ആലീസ് ജി വൈദ്യൻ ഫോർച്യൂൺ പട്ടികയിൽ 

Update:2018-09-29 16:49 IST

ഫോർച്യൂൺ മാസിക പുറത്തുവിട്ട ആഗോള ബിസിനസ് രംഗത്തെ കരുത്തരായ 50 വനിതകളുടെ പട്ടികയിൽ മലയാളിയായ ആലീസ് ജി വൈദ്യനും. ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ (ജി.ഐ.സി) ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ആലീസ്.

ഇന്ത്യയിൽ നിന്ന് ഇത്തവണ ഈ പട്ടികയിൽ ഇടം നേടിയ ഏക വനിതയാണ് ആലീസ്. 50 പേരുടെ പട്ടികയിൽ 47-ാം സ്ഥാനത്താണ് ആലീസ്.

2016 ജനുവരിയിലാണ് ആലീസ് ജി.ഐ.സി. യുടെ തലപ്പത്തെത്തിയത്. ചങ്ങനാശ്ശേരി എസ്.ബി. കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1983-ൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ ഡയറക്ട് റിക്രൂട്ട്‌മെന്റ് ഓഫീസറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.

ഫാർമ, എഫ്‌.എം.സി.ജി. രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഗ്ലാക്‌സോ സ്മിത്ത് ക്ലെയിൻ (GSK) സി.ഇ.ഒ. എമ്മ വാംസ്ലിയാണ് ഫോർച്യൂൺ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഏതിന്റെയെങ്കിലും ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലെത്തുന്ന ആദ്യവനിതയാണ് ആലീസ് ജി വൈദ്യന്‍. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ റിയുടെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്റ്ററാകുന്ന ആദ്യ വനിതാ ഓഫീസറുമാണ് അവര്‍.

ഇന്‍ഷുറന്‍സ്, റിഇന്‍ഷുറന്‍സ് മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ആലീസ് ജി വൈദ്യന്‍ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ഫെല്ലോ ആയും പ്രവര്‍ത്തിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയ അവര്‍ യുഎസ്എയിലെ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ പരിശീലനം നേടിയിട്ടുമുണ്ട്.

Similar News