ലക്ഷ്യം നേടുന്നതിൽ നിന്ന് നിങ്ങളെ പിന്നോട്ടു വലിക്കുന്ന 7  കാര്യങ്ങൾ 

Update:2019-05-23 15:50 IST

പലരുടെയും സ്വപ്നങ്ങൾ സ്വപ്നങ്ങളായിത്തന്നെ ഇരിക്കുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. അവയെ എങ്ങനെ മറികടക്കാമെന്ന് ഐ.ഐ.എം കോഴിക്കോടിന്റെ കൊച്ചി കാംപസ് ചെയര്‍പേഴ്‌സണ്‍ ആയ ഡോ. പ്രിയ നായര്‍ വിശദീകരിക്കുന്നു.

ഒരു കുഞ്ഞ്‌ പിറന്നു വീഴുന്നത് അതിരുകളില്ലാത്ത ബുദ്ധിവൈഭവത്തോടു കൂടിയാണ്. പിന്നീട് എന്താണ് സംഭവിക്കുന്നത്? ആ കുഞ്ഞ്‌ വളരുമ്പോൾ ചുറ്റുമുള്ള ലോകത്തിൽ നിന്ന് നേടുന്ന അറിവുകളും കാഴ്ചപ്പാടുകളും അവളുടെ അല്ലെങ്കിൽ അവന്റെ ചുറ്റും ഒരു വേലി തീർക്കുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ വേലികൾ തകർത്തെറിയുക വളരെ കഠിനമാണ്.

സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്? കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക വിമൻ കോൺക്ലേവിൽ ഐ.ഐ.എം കോഴിക്കോടിന്റെ കൊച്ചി കാംപസ് ചെയര്‍പേഴ്‌സണ്‍ ആയ ഡോ. പ്രിയ നായര്‍ ഇതേക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നൽകിയിട്ടുണ്ട്.

പ്രിയയുടെ അഭിപ്രായത്തിൽ 7 കാര്യങ്ങളാണ് സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത്.

1. Anxiety and Fear of the Unknown

അറിയാൻ പാടില്ലാത്ത ഒന്നിനെക്കുറിച്ചുള്ള ആകുലതകളും ഭയവുമാണ് സ്ത്രീകളെ മുന്നോട്ട് പോകുന്നതിൽ നിന്ന് തടയുന്നത്. നാം സാധാരണ നമുക്ക് വളരെ പരിചിതമായ ചുറ്റുപാടുകളിൽ നിന്ന് വരുന്നവരെ മാത്രമേ സുഹൃത്തുക്കളായി സ്വീകരിക്കാറുള്ളൂ. കാരണം നമ്മുടെ ഉപബോധമനസിലുള്ള ഈ ഭയമാണ്. സുഹൃത്തുക്കളുടെ കാര്യത്തിൽ മാത്രമല്ല, കരിയർ തെരെഞ്ഞെടുക്കുന്നതിലും അപരിചതമായ ഒന്നിനെ സ്വീകരിക്കുന്നതിനുള്ള ഈ ആശങ്ക നമ്മെ വളരെ ആഴത്തിൽ സ്വാധീനിക്കുന്നു. പുതിയ മേഖലകളിലേക്ക് കടന്നു ചെല്ലാൻ ഇതൊരു ഒരു വിലങ്ങുതടിയായിരിക്കും.

2. Conformity

കൺഫോമിറ്റി, പച്ച മലയാളത്തിൽ പറഞ്ഞാൽ നാട്ടു നടപ്പ് അനുസരിക്കുക. മറ്റുള്ളവർ ചെയ്യുന്നതുപോലെ തന്നെ ചെയ്യാൻ സ്ത്രീകൾ പലപ്പോഴും നിർബന്ധിതരാകാറുണ്ട്. സത്യത്തിൽ നമ്മുടെ വ്യക്തിത്വത്തെ ബലിയർപ്പിക്കുകയാണ് ഇവിടെ നാം ചെയ്യുന്നതെന്ന് പ്രിയ പറയുന്നു. വളരെ ഇന്നവേറ്റീവ് ആയ ആശയങ്ങൾ പലതും പൊതുവേദിയിൽ അവതരിപ്പിക്കാൻ സ്ത്രീകൾ മടിക്കുന്നതും ഇതുകൊണ്ടാണ്.

