വന്‍ നിക്ഷേപം നടത്തുന്നു. ഈ രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നു. ഇവരൊക്കെ ദീര്‍ഘകാലം ദര്‍ശനം മുന്‍
നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ നമുക്ക് ഏറെ പ്രിയപ്പെട്ടവയെ പുല്‍കി കൊണ്ടിരുന്നാല്‍ സ്വയം ഇല്ലാതാകും.
നിങ്ങളുടെ ധാരണകളെ വെല്ലുവിളിക്കുക, പരിമിതികളെ നിരാകരിക്കുക
ഒരിക്കല്‍ ലോക പ്രശസ്ത ലാന്‍ഡ് ഫോണ്‍ നിര്‍മാതാക്കളായ അഠ&ഠ, ഭാവിയിലെ ലോകത്തെ മൊബീല്‍ ഫോണ്‍ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ മക്കിന്‍സിയെ ചുമതലപ്പെടുത്തി. അവര്‍ മൊബീല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വലിയ സാധ്യത കാണുന്നില്ലെന്ന വിധത്തില്‍ റിപ്പോര്‍ട്ടും നല്‍കി. കമ്പനി ആ രംഗത്തേക്ക് കടന്നുമില്ല. പക്ഷേ സംഭവിച്ചത് മറിച്ചാണ്. ലോകത്തെ പല പുതിയ സാങ്കേതിക വിദ്യകളും ബിസിനസ് മോഡലുകളും പച്ചപിടിക്കില്ലെന്ന മട്ടില്‍ പ്രമുഖ മാധ്യമങ്ങള്‍ തന്നെ നിരീക്ഷണം നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഇ കൊമേഴ്‌സും ഇന്റര്‍നെറ്റുമെല്ലാം. എന്നാല്‍ അതിനെയെല്ലാം നിരാകരിച്ച് അവയെല്ലാം വിപ്ലവം സൃഷ്ടിച്ചു.
നിങ്ങള്‍ നിങ്ങളുടെ ധാരണകളെ തന്നെ വെല്ലുവിളിക്കാന്‍ തയാറാകണം. അതി പ്രശസ്തരായ ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് വരെ തെറ്റുപറ്റുന്നുണ്ട്. ഏജന്‍സികള്‍ക്ക് പിഴവ് പറ്റുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ വിവരങ്ങളുടെ അതിപ്രസരമല്ല, മറിച്ച് അഭിപ്രായങ്ങളുടെ അതിപ്രസരമാണുള്ളത്. ഇത്തരം അഭി
പ്രായങ്ങളെ വെല്ലുവിളിക്കാനും സ്വന്തം പരിമിതികളെ നിരാകരിക്കാനും ശ്രമിക്കുക.
അടുത്തത് ഇനിയെന്താണ്?
എപ്പോഴും ഉള്ളില്‍ ഇനി വരുന്നതെന്താണ് എന്ന് ചോദിച്ചുകൊണ്ടിരിക്കുക. ഇപ്പോള്‍ ചെയ്യുന്നത് ചെയ്തുകൊണ്ടേയിരുന്നാല്‍ വലിയ കാര്യമില്ല. പുതിയ അവസരങ്ങളെന്താണ്, അതെങ്ങനെ മുതലാക്കാം എന്ന ചിന്ത അലോസരപ്പെടുത്തുക തന്നെ വേണം.
ഇങ്ങനെയൊരു മനോഭാവം വരാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. ഇന്നവേഷന്‍: ഇന്ന് ഏറെ കേള്‍ക്കുന്ന കാര്യമാണിത്. നിലവിലെ ഉപഭോക്താവിന് ഇപ്പോള്‍ നല്‍കുന്ന കാര്യങ്ങള്‍ എങ്ങനെ കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ മികച്ച രീതിയില്‍, കൂടുതല്‍ സൗഹാര്‍ദത്തോടെ നല്‍കാന്‍ സാധിക്കുമെന്ന് നിരന്തരം നോക്കുക. ഇവിടെ നിന്നാണ് ഇന്നവേഷന്‍ പിറവിയെടുക്കുന്നത്.
2. സ്വയമൊരു സ്റ്റാര്‍ട്ടപ്പായി മാറുക: ആമസോണ്‍ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ടോ, സ്റ്റാര്‍ട്ടപ്പ് കമ്പനിയെന്നാണ് അവര്‍ അവരെ പറയുന്നത്. പുതിയ ബിസിനസ് മോഡലുകള്‍ നിരന്തരം സൃഷ്ടിക്കപ്പെടാന്‍ കമ്പനികളില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വേണം. അതായത് വര്‍ഷങ്ങളുടെ പഴക്കമുള്ള, വിജയമാതൃകകള്‍ സൃഷ്ടിച്ച കമ്പനികള്‍ പോലും സ്റ്റാര്‍ട്ടപ്പായി മാറണം. വളര്‍ച്ചാപാതയിലൂടെ മുന്നേറുന്ന കമ്പനികളുടെ ലക്ഷണം തന്നെ അതാണ്.
3. വളര്‍ച്ചക്കായി സ്വയം പൊളിച്ചെഴുത്ത് നടത്തുക: സ്വന്തം ബിസിനസ് മോഡല്‍ പൊളിച്ചെഴുതണം. പഴയതിനെ പൊളിച്ചെറിഞ്ഞ് പുതിയതൊന്ന് സൃഷ്ടിക്കണം. പഴയ പ്രതിച്ഛായകള്‍ മാറ്റണം. അങ്ങനെ സ്വന്തം ബിസിനസിനെ അടിമുടി മാറ്റത്തിന് വിധേയമാക്കണം.