3. Fear of Failure

പരാജയത്തെ ഭയമാണ് മിക്കവർക്കും. ആദ്യ പരിശ്രമത്തിൽ തന്നെ നിങ്ങൾ വിജയിച്ചിരിക്കണമെന്നാണ് ആരാണ് പറയുന്നത്? പ്രിയ ചോദിക്കുന്നു. "പരാജയപ്പെട്ടോട്ടെ. അതിനെ നേരിടണം. Face It."

4. Fear of Humiliation

ഇന്ത്യക്കാരുടെ ഇടയിൽ മാത്രം കണ്ടു വരുന്ന ഒന്നാണ് അപമാനിക്കപ്പെട്ടാലോ എന്ന ഭയം. ഒരു അഭിപ്രായം തുറന്നു പറയാനോ, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനോ ഈ ഭയം മൂലം സാധിക്കില്ല. "വളരെ വൈകി വാഹനം ഓടിക്കാൻ പഠിച്ച ഒരാളാണ് ഞാൻ," പ്രിയ പറയുന്നു. "മറ്റുള്ളവർ കളിയാക്കുമെന്ന് ഭയന്ന് മടിച്ചിരുന്നെങ്കിൽ ഡ്രൈവിംഗ് പഠിക്കാനോ ഒരു ജീപ്പ് സ്വന്തമാക്കാനോ കഴിയുമായിരുന്നില്ല എനിക്ക്," അവർ കൂട്ടിച്ചേർത്തു.

5. Resource Myopia

സ്വന്തം കൈപ്പിടിയിലുള്ള വിഭവ സമ്പത്തിനെ അല്ലെങ്കിൽ കഴിവുകളെ കാണാനുള്ള കഴിവില്ലായ്‍മയാണ് Resource Myopia. നിങ്ങളുടെ മത്സര ക്ഷമതയേയും കഴിവിനേയും വിലകുറച്ചു കാണുന്നത് മുന്നോട്ടുള്ള വളർച്ചയെ തടയും.

6. Rigidity in thought, speech & action

ചിന്തയിലും വാക്കിലും പ്രവൃത്തിയിലും കര്‍ക്കശമായ നിലപാട് പിന്തുടരുന്നവർക്ക് വിജയം കൈവരിക്കുക അത്ര എളുപ്പമായിരിക്കില്ല. പെരുമാറ്റം, അഭിപ്രായം എന്നിവയിൽ flexibility കൊണ്ടുവരണം.

7. Starved Sensitivities

നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയോടും ആളുകളോടും സെൻസിറ്റീവ് അല്ലാതിരിക്കുന്നത് നമ്മെ പിന്നോട്ട് വലിക്കുന്ന ഒന്നാണ്. ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണാനും അവയോട് പ്രതികരിക്കാനും നമ്മുടെ civilized ആയ മനസ് വിസമ്മതിക്കുന്നുവെങ്കിൽ നിങ്ങൾ ഒരു ചുവട് പിറകോട്ടാണ് വെക്കുന്നത്.

ഈ തടസ്സങ്ങളെ എങ്ങനെ unblock ചെയ്യാം.

  • ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ അല്പം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുക.
  • ഒരു പുതിയ ഹോബി കണ്ടെത്തുക. അതിൽ താല്പര്യം വളർത്തുക.
  • നമ്മുടെ ആശങ്കയുടെയും ഭയത്തിന്റേയും കാരണം കണ്ടെത്തുക.
  • ഒരു സംവിധായകന്റെ കണ്ണിലൂടെ കാര്യങ്ങൾ നോക്കിക്കാണാൻ പഠിക്കുക. നിങ്ങളുടെ 'കഥ' എങ്ങനെ ആവണമെന്നത് നിങ്ങൾ തന്നെ തീരുമാനിക്കുക.
  • പുതിയ പേര് തെരഞ്ഞെടുക്കുക. നാം ജനിക്കുമ്പോൾ ഏതു പേരിൽ അറിയപ്പെടണമെന്നത് തീരുമാനിക്കാൻ നമുക്ക് സാധിക്കില്ല. എന്നാൽ പേരിടാൻ സ്വയം ഒരു അവസരം കിട്ടിയാൽ എന്ത് പേരായിരിക്കും നാം സ്വീകരിക്കുക. അങ്ങനെയൊരു പേര് കണ്ടെത്തുകയും അതിന്റെ അർത്ഥം മുഴുവനായും ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോവുകയും ചെയ്യുക.

Similar News